കോഴിക്കോട്: കോഴിക്കോട്ട് രണ്ട് തവണ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വിശദമായ പഠനത്തിനായി വവ്വാലുകളില്‍ പരിശോധന തുടങ്ങി. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വവ്വാലുകളെ പിടികൂടി സാമ്പിളുകള്‍ ശേഖരിച്ചു. വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന.
ഭാവിയില്‍ നിപ സാഹചര്യം ഒഴിവാക്കുന്നതിനായി മുന്നൊരുക്കമെന്ന നിലയിലാണ് വവ്വാലുകളില്‍ വിശദമായ പഠനം. കൂളിമാടിനു സമീപം ചുള്ളിക്കാപറമ്പ്, മാവൂര്‍ തെങ്ങില കടവിലെ കാന്‍സര്‍ സെന്റര്‍ കെട്ടിടം എന്നിവിടങ്ങളില്‍ നിന്നാണ് വവ്വാലുകളെയും നരിച്ചീറുകളെയും പിടികൂടിയത്. വനം വകുപ്പ് ചീഫ് വെറ്ററിനറി സര്ജന് ഡോ.അരുണ്‍ സഖറിയയുടെ നേതൃത്ത്വത്തിലുള്ള സംഘമാണ് വവ്വാലുകളെ പിടികൂടിയത്.
പിടികൂടിയ വവ്വാലുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് വനം വകുപ്പിന്റെ ബത്തേരി സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് റിസര്‍ച്ച് ആന്റ്ഫോറന്സിക് ലാബില്‍ (സിഡബ്ല്യൂ ആര്‍എഫ്) പരിശോധന നടത്തും. പൂനെയിലെ എന്‍ഐവി ലാബിലും പരിശോധനയ്ക്കയക്കും.
നിപ ബാധിത മേഖലകളില്‍ നടത്തിയ പരിശോധനകളില്‍ ഉറവിടം വവ്വാലുകളാണെ് കണ്ടെത്തിയിരുന്നു. നേരത്തേ ചേന്നമംഗല്ലൂര്‍, കൊടിയത്തൂര്‍ ഭാഗങ്ങളില്‍ നിന്നും മറ്റു പ്രദേശങ്ങളില്‍ നിന്നും വവ്വാലുകളെ പിടിച്ച് പരിശോധന നടത്തിയിരുന്നു. ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരില്‍ നിപ്പ സ്ഥിരീകരിച്ചപ്പോള്‍ എന്‍ഐവി പുണെ ബാറ്റ് സര്‍വേ ടീം 103 വവ്വാലുകളുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ആ റിപ്പോര്‍ട്ടില്‍ ചില വവ്വാലുകളില്‍ വൈറസിനെതിരായ ഐജിജി ആന്റിബോഡിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ഭാവിയെ മുന്നില്‍ കണ്ടുള്ള പരിശോധന. വരും ദിവസങ്ങളിലും വവ്വാലുകളുടെയും നരിച്ചീറുകളുടെയും സാന്നിധ്യമുള്ള സ്ഥലങ്ങള്‍ കണ്ടെത്തി കൂടുതല്‍ പരിശോധന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: