തൊടുപുഴ: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136.2 അടി പിന്നിട്ടതോടെ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഡാമിന്റെ ചുമതലയുള്ള പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയറാണ് ഇന്നലെ വൈകിട്ട് ആറിന് കേരളത്തിനുള്ള ആദ്യ ഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇവിടെ നിന്ന് സെക്കന്‍ഡില്‍ 2150 ഘനയടി വെള്ളം തമിഴ്നാട് വൈഗ ഡാമിലേക്ക് കൊണ്ടുപോകുമ്പോള്‍ 3608 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ജലനിരപ്പ് 138 അടിയിലെത്തിയാല്‍ രണ്ടാംഘട്ട മുന്നറിയിപ്പ് നല്‍കും. 140ല്‍ എത്തുമ്പോള്‍ ഡാം തുറക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ ജാഗ്രതാ മുന്നറിയിപ്പുണ്ടാകും. 141ല്‍ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പും 142ല്‍ അവസാന മുന്നറിയിപ്പും നല്കി സ്പില്‍വേ വഴി വെള്ളം വിടുകയാണ് പതിവ്.
ഇടുക്കി ജലസംഭരണിയില്‍ ഇന്നലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും വൈകിട്ടോടെ കൂടി. മുല്ലപ്പെരിയാറിലും ജലനിരപ്പ് വര്‍ധിക്കുന്നത് പെരിയാര്‍ തീരവാസികളില്‍ ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഇന്നലെ രാത്രി ഏഴിന് ഇടുക്കിയില്‍ ജലനിരപ്പ് 2398.28 അടിയാണ്. ഒരു ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് നിലവില്‍ പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്. ഇപ്പോള്‍ ഓറഞ്ച് അലര്‍ട്ടിലാണ് ജലനിരപ്പ്. 0.04 അടി കൂടിയായാല്‍ റെഡ് ആകും. ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് ഇന്നലെ 14.718 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.
മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടല്‍
ഇടുക്കി: ഇന്നലെ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കനത്ത മഴയാണ് ലഭിച്ചത്. ചിലയിടങ്ങളില്‍ ഇടിമിന്നലുമുണ്ടായി. പത്തനംതിട്ടയിലെ ആങ്ങാമൂഴി, സീതത്തോട്, കോട്ടയം ജില്ലയിലെ വണ്ടന്‍പതാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചെറിയ തോതില്‍ ഉരുള്‍പൊട്ടി.
സീതത്തോട് കോട്ടമണ്‍പാറ ലക്ഷ്മി ഭവനില്‍ സഞ്ജയന്റെ കാര്‍ ഒഴുക്കില്‍പെട്ടു. വീട്ടമുറ്റത്ത് ഇട്ടിരുന്ന കാറാണ് ഒലിച്ചു പോയത്. പുരയിടത്തിലെ കാലിത്തൊഴുത്തും റബര്‍പുരയും തകര്‍ന്നു.
തിങ്കളാഴ്ച രാത്രി വൈകി മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇടിയോടെ ശക്തമായ മഴ പ്രതീക്ഷിക്കാം. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ദുര്‍ബലമെങ്കിലും പലയിടത്തും തുലാവര്‍ഷത്തിന്റെ ഭാഗമായ മഴ ലഭിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: