മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ മയക്കമരുന്നുപയോഗത്തിന്റെ പേരില്‍ പിടികൂടിയ സമര്‍ത്ഥനായ നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ ഉദ്യോഗസ്ഥന് സമീര്‍ വാങ്കഡെയെ ആരോപണങ്ങളില്‍ കുടുക്കി വേട്ടയാടാന്‍ ശരത് പവാറിന്റെ പാര്‍ട്ടി. എന്സിപിനേതാവും മഹാരാഷ്ട്രയിലെ തൊഴില്‍ നൈപുണ്യവികസന മന്ത്രി നവാബ് മാലിക്ക് കഴിഞ്ഞ കുറെ ദിവസങ്ങളായി സമീര്‍ വാങ്കഡെയ്ക്കെതിരെ ചെളിവാരിയെറിയുകയാണ്. സമീര്‍ വാങ്കഡെയെ ജയിലില്‍ തള്ളുന്നതുവരെ പോരാടുമെന്നാണ് നവാബ് മാലിക്ക് തുറന്നടിക്കുന്നത്. സമീര്‍ വാങ്കഡെ മാലിദ്വീപിലും ദുബായിലും അവധിയാഘോഷിച്ചുവെന്നും ആ നാളുകളില്‍ ബോളിവുഡ് താരങ്ങളില്‍ നിന്നും കേസില്‍ കുടുക്കാതിരിക്കാന്‍ പണം വാങ്ങിയെന്നുമാണ് വാങ്കഡെയ്ക്കെതിരെ നവാബ് മാലിക്ക് ഏറ്റവുമൊടുവിലായി നടത്തിയ ആരോപണം.
നിരവധി ബോളിവുഡ് താരങ്ങള്‍ അവധിയാഘോഷിക്കുമ്പോള്‍ സമീര്‍വാങ്കഡെ മാലിദ്വീപില്‍ ഉണ്ടായിരുന്നെന്നും മാലിദ്വീപിലും ദുബായിലുമായി സമീര്‍ വാങ്കഡെ താരങ്ങളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നും നവാബ് മാലിക്ക് ആരോപിച്ചു.
ശരത് പവാറിന്റെ പാര്‍ട്ടിയായ എന്‍സിപിയുടെ മന്ത്രി നവാബ് മാലിക തന്റെ കുടുംബത്തെ ആക്രമക്കുകയാണെന്നും ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും സമീര്‍ വാങ്കഡെ തിരിച്ചടിച്ചു. ‘നവാബ് മാലിക്ക് പറയുന്നത് നുണയാണ്. ഞാന്‍ മാലിദ്വീപില്‍ പോയത് എന്റെ കുട്ടികളോടൊപ്പം അവധിയാഘോഷിക്കാനാണ്. അത് അധികൃതരില്‍ നിന്നും അനുവാദം വാങ്ങിയാണ് പോയത്. ഞാന്‍ മറ്റാരെയും കണ്ടിട്ടില്ല. ഞാന്‍ ദുബായിലാണെന്ന് അദ്ദേഹം ആരോപിച്ച നാളുകളില്‍ ഞാന്‍ മുംബൈയിലുണ്ടായിരുന്നു. ഇത് അന്വേഷിച്ചാല്‍ മനസ്സിലാകും,’ സമീര്‍ വാങ്കഡെ പറഞ്ഞു.
‘എന്റെ കുടുംബാംഗങ്ങളെ-സഹോദരിയെയും അച്ഛനെയും ഉള്‍പ്പെടെ- നിരന്തരം ആക്രമിക്കുകയാണ് നവാബ് മാലിക്ക്. ഞാന്‍ സത്യത്തിന് വേണ്ടി സമരം ചെയ്യുന്നതിനാലും മയക്കമരുന്നിനെതിരെ നിലകൊള്ളുന്നതിനാലും ആണിത്. മന്ത്രി പല തെറ്റായ ആരോപണങ്ങങളാണ് എനിക്കെതിരെ ഉയര്‍ത്തിയത്. ഇതിനെതിരെ അനുയോജ്യമായ നിയമനടപടി കൈക്കൊള്ളും,’ സമീര്‍ വാങ്കഡെ പറഞ്ഞു.
ആഡംബരവിനോദക്കപ്പലില് നിന്നും ആര്യന് ഖാനെ പിടികൂടിയതുമുതല്‍ ഈ കേസിനെ ഇല്ലാതാക്കാന്‍ ശക്തമായ ആക്രമണങ്ങളാണ് എന്‍സിപിയും നവാബ് മാലിക്കും നടത്തുന്നത്. ആഡംബരവിനോദക്കപ്പലില് നിന്നും നിരോധിക്കപ്പെട്ട മയക്കമരുന്ന് കണ്ടെത്തി എന്നത് നുണയാണെന്നും നവാബ് മാലിക്ക് ആരോപിച്ചിരുന്നു. ആര്യന്‍ഖാന്റെ കയ്യില്‍ നിന്നും മയക്കമരുന്ന് പിടിച്ചിട്ടില്ലെന്നും കേവലം വാട്സാപ് ചാറ്റിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്നത് ബാലിശമാണെന്നും നവാബ് മാലിക്ക് വാദിച്ചിരുന്നു. എന്നാല്‍ കോടതി സമീര്‍ വാങ്കഡെയുടെ തെളിവുകള്‍ ശരിവെച്ച് ആര്യന്ഖാന് ജാമ്യം നല്‍കാതെ ജയില്‍വാസം നീട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: