ചാംപ്യന്‍സ് ഒരു സാങ്കേതിക വേദിയാണ്. champions.gov.in എന്ന വെബ്സൈറ്റ് മുഖേന വിവിധ വിഭാഗങ്ങളെ സംയോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഒരു കേന്ദ്ര കണ്ട്രോള് റൂമും 66 സംസ്ഥാന കണ്ട്രോള് റൂമുകളും സജ്ജമാണ്. കേന്ദ്രീകൃതമായ നിയന്ത്രണ സംവിധാനവും വിവരശേഖരണ-വിതരണ ശൃംഖലയും സമ്മിശ്രപ്പെടുത്തിയാണ് ചാംപ്യന്‍സ് വാര്‍ത്തെടുത്തിട്ടുള്ളത്
‘നിങ്ങളെ വലിയതാക്കുവാന് ഞങ്ങളുടെ എളിയ കാര്യങ്ങള്‍’ എന്ന മുദ്രാവാക്യത്തോടെ കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തം മന്ത്രാലയം രൂപകല്‍പ്പന ചെയ്ത ഏകജാലകസംവിധാനമാണ് ‘ചാംപ്യന്‍സ്’ എന്ന് ചുരുക്കപ്പേരുള്ള ‘ക്രിയേഷന് ആന്‍ഡ് ഹാര്‍മോണിയസ് ആപ്ലിക്കേഷന്‍ ഓഫ് മോഡേണ്‍ പ്രോസസ്സെസ് ഫോര്‍ ഇന്‍ക്രീസിംഗ് ദി ഔട്ട്പുട്ട് ആന്‍ഡ് നാഷണല്‍ സ്ട്രെങ്ത്’. ചെറിയ എംഎസ്എംഇ യൂണിറ്റുകളെ കൈപിടിച്ചും സഹായിച്ചും പ്രശ്നങ്ങളും പരാതികളും പരിഹരിച്ചും അവയെ വലിയ സംരംഭങ്ങളാക്കി മാറ്റുക എന്നതാണ് ചാംപ്യന്‍സിന്റെ അടിസ്ഥാനലക്ഷ്യം.
ധനസമാഹരണം, വിഭവസമാഹരണം, തൊഴിലാളികളുടെ ലഭ്യത, വിവിധ അനുമതികള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ സംരംഭകന് സഹായകരമായി വര്‍ത്തിക്കുക, ഉല്‍പ്പാദന, സേവന മേഖലകളില്‍ പുതിയ അവസരങ്ങള്‍ കണ്ടെത്തിപ്പിടിക്കുവാന് സംരംഭങ്ങളെ സഹായിക്കുക, വര്‍ത്തമാനകാലത്തെ അതിജീവിച്ച് നാളെ ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും വിജയികളാകുവാന്‍ തക്ക സ്ഫുലിംഗം ഉള്ളിലേറുന്ന എംഎസ്എംഇ യൂണിറ്റുകളെ കണ്ടെത്തുക എന്നിവ ഒക്കെയാണ് ചാംപ്യന്‍സിന്റെ മൂന്ന് അടിസ്ഥാന ഉദ്ദേശ്യങ്ങള്‍.
ചാംപ്യന്‍സ് ഒരു സാങ്കേതിക വേദിയാണ്. champions.gov.in എന്ന വെബ്സൈറ്റ് മുഖേന വിവിധ വിഭാഗങ്ങളെ സംയോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഒരു കേന്ദ്ര കണ്ട്രോള് റൂമും 66 സംസ്ഥാന കണ്ട്രോള് റൂമുകളും സജ്ജമാണ്. കേന്ദ്രീകൃതമായ നിയന്ത്രണ സംവിധാനവും വിവരശേഖരണ-വിതരണ ശൃംഖലയും സമ്മിശ്രപ്പെടുത്തിയാണ് ചാംപ്യന്‍സ് വാര്‍ത്തെടുത്തിട്ടുള്ളത്.
ചാംപ്യന്‍സ് സേവനങ്ങളെ പൊതുവില്‍ അഞ്ചായി തരംതിരിക്കാം.
ഒന്ന്: വിവരങ്ങളിലേക്കുള്ള വാതായനം. സര്‍ക്കാരിന്റെ വിവിധ നയരേഖകള്‍, എംഎസ്എംഇ യൂണിറ്റുകള്‍ക്കുള്ള പദ്ധതികള്‍, കോവിഡ് ബാധിത യൂണിറ്റുകള്‍ക്കുള്ള സഹായങ്ങള്‍ അടക്കമുള്ള ആശ്വാസപദ്ധതികള്‍, പ്രത്യേക ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം ഒരു കുടക്കീഴില് സമഞ്ജസിപ്പിച്ചിരിക്കുന്നു.
രണ്ട്: പരാതി / നിര്‍ദേശ / അന്വേഷണ കിളിവാതില്‍. കേന്ദ്ര സര്‍ക്കാരിന്റെ പരാതി പരിഹാര ജാലകമായ സെന്‍ട്രല്‍ പബ്ലിക് ഗ്രീവന്‍സ് റിഡ്രസ്സല്‍ ആന്‍ഡ് മോണിറ്ററിംഗ് സിസ്റ്റം, എംഎസ്എംഇ മന്ത്രാലയത്തിന്റെ വിവിധ വെബ്ബ് അധിഷ്ഠിത പരാതിപരിഹാരസംവിധാനങ്ങള് എന്നിവയുമായി തത്സമയം സംവേദനസജ്ജമായ ഒരു പരാതി / നിര്‍ദ്ദേശ / അന്വേഷണ കിളിവാതില്‍ ചാംപ്യന്‍സില്‍ തയ്യാറുണ്ട്.
മൂന്ന്: ട്രാക്കിംഗ് വഴിച്ചാല്. ചാംപ്യന്‍സില്‍ നല്കിയ സങ്കടങ്ങള്‍, വിവരങ്ങള്‍, ചോദ്യങ്ങള്‍ എന്നിവയുടെ തല്‍സ്ഥിതി മനസിലാക്കുവാനുള്ള ട്രാക്കിങ് നടപ്പാത ലഭ്യമാണ്.
നാല്: ആശയവിനിമയ ഗോവണി. നമുക്ക് മനസ്സില്‍ വരുന്ന നൂതനമായ ആശയങ്ങള്‍ ഫലപ്രാപ്തിക്കായി മറ്റുള്ളവരുടെ മുന്നില്‍ വയ്ക്കുവാനും മറ്റുള്ളവര്‍ രൂപപ്പെടുത്തുന്ന പുത്തന്‍ ചിന്തകളെ സ്വായത്തമാക്കുവാനുമുള്ള സംവിധാനം-നവീനാശയങ്ങള്‍ കൊടുക്കാനും എടുക്കാനുമുള്ള ഗ്യാലറി ചാംപ്യന്‍സില്‍ സജ്ജമാണ്.
അഞ്ച്: നിരീക്ഷണ ഗോപുരങ്ങള്‍. മുന്‍പറഞ്ഞ പോലെ, രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 67 കണ്ട്രോള് റൂമുകള്‍, ഓരോ ബാങ്കിന്റെയും നോഡല്‍ ഓഫിസര്‍മാര്‍ (അന്‍പത്തിയെട്ട് പേര്), മന്ത്രാലയ / വകുപ്പുതല അധികാരികള്‍ (ഇരുപത്തിയൊന്ന്), സംസ്ഥാന / കേന്ദ്രഭരണപ്രദേശ ഉദ്യോഗസ്ഥന്മാര് (മുപ്പത്തിയൊന്ന്), കേന്ദ്ര പൊതുമേഖലാസ്ഥാപന ഉദ്യോഗസ്ഥര്‍ (52) എന്നിവര്‍ ചാംപ്യന്‍സില്‍ ലഭിക്കുന്ന പരാതികളും നിര്‍ദേശങ്ങളും അന്വേഷണങ്ങളും സമയാസമയങ്ങളില്‍ നിരീക്ഷിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നു.
എംഎസ്എംഇ യൂണിറ്റിനുള്ള ഉദ്യം രജിസ്ട്രേഷന്, തുടക്കക്കാര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, തുടക്കാര്‍ക്കുള്ള പദ്ധതികള്‍, നിലവിലുള്ള പദ്ധതികളുടെ വിവരങ്ങള്‍, പുതിയ പദ്ധതികള്‍, എംഎസ്എംഇകള്‍ക്കുള്ള എല്ലാത്തരം വായ്പാപദ്ധതികള്ക്കും സബ്സിഡി/ഗ്രാന്റ് തുടങ്ങിയവയ്ക്കും അപേക്ഷിക്കുവാനുള്ള ലിങ്കുകള്‍, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചോദിക്കുക, ആശയങ്ങള്‍ പങ്കുവയ്ക്കുക, പരാതികള്‍ പറയുക, ട്രാക്ക് ചെയ്യുക എന്നിവയ്ക്കുള്ള മാര്‍ഗങ്ങള്‍, പദ്ധതികള്‍, നിയമങ്ങള്‍, ചട്ടങ്ങള്‍ തുടങ്ങി ഇരുപത്തിയൊന്ന് പ്രധാനപ്രവേശനമാര്ഗ്ഗങ്ങള് champions.gov.in/MinistryMSME/single_window_system/problems_complaints_grievances.htm എന്ന ലിങ്കില്‍ ലഭ്യമാണ്. കൂടാതെ, പണം തരാനുള്ളവര്‍ വൈകിപ്പിക്കുമ്പോള്‍ സമീപിക്കുവാനുള്ള എംഎസ്എംഇ സമാധാന് തുടങ്ങിയ അനുബന്ധ വെബ്സൈറ്റുകളിലേയ്ക്കും ചാംപ്യന്‍സില്‍ ലിങ്ക് നിര്‍മ്മിച്ചിട്ടുണ്ട്.
എംഎസ്എംഇ ഇക്കോസിസ്റ്റത്തിന് വേണ്ടി ഇത്രയും സമഗ്രമായ ഒരു ഏകജാലക സംവിധാനം തയ്യാറാക്കിയ സൂക്ഷ്മ-ചെറുകിട-ഇടത്തരം മന്ത്രാലയം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.
പി ഡി ശങ്കരനാരായണന്
ഹരിയാനയിലെ ഗുരുഗ്രാമില്‍ സ്റ്റേറ്റ് ബാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രെഡിറ്റ് ആന്‍ഡ് റിസ്ക് മാനേജ്മെന്റിലെ ഫാക്കല്‍റ്റി ബോര്‍ഡ് അംഗമാണ് ലേഖകന്‍. ഉള്ളടക്കം വ്യക്തിപരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: