തൃശ്ശൂര്‍: നഗരത്തിലെ സ്വര്‍ണാഭരണ നിര്‍മാണസ്ഥാപനങ്ങളില്‍ പരിശോധനയ്ക്കെത്തിയ ജിഎസ്ടി ഉദ്യോഗസ്ഥരെ സ്ഥാപന ഉടമകളും തൊഴിലാളികളും ചേര്‍ന്ന് തടഞ്ഞു. അന്യായമായി മിന്നല്‍ പരിശോധന നടത്തി സ്വര്‍ണാഭരണ നിര്‍മാണ മേഖലയെ ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
ഇതില്‍ പ്രതിഷേധിച്ച് ഹൈറോഡിലെ സ്വര്‍ണാഭരണ നിര്‍മാണ സ്ഥാപനങ്ങള്‍ വ്യാപാരികള്‍ അടച്ചിട്ടു. ഹൈറോഡില്‍ പുത്തന്‍പള്ളിക്കു സമീപമുള്ള കടകളിലാണ് ഇന്നലെ ഉച്ചയ്ക്ക് പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെത്തിയത്. സ്വര്‍ണാഭരണ നിര്‍മാണ കേന്ദ്രത്തിലേക്ക് സ്വര്‍ണവുമായി എത്തിയ തൊഴിലാളിയില്‍ നിന്നു 60 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തതോടെയാണ് സംഘര്‍ഷമുണ്ടായത്. സ്വര്‍ണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സമീപത്തെ കച്ചവടക്കാര്‍ രംഗത്തിറങ്ങി. തൊഴിലാളികളടക്കം മുന്നൂറോളം പേര് പ്രതിഷേധവുമായെത്തി.
ഇതോടെ ടൗണ്‍ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധന നിര്‍ത്തലാക്കി സ്വര്‍ണം മടക്കി നല്കി. നികുതി ഈടാക്കുന്നതിന് എതിരല്ലെന്നും തൊഴിലാളികളെ ഇതിന്റെ പേരില്‍ പീഡിപ്പിക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ അറിയിച്ചു. കച്ചവട കേന്ദ്രങ്ങളെ നശിപ്പിക്കുന്ന വിധത്തില്‍ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. വന്‍കിട സ്വര്‍ണ നിര്മാതാക്കളെയാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതെന്നാണ് തൊഴിലാളികളുടെ വാദം.
ഇന്നലെ ഉച്ചയോടെ നാല് ഉദ്യോഗസ്ഥരാണ് കടകളില്‍ പരിശോധനയ്ക്ക് എത്തിയത്. ജിഎസ്ടി ഉദ്യോഗസ്ഥര്‍ നിരന്തരം തങ്ങളെ പരിശോധനകള്‍ നടത്തിയും ഇരട്ടി ജിഎസ്ടി അടപ്പിച്ചും അതിനുമേല്‍ പിഴയീടാക്കിയും പീഡിപ്പിക്കുകയാണെന്ന് സ്വര്‍ണാഭരണ നിര്‍മ്മാതാക്കള്‍ പറഞ്ഞു. വന്‍കിട വ്യാപാരികളോട് കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ ജിഎസ്ടി അധികൃതര്‍ നിര്‍ബന്ധിക്കുന്നില്ലെന്നും സമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. കൊവിഡിനു ശേഷം കച്ചവടകേന്ദ്രങ്ങള്‍ ഉണര്‍ന്നു തുടങ്ങുന്നതിനിടെയുള്ള പരിശോധന സ്വര്‍ണാഭരണ വ്യവസായത്തെ തകര്‍ക്കുമെന്ന് നിര്‍മാണ തൊഴിലാളി സംഘടനാ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. അനാവശ്യമായി നടത്തുന്ന പരിശോധനകള്‍ക്കെതിരെ നാളെ ജിഎസ്ടി ഓഫീസിലേക്ക് സ്വര്‍ണാഭരണ നിര്‍മാണ വ്യാപാരികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തും.
എന്നാല്‍ സ്വര്‍ണാഭരണ നിര്‍മാണ കേന്ദ്രങ്ങളില്‍ പരിശോധന തുടരുമെന്നാണ് ജിഎസ് ടി ഉദ്യോഗസ്ഥരുടെ നിലപാട്. പരിശോധനകള്‍ തടയുന്നത് നിയമം കൈയിലെടുക്കുന്നതിനു തുല്യമാണ്. ചില തൊഴിലാളികള്‍ മോശം ഭാഷയിലാണ് തങ്ങളോട് പ്രതികരിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: