മലപ്പുറം: കൊണ്ടോട്ടി ബലാത്സംഗ ശ്രമക്കേസില്‍ അറസ്റ്റിലായ പതിനഞ്ചുകാരന്റെ സമൂഹ മാധ്യമ ഇടപെടല്‍ പോലീസ് വിശദമായി അന്വേഷിക്കും. പെണ്‍കുട്ടിയെ ഇത്രക്കും ക്രൂരമായി ആക്രമിക്കാന്‍ ബാലന് എങ്ങനെ കഴിഞ്ഞു എന്നാണ് പോലീസ് സംശയിക്കുന്നത്. വിദ്യാര്‍ത്ഥിക്ക് എവിടെ നിന്നെങ്കിലും സഹായമോ പ്രചോദനമോ കിട്ടിയിട്ടുണ്ടോയെന്ന് അന്വേഷിക്കും. കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ പോലീസിന് ബോധ്യപ്പെട്ടിട്ടുള്ളത്. അതിനാല്‍ പ്രേരണാ ഘടകങ്ങളെ കുറിച്ചാണ് അന്വേഷിക്കുന്നത്. വാട്സാപ്പ്, ഇന്റര്‍നെറ്റ് ഉപയോഗങ്ങളും വിശദമായി വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കും.
പോലീസ് അറസ്റ്റു ചെയ്ത പതിനഞ്ചുകാരനെ രണ്ടാഴ്ച്ചത്തേക്ക് റിമാന്റ് ചെയ്തു. മലപ്പുറം ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡാണ് വിദ്യാര്‍ത്ഥിയെ കോഴിക്കോട് ജുവനൈല്‍ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് റിമാന്റ് ചെയ്തത്. വൈദ്യ പരിശോധനക്കു ശേഷമാണ് ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കിയത്.
തിങ്കളാഴ്ച്ചയാണ് കൊണ്ടോട്ടി കോട്ടൂക്കരയില്‍ വച്ച് പതിനഞ്ചുകാരന് പെണ്‍കുട്ടിയെ റോഡില്‍ നിന്ന് ബലമായി പിടിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. പ്രത്യേക പൊലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പത്താം ക്ലാസുകാരനായ വിദ്യാര്‍ത്ഥി അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: