സാമൂഹ്യപരിഷ്കര്‍ത്താക്കളായ ആചാര്യന്മാര് മുന്നോട്ടുവെച്ച നവോത്ഥാന ആശയങ്ങളെ കാലികമായി അവതരിപ്പിക്കുകയും നടപ്പാക്കുകയുമാണ് കേരള ധര്‍മ്മാചാര്യസഭ ലക്ഷ്യമിടുന്നത്. ഹിന്ദുസമൂഹങ്ങളില്‍ ഇനിയും നിലനില്‍ക്കുന്ന ഛിദ്രവാസനകളെ ഇല്ലാതാക്കി, ഐക്യഭാവനയോടെ മുന്നേറാനുള്ള പ്രേരണയും ആദര്‍ശവും പകരുന്നതിനുള്ള സംഘടിത പരിശ്രമമാണിത്. സമാജത്തെ ആന്തരികവും ബാഹ്യവുമായി സശക്തമാക്കിത്തീര്ക്കുന്നതിന് അനിവാര്യമായ ദിശാദര്‍ശനം നല്‍കേണ്ടതുണ്ട്. ഭാരതത്തിന്റെ വിശ്രുതമായ സംന്യാസിപരമ്പര ദേശത്തിനാകെ സംസ്കാരവും സദാചാരവും പകരുകയും കരുത്തേകുകയും ചെയ്തിട്ടുണ്ട്. ആ മാര്‍ഗത്തില്‍ സമാജത്തെ ഏകീകരിച്ച്, ജാതി, തൊഴില്‍ തുടങ്ങിയ ഭേദമില്ലാതെ, സാമൂഹ്യസമരസത ഉറപ്പാക്കി, സംഘടിതവും കരുത്തുറ്റതുമാക്കി ഹിന്ദുസമാജത്തെ മുന്നോട്ടുനയിക്കുക എന്ന ദൗത്യമാണ് ഈ ധര്‍മ്മാചാര്യ സഭ ഏറ്റെടുക്കുന്നത്.
ജാതിവിവേചനത്തിനും അനാചാരങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും സാംസ്കാരികമൂല്യച്യുതിക്കുമൊക്കെ എതിരായ സാമൂഹ്യമുന്നേറ്റങ്ങള്‍ പല കാലങ്ങളില്‍ നടന്നിട്ടുണ്ട്. എങ്കിലും അതൊന്നും പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. സാമൂഹ്യനവോത്ഥാനനായകരുടെ പാതയിലൂടെ കേരളത്തെ വഴി നടത്തുകയാണ് കേരളത്തിന്റെ സമഗ്രമായ മുന്നേറ്റത്തിന് നല്ലത്. വ്യക്തികളിലും കുടുംബങ്ങളിലും സാമാജികബോധം വളര്‍ത്തി ഭക്തിയുടെയും ശക്തിയുടെയും വഴിയിലൂടെ നാടിനെ നയിക്കുകയും മാര്‍ഗദര്‍ശനം നല്‍കുകയും വേണ്ടതുണ്ട്.
ഹിന്ദുകുടുംബജീവിതവ്യവസ്ഥ സാമാജികസുരക്ഷയുടെ ആധാരമാണ്. അവിടേക്കും കടന്നുകയറ്റങ്ങളുണ്ടാകുന്നു. അതിപുരോഗമനവാദവും അരാജകവാദവും കൈകോര്‍ത്ത് നമ്മുടെ തലമുറകളെ തന്നെ സംസ്കാരത്തില്‍ നിന്ന് അകറ്റുന്നു. സാംസ്കാരികമായി ദുര്‍ബലമായിപ്പോകുന്ന അത്തരം മനസ്സുകളിലേക്ക് നുഴഞ്ഞുകയറുകയും കടത്തിക്കൊണ്ടുപോവുകയും ചെയ്യുന്ന പ്രവണത ശക്തമായിരിക്കുന്നു. ഇത്തരം കടന്നുകയറ്റങ്ങളെ ചെറുക്കാനുള്ള ധാര്‍മ്മികധീരത കുട്ടികളിലും മുതിര്‍ന്നവരിലും സൃഷ്ടിക്കുന്ന കൃത്യമായ കര്‍മ്മപദ്ധതി ധര്‍മ്മാചാര്യ സഭ ലക്ഷ്യം വെയ്ക്കുന്നു.
ധര്മാചാര്യന്മാര്, സംന്യാസാശ്രമങ്ങള്, മഠങ്ങള്‍, ഹിന്ദുദേവീദേവന്മാര്, ഹിന്ദുശാസ്ത്രഗ്രന്ഥങ്ങള്, ക്ഷേത്രങ്ങള്‍ എന്നിവയ്ക്കെതിരെ സര്‍ക്കാരും ചില തല്‍പ്പരകക്ഷികളും നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍, നിയമവിരുദ്ധ നടപടികള്‍, അപകീര്‍ത്തികരമായ പ്രചരണങ്ങള്‍ തുടങ്ങിയവ തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഹിന്ദുസമൂഹത്തെ ജാതീയമായി ഭിന്നിപ്പിക്കാനുള്ള കുത്സിത ശ്രമങ്ങള്‍ ഇല്ലാതാക്കേണ്ടതുണ്ട്.
ധാര്‍മിക-സാംസ്കാരിക-ആചാരാനുഷ്ഠാന-ക്ഷേത്രാരാധനാ-മേഖലകളിലെ വ്യവസ്ഥകളെക്കുറിച്ചും പ്രക്രിയകളെക്കുറിച്ചും അന്തിമ തീരുമാനം എടുക്കാന്‍ ചുമതലപ്പെട്ട ഒരു ധര്‍മ്മാചാര്യസഭയുടെ അഭാവം ഹിന്ദുസമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ തല്പരകക്ഷികളെ സഹായിക്കുന്നുണ്ട് എന്ന ബോധ്യവും ഇത്തരമൊരു ഏകോപനത്തിന് കാരണമായിട്ടുണ്ട്.
ഹിന്ദുവിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും ജീവിതവും സമീപകാലങ്ങളില്‍ നേരിട്ട വെല്ലുവിളികള്‍ വലുതാണ്. ക്ഷേത്രസങ്കേതങ്ങളും ആശ്രമങ്ങളും സംന്യാസി പരമ്പരയും വലിയ അതിക്രമങ്ങളെ നേരിടേണ്ടിവന്നു. ക്ഷേത്രങ്ങള്‍ നിരീശ്വരശക്തികള് ഭരിക്കുന്ന സാഹചര്യം നിലനില്ക്കുന്നു. ക്ഷേത്രസ്വത്തുക്കള്‍ മറ്റ് പലതിനും ചെലവഴിക്കപ്പെടുന്നു. മട്ടന്നൂരില്‍ അടുത്തകാലത്ത് നടന്നത് ഇത്തരം പിടിച്ചെടുക്കലാണ്. ഗുരുവായൂര്‍ പാര്‍ത്ഥസാരഥിക്ഷേത്രം അര്‍ധരാത്രി പിന്നിട്ട സമയത്ത് പോലീസിനെ ഉപയോഗിച്ച് പിടിച്ചെടുക്കുകയായിരുന്നു. തന്ത്രിമാരെയും ആചാര്യന്മാരെയും അപമാനിക്കുന്നു.
ക്ഷേത്രവിരുദ്ധമായ ധാരാളം കാര്യങ്ങള്‍ നടപ്പാക്കുന്നു. ക്ഷേത്രക്കുളത്തില്‍ മത്സ്യം വളര്‍ത്തുന്നു. വിശ്വാസങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമെതിരെ കടന്നുകയറ്റം വര്‍ധിക്കുന്നു. ഇത്തരം അനീതികള്‍ക്കെതിരായ ഒരുമനസ്സോടെ പ്രതികരിക്കാനും അവയെ ചെറുത്തുതോല്പിക്കാനും സമാജത്തിന് കരുത്തു പകരേണ്ടത് ആചാര്യന്മാരുടെ കടമയാണെന്ന് ധര്‍മ്മാചാര്യസഭ കരുതുന്നു. രാജാധികാരത്തിനുമുകളില് ധര്‍മ്മത്തെ പ്രതിഷ്ഠിച്ച സംസ്കൃതിയാണ് നമ്മുടേത്. അതുകൊണ്ടുതന്നെ നാടിന്റെ ശരിയായ യാത്രയില്‍ ധര്മ്മോപദേശങ്ങളുടെ പങ്ക് വലുതാണെന്ന് ധര്‍മ്മാചാര്യസഭ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: