തൃശ്ശൂര്‍: കൊവിഡ് കാലത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാര്‍ഥികളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ജില്ലയിലെ സ്കൂളൂകള്‍. ഭൂരിഭാഗം സ്കൂളുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. അധ്യാപകരും അനധ്യാപകരും സ്കൂളുകളിലെത്തി ശുചീകരണത്തിനും അദ്ധ്യയന ഒരുക്കങ്ങള്‍ക്കും നേതൃത്വം നല്‍കുന്നുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചുള്ള ക്രമീകരണങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളുമാണ് സ്കൂളുകളില്‍ നടത്തുന്നത്. ക്ലാസുകള്‍, ഫര്‍ണീച്ചര്‍, പാചകപ്പുര, ലാബുകള്‍, ശുചിമുറികള്‍, കുടിവെള്ള ടാങ്ക് വൃത്തിയാക്കല്‍, അപകട ഭീഷണിയുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതടക്കമുള്ള ജോലികളും അണുനശീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. മാസങ്ങളായി അടഞ്ഞു കിടക്കുന്ന സ്കൂളുകളില്‍ തദ്ദേശ സ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍, എന്‍എസ്എസ് യൂണിറ്റ്, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണം നടത്തുന്നത്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ക്ലാസ് മുറികളില്‍ കയറുന്നതിനു മുമ്പ് വിദ്യാര്‍ഥികള്‍ക്ക് സാനിറ്റേഷന്‍, തെര്‍മല്‍ സ്കാനിങ് എന്നിവ നടത്തും.
ഒരു ബെഞ്ചില്‍ രണ്ടു കുട്ടികളെ മാത്രമേ അനുവദിക്കൂ. മാസ്ക് ഉള്‍പ്പടെ സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികളും സ്കൂളുകളില്‍ സജ്ജമാക്കും. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളും പത്താം ക്ലാസും പ്ലസ്ടുവുമാണ് നവം.ഒന്നിന് ആരംഭിക്കുന്നത്. ബാക്കി ക്ലാസുകള്‍ 15നാണ് തുടങ്ങുക. ആദ്യ രണ്ടാഴ്ച ഉച്ചവരെ മാത്രമേ ക്ലാസുകളുണ്ടാവൂ. ശനിയാഴ്ച് പ്രവൃത്തി ദിവസമായിരിക്കും. കുട്ടികളുടെ എണ്ണം നിയന്ത്രിക്കാന്‍ ക്ലാസുകള്‍ ബാച്ചുകളായി തിരിക്കും. ഒരു ബാച്ചിന് തുടര്‍ച്ചയായി മൂന്ന് ദിവസം ക്ലാസുണ്ടാവും. അടുത്ത മൂന്നുദിവസം അടുത്ത ബാച്ചിനാവും ക്ലാസ്. ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി കൊവിഡ് മാനദണ്ഡങ്ങളും അതിനനുസൃതമായ പെരുമാറ്റങ്ങളും വിവരിക്കുന്ന ബോര്‍ഡുകളും പോസ്റ്ററുകളും ബോധവല്‍ക്കരണ വിവരങ്ങളും തയ്യാറാക്കുന്നുണ്ട്.
സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കല്‍, അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുളള ആരോഗ്യ ബോധവല്കരണം, യാത്രാ സൗകര്യം, വിവിധ തലങ്ങളിലുള്ള സംവിധാനങ്ങളുടെ ഏകോപനം തുടങ്ങിയവ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായതായി സ്കൂള്‍ അധികൃതര്‍ പറയുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയിക്കുന്നതിനായി ക്ലാസ് പിടിഎകളും സ്കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.
ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെന്ന് അധികൃതര്‍
ജില്ലയില്‍ സ്കൂളുകള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്നും ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും സ്കൂള്‍ അധികൃതര്‍. സ്കൂളുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 27ന് പൂര്‍ത്തിയാകും. ജില്ലയില്‍ ഗവ., എയ്ഡഡ്-അണ്‍എയ്ഡഡ് വിഭാഗങ്ങളിലായുള്ള 1028 സ്കൂളുകളിലും അധ്യയനം ആരംഭിക്കാന്‍ തയ്യാറായിക്കഴിഞ്ഞു.
സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയായി. വകുപ്പിലെ ഉദ്യോഗസ്ഥര്‍ വിവിധ സ്കൂളുകളില്‍ പരിശോധന നടത്തി ശുചീകരണ പ്രവര്‍ത്തനങ്ങളും ഉച്ചഭക്ഷണം നല്കുന്ന സ്കൂളുകളില്‍ ആവശ്യമായ ക്രമീകരണങ്ങളും വിലയിരുത്തിയിട്ടുണ്ട്.
ടി.വി മദനമോഹനന്‍ (വിദ്യാഭ്യാസ ഉപഡയറക്ടര്‍, തൃശ്ശൂര്‍ ജില്ല)
പ്രതികരിക്കാൻ ഇവിടെ എഴുതുക: