രാജ്യത്തെ സമ്പദ് വ്യവസ്ഥ വീണ്ടും ഉണരുകയാണ്. ഈ സാഹചര്യത്തില്‍ നന്നായി പഠനം നടത്തി വേണം ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍
കാനറ ബാങ്ക്
ഇന്ത്യയിലെ ദേശസാല്‍ക്കൃത ബാങ്കുകളില്‍ വലുപ്പം കൊണ്ട് മൂന്നാം സ്ഥാനത്താണ് കാനറ ബാങ്ക്. 1906ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബാങ്കിംഗ് സ്ഥാപനമാണ് കാനറ. വിപണി മൂല്യം ഏകദേശം 28246.01 കോടി രൂപ വരും. 2021 ജൂണ്‍ മാസത്തില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ കാനറ ബാങ്ക്, ഏകീകരിച്ച മൊത്തം വരുമാനമായി നേടിയത് 23288.74 കോടി രൂപയാണ്. 1234.53 കോടി രൂപയാണ് നികുതിക്ക് ശേഷമുള്ള അറ്റാദായം. 8.9 ശതമാനമാണ് ജിഎന്‍പിഎ അനുപാതം. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുന്നത് ബാങ്കിന് ഗുണം ചെയ്യും.
ഹീറോ മോട്ടോകോര്‍പ്പ്
ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഹീറോ മോട്ടോകോര്‍പ്പ്. ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ 50 ശതമാനം വിപണി വിഹിതം ഹീറോ മോട്ടോകോര്‍പ്പിനുണ്ട്. കമ്പനിക്ക് ആകെയുള്ളത് ഏഴ് ഉല്‍പ്പാദന കേന്ദ്രങ്ങളാണ്, അഞ്ചെണ്ണം ഇന്ത്യയിലും ഒരോന്നു വീതം കൊളംബിയയിലും ബംഗ്ലാദേശിലും. ഇരുചക്രവാഹനങ്ങളുടെ കാര്യത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനി രേഖപ്പെടുത്തുന്നത് 80 ശതമാനത്തിലധികം വരുമാന വളര്‍ച്ചയാണ്. 1984ല്‍ പ്രവര്‍ത്തനമാരംഭിച്ച വാഹന കമ്പനിയാണ് ഹീറോ മോട്ടോകോര്‍പ്പ്. വിപണി മൂല്യം 55178.97 കോടി രൂപയാണ്. അവസാന പാദത്തില്‍ കമ്പനി നേടിയ അറ്റാദായം 392.01 കോടി രൂപയാണ്.
വണ്ടര്‍ലാ ഹോളിഡേയ്സ് ലിമിറ്റഡ്
ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച്, അമ്യൂസ്മെന്റ് പാര്‍ക്ക് വ്യവസായത്തില്‍ ഫോക്കസ് ചെയ്യുന്ന കമ്പനിയാണ് വണ്ടര്‍ലാ ഹോളിഡേയ്സ് പ്രൈവറ്റ് ലിമിറ്റഡ്. കൊച്ചി, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് കമ്പനിയുടെ പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ബ്യൂറേ വെരിറ്റാസ് ഇന്ത്യയുടെ ഒവി-സെയ്ഫ് സര്ട്ടിഫിക്കേഷന് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ തീം പാര്‍ക്കാണ് വണ്ടര്‍ലാ ഹോളിഡേയ്സ്. കോവിഡ് മഹാമാരി, പാര്‍ക്കുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതിനാല്‍ പ്രവര്‍ത്തന ചെലവില്‍ കമ്പനി ഗണ്യമായ കുറവ് വരുത്തിയിരുന്നു.
3.3 കോടി രൂപയിലേക്കാണ് ഇത് കുറച്ചത്. ആഴ്ച്ചയില്‍ നാല് ദിവസം പ്രവര്‍ത്തനം നടത്താനുള്ള തലത്തിലേക്കെത്തിയാല്‍ പ്രവര്‍ത്തന ചെലവ് പ്രതിമാസം 9-10 കോടി രൂപയിലേക്ക് ഉയരാനാണ് സാധ്യത. മാസം മുഴുവനും പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചാല്‍ ഇത് 14-15 കോടി രൂപയിലേക്ക് ഉയര്‍ന്നേക്കും. 2022 സാമ്പത്തിക വര്‍ഷത്തെ ആദ്യപാദഫലങ്ങളെ കോവിഡ് മഹാമാരി സാരമായി ബാധിച്ചിരുന്നു. 4.4 കോടി രൂപയായിരുന്നു വരുമാനം, നഷ്ടം 13.3 കോടി രൂപയും. കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് എത്തുന്നതനുസരിച്ച് മികച്ച വളര്‍ച്ചാസാധ്യതയുള്ള ഓഹരിയാണിത്.
സിംഫണി ലിമിറ്റഡ്
ഗാര്‍ഹിക, വാണിജ്യ, വ്യാവസായിക എയര്‍ കൂളറുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് സിംഫണി ലിമിറ്റഡ്. നിരവധി സബ്സിഡിയറികളും സ്ഥാപനത്തിനുണ്ട്. ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര വിപണികളിലും സിംഫണി എയര്‍ കൂളറുകള്‍ വില്‍ക്കുന്നുണ്ട്. കമ്പനിയുടെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് നടക്കുന്നത്.
2021ലെ നാലാം പാദത്തില്‍ സിംഫണിയുടെ ഓസ്ട്രേലിയന്‍ സബ്സിഡിയറിയായ ക്ലൈമറ്റ് ടെക്നോളജീസ് വലിയ വളര്‍ച്ച നേടി. ചൈനയില്‍ നിന്നുള്ള വരുമാനവും വര്‍ധിച്ചു. അതേസമയം മെക്സിക്കോയിലെ വില്‍പ്പന കോവിഡ് മഹാമാരിയെ തുടര്‍ന്ന് ബാധിക്കപ്പെട്ടു. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ അപ്ലയന്‍സസ് ഇന്‍ഡസ്ട്രിയില്‍ ഇപ്പോള്‍ നടക്കുന്ന ഏകീകരണങ്ങള്‍ സിംഫണിക്ക് ഗുണം ചെയ്തേക്കും.
ആദിത്യ ബിര്‍ള ഫാഷന്‍ & റീറ്റെയ്ല്‍
സമ്പദ് വ്യവസ്ഥ അണ്‍ലോക്ക് ചെയ്തുവരുന്നതനുസരിച്ച് ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീറ്റെയ്ലിന്റെ പ്രകടനവും മെച്ചപ്പെട്ടുവരുന്നുണ്ട്. ജൂലൈ മാസത്തിലെ വില്‍പ്പന കോവിഡിന് മുമ്പുള്ള അവസ്ഥയുടെ 75 ശതമാനത്തിലേക്കെത്തിയിട്ടുണ്ട്.
കമ്പനിയുടെ ലൈഫ്സ്റ്റൈല്‍ ബിസിനസുകളുടെ വളര്‍ച്ച ഉന്നമിട്ട് 400ലധികം പുതിയ സ്റ്റോറുകളാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിയിട്ടിരിക്കുന്നത്. പാന്റലൂണ്സിനായി 60 പുതിയ സ്റ്റോറുകളും തുറക്കും. ഇന്നര്‍വെയര്‍ ബിസിനസുകളില്‍ നിന്ന് മാത്രമുള്ള വിറ്റുവരവ് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 1,000 കോടി രൂപയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.
എന്‍ ഭുവനേന്ദ്രന്
അഹല്യ ഫിന്‍ഫോറെക്സിന്റെ മാനേജിംഗ് ഡയറക്റ്ററാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: