ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരാക്രമണം തുടര്‍ന്നാല്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് മുന്നറിയിപ്പ് നല്കി സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. കശ്മീരില്‍ സമാധാനം പുലരുന്നത് പാക്കിസ്ഥാനെ അസ്വസ്ഥപ്പെടുത്തുന്നു. അതിനാലാണ് ആക്രമണം തുടരുന്നത്. ക്ഷമ പരീക്ഷിക്കരുതെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.
അതിര്‍ത്തിയില്‍ പാക്കിസ്ഥാന് നിഴല്‍ യുദ്ധം നടത്തുകയാണ്. ജനങ്ങള്‍ക്ക് ആത്മധൈര്യം നല്‍കാനാണ് അമിത് ഷാ കശ്മീരിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് അടുത്തിടെ സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെയുമുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീര്‍ സന്ദര്‍ശനം തുടരുകയാണ്. അതിര്‍ത്തിയിലെ ആക്രമണത്തിലും വിരമൃത്യു വരിച്ച സൈനികര്‍ക്കായി ശക്തമായ തിരിച്ചടി നല്‍കുമെന്നും അമിത് ഷാ അറിയിച്ചിരുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ ജമ്മു കശ്മീരിലെത്തിയത്.
ശനിയാഴ്ച എത്തിയ അദ്ദേഹം അടുത്തിടെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിധവയ്ക്ക് അദ്ദേഹം ജോലിയും വാഗ്ദാനം ചെയ്തു. തുടര്‍ന്ന് സംസ്ഥാനത്ത് ഉന്നതതല സംഘവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ജമ്മുകശ്മീരിലെ സ്ഥിതിഗതികളും ചര്‍ച്ച ചെയ്തു. ആവശ്യമെങ്കില്‍ സൈനിക വിന്യാസം കൂട്ടാനും അമിത് ഷാ നിര്‍ദ്ദേശിച്ചിരുന്നു.
ഇത് കൂടാതെ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ട തദ്ദേശീയരുടെ കുടുംബാംഗങ്ങളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തി. രണ്ടാം ദിവസത്തെ സന്ദര്‍ശനത്തില്‍ പുല്‍വാമ ഭീകരാക്രമണം നടന്ന ലാത് പോരയില്‍ അമിത് ഷാ സന്ദര്‍ശനം നടത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: