ന്യൂദല്‍ഹി:കള്ളപ്പണവും തീവ്രവാദത്തിനുള്ള ധനസഹായവും തടയുന്നത് മുഖ്യലക്ഷ്യമായുള്ള ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റില്‍ തന്നെ പാകിസ്ഥാന് തുടരുന്നതിന്റെ പ്രധാനകാരണം ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ക്ക് കാരണക്കാരായ തീവ്രവാദികളെ വിചാരണ ചെയ്യാത്തതാണെന്ന് വിശദീകരണം.
ഇന്ത്യയില്‍ വിവിധ കുറ്റങ്ങള്‍ ചെയ്ത ജെയ്ഷ് എ മുഹമ്മദിന്റെ(ജെഇഎം) മേധാവി മസൂദ് അസര്‍, ലഷ്കര്‍ ഇ ത്വയിബയുടെ(എല്‍ഇടി) നേതാവ് ഹഫീസ് സയിദ്, ദാവൂദ് ഇബ്രാഹിം, മറ്റനവധി പാകിസ്ഥാന് കേന്ദ്രമായുള്ള തീവ്രവാദസംഘങ്ങളുടെ നേതാക്കള്‍ എന്നിവരെ വിചാരണ ചെയ്യേണ്ടതുണ്ട്. പാകിസ്ഥാന് ഇതുവരെ ഇവര്‍ ഇന്ത്യയില്‍ ചെയ്ത കുറ്റങ്ങള്‍ക്ക് വിചാരണ ചെയ്യാന്‍ മടികാട്ടുകയാണ്.
2008ലെ മുംബൈയില്‍ നടത്തിയ 26/11 ന് നടത്തിയ തീവ്രവാദം, 1999ല്‍ എയറിന്ത്യയുടെ ഐസി -814 വിമാനം ഹൈജാക്ക് ചെയ്തത്, ജമ്മു കശ്മീരില്‍ നടത്തിയ നിരവധി ബോംബാക്രമണങ്ങള്‍ എന്നീ കുറ്റങ്ങള്‍ നടത്തിയ മേല്‍പ്പറഞ്ഞ തീവ്രവാദസംഘങ്ങളുടെ നേതാക്കളെ ഇനിയും വിചാരണ ചെയ്യാന്‍ പാകിസ്ഥാന് തയ്യാറല്ല. അതേ സമയം ഈ ഭീകരര്‍ പാകിസ്ഥാനില്‍ ചെയ്ത വിവിധ കുറ്റങ്ങളുടെ പേരില്‍ ഇവര്‍ക്ക് വിചാരണയ്ക്ക് ശേഷം ശിക്ഷ നല്‍കിയിട്ടുണ്ട്. എന്തായാലും ഐക്യരാഷ്ട്രസഭ തീവ്രവാദ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ഭീകരസംഘടനകളുടെ നേതാക്കള്‍ക്കെതിരെ അന്വേഷണവും വിചാരണയും ഫലപ്രദമായി നടന്നിട്ടില്ലെന്ന് എഫ്എടിഎഫ് പറയുന്നു. ഇത് പാകിസ്ഥാന്റെ തീവ്രവാദത്തിന്റെ പേരിലുള്ള വിശ്വാസ്യത ഇല്ലാതാക്കുകയാണ്.
ഗ്രേ ലിസ്റ്റില്‍ നിന്നും പുറത്ത് കടക്കാന്‍ വേണ്ടി എഫ്എടിഎഫ് നല്കിയ 34 ദൗത്യങ്ങളില്‍ 30 എണ്ണം മാത്രമാണ് പാകിസ്ഥാന് ചെയ്ത് തീര്‍ക്കാനായത്. ഇതില്‍ പ്രധാന ദൗത്യത്തിലാണ് പാകിസ്ഥാന് പാളിയത്. ഐക്യരാഷ്ട്രസഭ തീവ്രവാദ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ ഭീകരസംഘടനകളുടെയും നേതാക്കള്‍ക്കെതിരായ ഫലപ്രദമായ അന്വേഷണവും വിചാരണയും. അതില്‍ ഈ തീവ്രവാദസംഘടനകള്‍ ഇന്ത്യയില്‍ നടത്തിയ ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ അവയുടെ നേതാക്കള്‍ക്ക് നല്‍കേണ്ട തക്കതായ വിചാരണയും ശിക്ഷയും കൂടി ഉള്‍പ്പെടുന്നു.
2018 ജൂണിലാണ് പാകിസ്ഥാനെ എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതുവരെയും അത് അങ്ങിനെ തന്നെ തുടരുകയാണ്. ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ ഐഎംഎഫ്, ലോകബാങ്ക്, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്, യൂറോപ്യന്‍ യൂണിയന് എന്നിവയില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതില്‍ പാകിസ്ഥാന് വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. എഫ്എടിഎഫിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി പാലിക്കാത്ത പക്ഷം പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത നിലനിന്നിരുന്നു. എന്നാല്‍, ചൈന, തുര്‍ക്കി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തോടെ നിലവില്‍ പാകിസ്ഥാന് കരിമ്പട്ടികയില്‍ ഉള്‍പ്പെടുന്നതില്‍ നിന്ന് താത്ക്കാലികമായി രക്ഷ നേടിയിരിക്കുകയാണ്.
പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെങ്കിലും ഗ്രേലിസ്റ്റില്‍ നിന്നും മാറ്റാന്‍ സാധിക്കില്ലെന്നും എഫ്എടിഎഫ് പ്രസിഡന്റ് മാര്‍ക്കസ് പ്ലെയര്‍ പറഞ്ഞു.പാകിസ്ഥാന് പുറമെ തുര്‍ക്കി, ജോര്‍ദാന്‍, മാലി എന്നീ രാജ്യങ്ങളെയും ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: