മുംബൈ: നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ(എന്‍സിബി) സോണല്‍ മേധാവി സമീര്‍ വങ്കാഡെയ്ക്കെതിരെ ദിവസവും ചെളിവാരിയെറിയുന്ന എന്‍സിപി നേതാവും മന്ത്രിയുമായ നവാബ് മാലിക്കിനെതിരെ ആഞ്ഞടിച്ച് ബിജെപി. നവാബ് മാലിക്ക് പ്രവര്‍ത്തിക്കുന്നത് അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന് വേണ്ടിയാണെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വിറ്ററില്‍ പ്രതികരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി സമീര്‍ വാങ്കഡെയ്ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന മന്ത്രി നവാബ് മാലിക്കിനെതിരെ ഇതാദ്യമായാണ് ബിജെപി പരസ്യമായി പ്രതികരിക്കുന്നത്.
മരുമകന് മയക്കമരുന്ന് കേസില്‍ പിടിയിലായതിന് ശേഷമാണ് നവാബ് മാലിക്ക് എന്‍സിബിയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്ന് അമിത് മാളവ്യ പറഞ്ഞു. വ്യക്തിപരമായ പകപോക്കലിനാണ് അദ്ദേഹം മന്ത്രിസ്ഥാനം ഉപയോഗിക്കുന്നത്- അമിത് മാളവ്യ കുറ്റപ്പെടുത്തി.
നവാബ് മാലിക്കിന്റെ മരുമകന് സമീര്‍ ഖാനെ മയക്കമരുന്ന കേസില്‍ പിടികൂടിയത് എന്‍സിബിയാണ്. ഒമ്പത് മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് ജാമ്യം നല്‍കിയത്. ഇപ്പോള്‍ നവാബ് മാലിക്ക് തന്റെ മന്ത്രി സ്ഥാനം എന്‍സിബിയെയും സമീര്‍ വാങ്കഡെയെയും ആക്രമിക്കാന്‍ ഉപയോഗിക്കുകയാണ്- അമിത് മാളവ്യ ട്വീറ്റില്‍ പറഞ്ഞു.
സമീര്‍ വാങ്കഡെയ്ക്കെതിരായ നവാബ് മാലിക്കിന്റെ കേന്ദ്രീകൃത ആക്രമണം കാണിക്കുന്നത് ഇനി കേന്ദ്ര ഏജന്‍സികള്‍ക്ക് വേണ്ടി സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മഹാരാഷ്ട്രയില്‍ ജോലി ചെയ്യാന്‍ കഴിയില്ലെന്ന സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്ഗീയ കുറ്റപ്പെടുത്തി.
‘ദാവൂദ് ഇബ്രാഹിം നമ്മുടെ രാജ്യത്തല്ല. എന്നിട്ടും മഹാരാഷ്ട്ര സര്‍ക്കാരിലെ മന്ത്രിമാരുടെ മേലുള്ള അദ്ദേഹത്തിന്റെ സ്വാധീനം ഇപ്പോഴുമുണ്ട്,’- വിജയവര്‍ഗീയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: