ന്യൂദല്‍ഹി: ബീഹാറില്‍ മഹാഗഡ്ബന്ധന് സഖ്യത്തിലെ മുഖ്യകക്ഷികളായ ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസും തമ്മില്‍ പോര്. ഇനി കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനുമില്ലെന്ന് ജാമ്യം കിട്ടി ആറ് മാസത്തിന് ശേഷം ബീഹാറിലെ പാറ്റ്നയിലേക്ക് മടങ്ങുന്ന ലാലു പ്രസാദ് യാദവ് വ്യക്തമാക്കി. ഒക്ടോബര്‍ 30ന് ഉപതെരഞ്ഞെടുപ്പ് വരുന്നതിന് മുന്നോടിയായാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള പോര് പുറത്ത് വന്നിരിക്കുന്നത്.
ബീഹാറിലെ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മോശമായ പ്രകടനമാണ് ആര്‍ജെഡിയെ ചൊടിപ്പിച്ചിരിക്കുന്നത്. ബിജെപിയും നിതീഷ് കുമാറിന്റെ ജെഡി(യു)യും ചേര്‍ന്നുള്ള സഖ്യം തുടര്‍ഭരണം പിടിച്ചത് പിന്നില്‍ കോണ്‍ഗ്രസിന്റെ മോശം പ്രകടനമാണെന്ന വിലയിരുത്തല്‍ ആര്ജെഡിയ്ക്കുള്ളില് കുറച്ചുനാളുകളായി നിറിപ്പുകഞ്ഞുകൊണ്ടിരിക്കുകയാണ്. അതാണിപ്പോള്‍ ലാലുപ്രസാദിന്റെ വാക്കുകളിലൂടെ പൊട്ടിത്തെറിയായി പുറത്തുവരുന്നത്. തോല്ക്കാന് വേണ്ടി മാത്രമായി കോണ്‍ഗ്രസിന് സീറ്റു വിട്ടുകൊടുക്കാന്‍ പറ്റില്ലെന്നാണ് ലാലു പ്രസാദ് യാദവ് തുറന്നടിക്കുന്നത്. 2024ല്‍ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബീഹാറിലെ 40 സീറ്റുകളിലും സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസും.
ഒക്ടോബര്‍ 30ന് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തനിയെ മത്സരിക്കുമെന്ന് ബീഹാറിലെ കോണ്‍ഗ്രസ് ചുമതലയുള്ള ഭക്ത് ചരണ്‍ ദാസ് പറഞ്ഞു. പ്രാദേശിക പാര്‍ട്ടികളെ ആശ്രയിക്കാതെ കോണ്‍ഗ്രസ് ബീഹാറില്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വരും പ്രസ്താവിച്ചിരുന്നു. അതേ സമയം ഇനിയും കോണ്‍ഗ്രസുമായുള്ള ബന്ധം ആര്‍ജെഡി എംപി മനോജ് ജാ പൂര്‍ണ്ണമായും തള്ളിക്കളയാന്‍ തയ്യാറല്ല. ‘എല്ലാവരും സോണിയാഗാന്ധിയ്ക്ക് എതിരെ നിലകൊണ്ടപ്പോള്‍ അവരെ പിന്തുണയ്ക്കാന്‍ ലാലുപ്രസാദ് യാദവ് മാത്രമാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്റില്‍ നിന്നും എന്തെങ്കിലും നിലപാട് കേട്ട ശേഷമേ ഞങ്ങള്‍ അന്തിമ തീരുമാനമെടുക്കൂ,’ ആര്‍ജെഡി എംപി മനോജ് ജാ പറയുന്നു.
ഉപതെരഞ്ഞെടുപ്പിലേ ഒരുയൊരു സീറ്റ് കോണ്‍ഗ്രസിനായി വിട്ടുകൊടുക്കാന്‍ പറ്റില്ലെന്ന ആര്‍ജെഡി നിലപാടാണ് ഇപ്പോള്‍ മഹാഗഡ്ബന്ധനെ ഉലയ്ക്കുന്നത്. താരാപൂര്‍ സീറ്റിലേക്ക് അരുണ്‍ കുമാറിനെയും കുശേശ്വര്‍സ്ഥാനിലേക്ക് ഗണേഷ് ഭാരതിയെയും നാമനിര്‍ദേശം ചെയ്തിരിക്കുകയാണ് ആര്‍ജെഡി. കോണ്‍ഗ്രസിന് എല്ലാ സീറ്റുകളിലും ജയിക്കാന്‍ ശേഷിയില്ലെന്നതാണ് ഇതിന് ആര്‍ജെഡി നല്കുന്ന വിശദീകരണം. എന്നാല്‍ ആര്‍ജെഡി ഇപ്പോള്‍ ബിജെപിയുമായി രഹസ്യബന്ധം പുലര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഉപതെരഞ്ഞെടുപ്പില്‍ സിപി ഐ, സിപിഎം, സിപി ഐ (എംഎല്) എന്നീ ഇടതുപാര്‍ട്ടികള്‍ ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. ഭരണപക്ഷത്ത് നിന്ന് നിതീഷ് കുമാറിന്റെ ജെഡിയു താരാപൂരില്‍ രാജീവ് കുമാര്‍ സിംഗിനെയും കുശേശ്വര്‍സ്ഥാനില്‍ മൂന്ന് തവണ എംഎല്‍എ ആയിരുന്ന അന്തരിച്ച ശശി ഹസാരിയുടെ മകന് അമന് ഭൂഷണ് ഹസാരിയെയും സ്ഥാനാര്‍ത്ഥികളായി നിര്‍ദേശിച്ചുകഴിഞ്ഞു. കോണ്‍ഗ്രസും ഇരു സീറ്റുകളിലേക്കും സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. താരാപൂരില്‍ രാജേഷ് മിശ്രയും കുശേശ്വര്‍സ്ഥാനില്‍ അതിരേഖ് റാമുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. രണ്ട് ജെഡിയു എംഎല്‍എമാരായ മേവലാല്‍ ചൗധരിയുടെയും ശശി ഭൂഷണ് ഹസാരിയുടെയും മരണമാണ് ഈ രണ്ട് സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പിന് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: