ഈ സിനിമ, ‘തയാ,’ പലതരത്തില്‍ ശ്രദ്ധേയമാകും. അതും സുപ്രധാന കാരണങ്ങളാല്‍: സംസ്‌കൃത സിനിമ സംവിധാനം ചെയ്യുന്ന ഡോ. ജി. പ്രഭയുടെ രണ്ടാമത്തെ ചലച്ചിത്രമെന്ന നിലയില്‍. പ്രതിഭാ നടന്‍ നെടുമുടിവേണു അഭിനയിച്ച അവസാന ചിത്രമെന്ന നിലയില്‍. കഥകളി നടന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി അഭിനയിച്ച സിനിമയെന്ന നിലയില്‍. കേരളത്തിന്റെ എന്നല്ല, ആണ്‍-പെണ്‍ വര്‍ഗമുള്ളിടത്തോളം കാലം നിലനില്‍ക്കുന്ന ഒരു വിഷയത്തിലാണ് ചിത്രമെന്ന നിലയില്‍.
‘ഇഷ്ടി’ എന്ന ആദ്യചിത്രത്തില്‍ത്തന്നെ പ്രതിഭ പ്രകടിപ്പിച്ച സംവിധായകനാണ് ഡോ. ജി. പ്രഭ. ചെന്നൈ ലയോള കോളജില്‍ സംസ്‌കൃതം മേധാവിയായിരുന്നു. ‘ഇഷ്ടി,’ സംസ്‌കൃതത്തിന് വഴങ്ങുന്ന, കാലവും വിഷയവും അടിസ്ഥാനപ്പെടുത്തിയ ചിത്രമായിരുന്നു. ചിത്രം കണ്ടവര്‍ക്കെല്ലാം പറയാനുണ്ടായിരുന്നത് പ്രശംസകളായിരുന്നു. എങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അടുത്ത ചിത്രവുമായി പ്രഭ വരുന്നത്, ‘തയാ’; അര്‍ഥം ‘അവളാല്‍.’
പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ‘പെണ്ണൊരുമ്പെട്ടാല്‍’ എന്നര്‍ഥം. അങ്ങനെ പറഞ്ഞാല്‍ എല്ലാമായി. അതെ, അവളുടെ കഥയാണ്, താത്രിക്കുട്ടിയുടെ കഥ.
ഇനിയും താത്രിക്കുട്ടിയുടെ കഥയോ? എന്ന് സംശയിക്കുന്നവര്‍ക്ക് താത്രിക്കുട്ടിയുടെ കഥ, എത്ര, എങ്ങനെ പറഞ്ഞാലും തീരില്ല എന്നാണ് സംവിധായകന്റെ മറുപടി. തികച്ചും വേറിട്ട കോണിലൂടെയാണ് ‘തയാ.’ അതറിയാന്‍ സിനിമ കാണുകതന്നെ വേണം.
അടുത്തകാലത്തായി, സംസ്‌കൃത ഭാഷയില്‍ ഒട്ടേറെ ഹ്രസ്വ ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. സംസ്‌കൃതം ഏതോകാലത്തെ ആരോ പറഞ്ഞിരുന്ന, ഇന്ന് ആര്‍ക്കും പിടികിട്ടാത്ത ഭാഷയെന്ന ചിലരുടെ അകല്‍ച്ച ഇല്ലാതാക്കാനും ആക്ഷേപം അതിജീവിക്കാനും ഈ ചിത്രങ്ങള്‍കൊണ്ട് കഴിയുന്നു.
സംസ്‌കൃതത്തില്‍ അമേയ എന്ന കൊച്ചുചിത്രം വന്നു- അത് സസ്പന്‍സ് ത്രില്ലറായിരുന്നു. ശരിക്കും ത്രില്ലടിപ്പിക്കുന്ന ചിത്രം. അതിന്റെ ഭാഷ സംസ്‌കൃതമാണെന്നുപോലും അകല്‍ച്ച ആര്‍ക്കും തോന്നാത്ത രീതി. പ്രഭയുടെ ഇഷ്ടി അങ്ങനെയായിരുന്നു. ഭാഷയുടെ പരിമിതിയും പരിധിയും കടന്നുള്ള സിനിമ. തയായും അങ്ങനെതന്നെ.
നെടുമുടി വേണു, ഇഷ്ടിയിലും ഉണ്ടായിരുന്നു. തയായിലുമുണ്ട്. തത്രിക്കുട്ടിയുടെ അച്ഛനായി. സംസ്‌കൃത നാടകമോ സിനിമയോ സങ്കല്‍പ്പിക്കുമ്പോള്‍ നെടുമുടിച്ചേട്ടനെ ആരും ആദ്യംതന്നെ ഓര്‍മിക്കുമെന്ന് പ്രഭ പറയുന്നു. വൃദ്ധന്‍ നമ്പൂതിരിയായാണ് വേഷം. അവശതകള്‍ക്കിടയിലും ആവേശത്തോടെ ചെയ്തുതീര്‍ത്ത കഥാപാത്രമെന്നാണ് സംവിധായകന് പറയാനുള്ളത്. കാവാലം നാരായണപ്പണിക്കരുടെ തിരുവരങ്ങിലും സോപാനത്തിലും നിന്ന് ആര്‍ജിച്ച നാട്യധര്‍മിയായ അഭിനയ വൈഭവം നെടുമുടി അഭിനയിച്ചിടങ്ങളിലെല്ലാം പ്രകടിപ്പിച്ചു. എന്നാല്‍, ‘ഇഷ്ടി’യിലും ‘തയാ’യിലും ആ അഭിനയ സാധ്യതകള്‍ ഏറെവിനിയോഗിക്കാനായതില്‍ നെടുമുടിയും ഏറെ സന്തുഷ്ടനായിരുന്നെന്ന് പ്രഭ പറയുന്നു. സോപാനത്തില്‍നിന്ന് മറ്റൊരു അസാധാരണ നടന്‍, ഗിരീഷ് സോപാനത്തെ ‘തയാ’യിലൂടെ സിനിമയിലേക്ക് നെടുമുടി കൂട്ടിക്കൊണ്ടുവന്നിട്ടുണ്ട്.
ശ്രീഗോകുലം മൂവീസാണ് ‘തയാ’യുടെ നിര്‍മാണം. ക്യാമറ സണ്ണി ജോസഫ്, ബി. ലെനിന്‍, പട്ടണം റഷീദ്, ഇന്ദ്രന്‍സ് ജയന്‍, ബിജു പൗലോസ്, ബോബന്‍, കൃഷ്ണനുണ്ണി തുടങ്ങിയവരാണ് മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍. അനുമോള്‍, നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, ബാബു നമ്പൂതിരി, പള്ളിപ്പുറം സുനില്‍, കൃഷ്ണന്‍ വടശ്ശേരി, രേവതി, ഉത്തര, മീനാക്ഷി, ആദിദേവി, ആനിജോയന്‍, നന്ദകിഷോര്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍. ‘തയാ’ ഗോവ ഫിലിം ഫെസ്റ്റിവലിന് എന്‍ട്രി തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: