ശാസ്താംകോട്ട: ശാസ്താംകോട്ട കെഎസ്ആര്‍ടിസി ഡിപ്പോയ്‌ക്കായി എടുത്ത സ്ഥലത്തേക്ക് മാര്‍ക്കറ്റ് മാറ്റാന്‍ തീരുമാനിച്ചതോടെ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കെഎസ്ആര്‍ടിസി ഡിപ്പോ ശാസ്താംകോട്ടയ്‌ക്ക് നഷ്ടമാകുന്നു. ഇതിനകം തന്നെ ഡിപ്പോ കെട്ടിട സമുച്ഛയങ്ങള്‍ വ്യക്തികള്‍ കൈയേറിക്കഴിഞ്ഞു. സ്റ്റാന്റിന്റെ പാര്‍ക്കിങ് ഗ്രൗണ്ടിനായി കോണ്‍ക്രീറ്റ് ചെയ്ത് നിരപ്പാക്കിയ സ്ഥലം കരാറുകാര്‍ കൈയേറി മെറ്റലും നിര്‍മാണ സാമഗ്രികളും ഇറക്കിയിരിക്കുന്നു. ശേഷിച്ച സ്ഥലം സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ് ഗ്രൗണ്ടുമായി. ഡിപ്പോക്കായി ടൗണിന് വടക്ക് മണ്ണെണ്ണ മുക്കിന് സമീപം നിര്‍മിച്ച ഗ്യാര്യേജും വര്‍ക്ക്‌ഷോപ്പ് കെട്ടിടവും ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ചണ്ടി ഡിപ്പോ ആക്കിയിരിക്കുകയാണ്.
പഞ്ചായത്തിലെ ഹരിത കര്‍മസേന സ്വരൂപിക്കുന്ന പ്ലാസ്റ്റിക്കും മാലിന്യങ്ങളും കൂടാതെ മറ്റ് ദുര്‍ഗന്ധപൂരിതമായ മാലിന്യകൂമ്പാരവും ഇവിടെയാണ് കൂട്ടിയിട്ടിരിക്കുന്നത്. തെരുവ് നായ്‌ക്കളുടെ ശല്യവും രൂക്ഷമാണ്. അസഹനീയമായ ദുര്‍ഗന്ധമാണ് ഇപ്പോള്‍ ഇവിടെ നിന്നും വമിക്കുന്നത്. സമീപവാസികളായ പതിനഞ്ചോളം കുടുംബങ്ങളുടെ താമസം പോലും ബുദ്ധിമുട്ടായിരിക്കുന്നു. ദുര്‍ഗന്ധത്തിനൊപ്പം പകര്‍ച്ചവ്യാധിക്കും കാരണമായേക്കാവുന്ന തരത്തില്‍ ആരോഗ്യ പ്രശ്‌നം ഉണ്ടാക്കുന്ന മാരകമാലിന്യത്തിന്റെ ഭീതിയിലാണ് പ്രദേശവാസികളും വഴിയാത്രക്കാരും. 2014 ഫെബ്രുവരി 27നാണ് അന്ന് ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗ്യാര്യേജ് ഉദ്ഘാടനം ചെയ്തത്. ശാസ്താംകോട്ടയിലെ കെഎസ്ആര്‍ടിസി ഡിപ്പോയ്‌ക്ക് ഗ്യാര്യേജില്ലങ്കില്‍ ഓപ്പറേഷന്‍ സെന്ററായി തരം താഴ്‌ത്തേണ്ടി വരുമെന്ന കോര്‍പ്പറേഷന്റെ ഭീഷണിയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ഗ്യാര്യേജ് നിര്‍മിക്കാന്‍ ഇടയായത്.
ശാസ്താംകോട്ട ഭരണിക്കാവ് റോസില്‍ മണ്ണെണ്ണ മുക്കിന് താഴെ ഒരേക്കര്‍ സ്ഥലം ഇതിനായി വ്യക്തികളില്‍ നിന്നും വിലക്കു വാങ്ങി. എണ്‍പത് ലക്ഷം രൂപയാണ് ഇതിന് ചെലവായത്. കുന്നത്തുര്‍ താലൂക്കിലെ ആറ് പഞ്ചായത്തുകളാണ് ഈ തുക നല്‍കിയത്. പിന്നീട് എംഎല്‍എ ഫണ്ടായ ഒന്നേകാല്‍ കോടി രൂപ ചെലവഴിച്ച് ഒരേക്കര്‍ സ്ഥലം കോണ്‍ക്രീറ്റ് ചെയ്ത് അധുനിക സൗകര്യങ്ങളുള്ള ഗാര്യേജും വര്‍ക്ക്‌ഷോപ്പും നിര്‍മിച്ചു. നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനം നടത്തി കാലങ്ങള്‍ കഴിഞ്ഞിട്ടും ഡിപ്പോയും ഗാര്യേങ്ങും പ്രവര്‍ത്തനക്ഷമമായില്ല. നിലവിലുണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി. ഒടുവില്‍ ഡിപ്പോ നിര്‍ത്തലാക്കി. ശാസ്താംകോട്ട ടൗണിന്റെ ഹൃദയഭാഗത്ത് മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഒരേക്കറോളം വരുന്ന റവന്യൂ ഭൂമിയാണ് ഡിപ്പോയ്‌ക്കായി ഏറ്റെടുത്തത്. വ്യാപാരികള്‍ സ്വരൂപിച്ച അഞ്ചു ലക്ഷം രൂപ ഉപയോഗിച്ചാണ് ഓഫീസ് നിര്‍മിച്ചത്. നഷ്ടത്തിലാണെ കാരണം പറഞ്ഞാണ് ഡിപ്പോ കോര്‍പറേഷന്‍ റദ്ദാക്കിയത്. കഴിഞ്ഞദിവസം കെ. സോമപ്രസാദ് എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി മാര്‍ക്കറ്റും മാര്‍ക്കറ്റിനായി കെഎസ്ആര്‍ടിസി ഡിപ്പോയ്‌ക്കായി മാറ്റിവച്ച സ്ഥലവും ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: