ഗുരുവായൂരപ്പന്റെ തന്ത്രിസ്ഥാനം കഴിഞ്ഞ ഏഴ് വര്‍ഷത്തിലേറെക്കാലമായി അലങ്കരിച്ച പുഴക്കര ചേന്നാസ് നാരായണന് നമ്പൂതിരിപ്പാട് ഇനി മരണമില്ലാത്ത ഓര്‍മ്മ മാത്രം. ഗുരുവായൂരപ്പന്റെ തന്ത്രി എന്ന നിലയില്‍ 2014 മാര്‍ച്ചില്‍ മേല്‍ശാന്തി നിയമനത്തിനുള്ള അഭിമുഖത്തിനായി ചെന്നപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. തുടര്‍ന്ന് അതേവര്‍ഷം സെപ്തംബറിലുള്ള അഭിമുഖത്തിലും നേരിട്ട് കണ്ടു. 2015 മാര്‍ച്ചില്‍ അഭിമുഖം നടന്നപ്പോഴും അതില്‍ പങ്കെടുത്തു. അതിനുശേഷം രണ്ടാം വട്ടം ഞാന്‍ മേല്‍ശാന്തിയായി. അദ്ദേഹം വേണ്ട ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും തന്നു.
വളരെ ശാന്തമായ, നേരിയ പുഞ്ചിരിയോടെ എന്നെ അനുഗ്രഹിച്ചതും, ആ പാദങ്ങളില്‍ വീണ് നമസ്കരിച്ചതും ധന്യതയോടെ ഓര്‍ക്കുന്നു. എന്റെ അച്ഛന് മൂര്‍ക്കന്നൂര്‍ കൃഷ്ണന് നമ്പൂതിരി നാല് തവണ മേല്‍ശാന്തിയായ കാലഘട്ടത്തില്‍, (1977 മുതല്‍ 1988 വരെ) നാരായണന് നമ്പൂതിരിപ്പാടിന്റെ അച്ഛന് ചേന്നാസ് പരമേശ്വരന് നമ്പൂതിരിയായിരുന്നു തന്ത്രി. എന്റെ അച്ഛന് പരമേശ്വരന് നമ്പൂതിരിയില്‍ നിന്നും, എന്റെ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ പുത്രനില്‍ നിന്നും ഉപദേശം സ്വീകരിക്കാനുള്ള ഭാഗ്യവും ഗുരുവായൂരപ്പന് തന്നു. വളരെ ഭംഗിയായി ആ ആറുമാസക്കാലം പൂര്‍ത്തിയാക്കി. അദ്ദേഹത്തിന്റെ അനുജനായ ചേന്നാസ് ഹരി നമ്പൂതിരിപ്പാടിന്റെയും, പുത്രനായ ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാടിന്റെയും സഹോദര പുത്രന്മാരായിരുന്ന സതീശന് നമ്പൂതിരിപ്പാടിന്റെയും ദിനേശന് നമ്പൂതിരിപ്പാടിന്റെയും ഒക്കെ ഉപദേശങ്ങള്‍ സ്വീകരിക്കുവാനുള്ള ഭാഗ്യം അക്കാലയളവില്‍ ഗുരുവായൂരപ്പന് തന്നു. ഈ കാലഘട്ടത്തില്‍ തന്നെയാണ് ദിനേശന് നമ്പൂതിരിപ്പാടിന്റെ മകന് കൃഷ്ണന് നമ്പൂതിരിപ്പാട് ഗുരുവായൂരപ്പന് പൂജയര്‍പ്പിക്കാന്‍ എത്തിയത്. ഭഗവാന്റെ കാരുണ്യം കൊണ്ട് അന്ന് ആ പൂജ കഴിഞ്ഞ് ശേഷം ഹരി നമ്പൂതിരിപ്പാട് എന്നോട് പറഞ്ഞു, അങ്ങ് ഇനിയും മേല്‍ശാന്തിയായി വരണം. ഗുരുവായൂരപ്പന് അങ്ങയെ ഇഷ്ടമാണ്. എന്റെ പൂജയുടെ പ്രത്യേകതകളെക്കുറിച്ചോ അല്ലെങ്കില്‍ എന്റെ ചന്ദനംചാര്‍ത്തിന്റെ പ്രത്യേകതകളെക്കുറിച്ചോ ഒന്നുമല്ല അദ്ദേഹം പറഞ്ഞത്. ഗുരുവായൂരപ്പന് അങ്ങയെ ഇഷ്ടമാണ് എന്നുള്ള വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. അത് ഹരി നമ്പൂതിരിപ്പാടിലൂടെ നാരായണന് നമ്പൂതിരിപ്പാട് പറഞ്ഞതായും ആ നാരായണന് നമ്പൂതിരിപ്പാടിലൂടെ ഗുരുവായൂരപ്പന് പറഞ്ഞതായും ഞാനിന്നും വിശ്വസിക്കുന്നു.
അന്ന് പൂജ സമര്‍പ്പിച്ച്, അത്താഴപ്പൂജ കഴിഞ്ഞ് ശീവേലി തൂവി തൃപ്പുകയും കഴിഞ്ഞ് ഗുരുവായൂരപ്പന്റെ മേല്‍ശാന്തി സ്ഥാനത്തിന്റെ അടയാളമായിട്ടുള്ള ശ്രീകോവിലിന്റെ താക്കോല്‍ പുതിയ മേല്‍ശാന്തിയെ ഏല്‍പ്പിച്ച ശേഷം ആദ്യമായി ഗുരുവായൂരപ്പന്റെ മേല്‍ശാന്തിക്ക് ദേവസ്വത്തിന്റെ വകയായി ചില ഉപഹാരങ്ങളും അതോടൊപ്പം ഒരു സാക്ഷ്യപത്രവും ലഭിച്ചു. അഹങ്കാര ലേശമില്ലാതെ അഭിമാനത്തോടുകൂടി ഞാന്‍ പറയും ആ സാക്ഷ്യപത്രം എനിക്ക് നല്‍കിയത് നമ്മെ വിട്ടുപിരിഞ്ഞ ആരാധ്യനായ നാരായണന് നമ്പൂതിരിപ്പാടാണെന്ന്. ഗുരുവായൂരപ്പന്റെ കൊടിമരച്ചുവട്ടില്‍വച്ച് അദ്ദേഹം സന്തോഷത്തോടുകൂടി എനിക്ക് ഈ സാക്ഷ്യപത്രം സമ്മാനിച്ചത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്. വളരെ ആഴത്തിലുള്ള, പരന്ന വായനാശീലമുള്ള, അക്ഷരങ്ങളെ സ്നേഹിച്ച അദ്ദേഹം അക്ഷരസ്വരൂപനായ ഭഗവാന്റെ പാദങ്ങളിലേക്ക് എത്തിച്ചേര്‍ന്നു. പിതൃസ്ഥാനീയനായ അദ്ദേഹത്തിന്റെ സ്നേഹ സ്മരണകള്‍ക്കുമുമ്പില്‍ ഈ അക്ഷരപ്പൂക്കള്‍ സമര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: