കല്പറ്റ: പൊതു, സ്വകാര്യ ബസുകള്‍ വാതിലുകള്‍ അടക്കാതെ ഓടിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ്. സ്കൂള്‍ തുറക്കുന്ന പശ്ചാത്തലത്തിൽ ബസ്സുകളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഇടപെടലിനെ തുടര്‍ന്നാണ് ഐജി എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയത്.
വൈത്തിരി ബസ്സ്റ്റാന്റില് വാതില്‍ അടക്കാതിരുന്ന കെഎസ്ആര്‍ടിസി ബസില്‍നിന്ന് തെറിച്ചുവീണ് സ്ത്രീക്ക് പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഐജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ബസുകളുടെ ഓട്ടോമാറ്റിക് വാതിലുകള്‍ സാങ്കേതിക പിഴവില്ലാതെ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ.ദേവദാസ് സമര്‍പ്പിച്ച പരാതിയില്‍ കമീഷന് സംസ്ഥാന പോലീസ് മേധാവി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
വൈത്തിരിയില്‍ ബസില്‍നിന്ന് വള്ളി എന്ന സ്ത്രീ തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തില്‍ ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഐജി അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജില്ല പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബസുകളുടെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാതെയും സര്‍വിസ് നടത്തരുത്. സ്കൂള്‍ കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി പൊലീസ് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് എല്ലാ ജില്ല പോലീസ് മേധാവികള്‍ക്കും സര്‍ക്കുലര്‍ മുഖേന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്കൂള്‍ ബസ് ഡ്രൈവര്‍ക്ക് പത്തോ അതിലധികമോ വര്‍ഷം പ്രവൃത്തി പരിചയം നിര്‍ബന്ധമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഒരു അധ്യാപകനെ നോഡല്‍ ഓഫിസറായി നിയമിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കമീഷനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: