മലപ്പുറം: 248.75 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ കരിപ്പൂര്‍ വിമാനത്താവള വികസനം വീണ്ടും ചര്‍ച്ചയാകുന്നു. നിരവധി തവണ ശ്രമിച്ച് പരാജയപ്പെട്ടതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഉപേക്ഷിച്ച പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഉയര്‍ത്തികൊണ്ടുവരുന്നത്. എന്നാല്‍ ഇത് വെറും വികസന നാടകമാണെന്ന ആരോപണവുമായി വിദഗ്ധരടക്കം രംഗത്തെത്തി. കരിപ്പൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായതിന്റെ അവകാശം ഏറ്റെടുക്കുന്ന മുസ്ലിംലീഗിനെ പ്രീതിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ഈ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്.
റണ്‍വേ വികസനം, സമാന്തര ടാക്സി വേ, പുതിയ ടെര്‍മിനല്‍, കാര്‍ പാര്‍ക്കിങ് ഏരിയ തുടങ്ങിയവയ്‌ക്കായി 485 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. ഭീമമായ ചെലവും പ്രതിസന്ധികളും കണക്കിലെടുത്ത് ഇതില്‍ നിന്ന് അതോറിറ്റി പിന്നീട് സ്വയം പിന്മാറി. വന്‍തോതില്‍ മണ്ണിട്ടുയര്‍ത്തി റണ്‍വേ നീളംകൂട്ടാനുള്ള ഭീമമായ ചെലവ് വഹിക്കാനാവില്ലെന്ന് വിലയിരുത്തിയാണ് പദ്ധതി എയര്‍പോര്‍ട്ട് അതോറിറ്റി മരവിപ്പിച്ചത്.
പിന്നീട് പുതിയ ടെര്‍മിനല്‍ കെട്ടിടം, ടാക്സി കാര്‍ പാര്‍ക്കിങ് ഏരിയ തുടങ്ങിയവയ്‌ക്കായി 152.25 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടിരുന്നത്. ഭൂമി ഏറ്റെടുത്ത് നല്കിയാല്‍ കരിപ്പൂരില്‍ 800 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് അതോറിറ്റി വിഭാവനം ചെയ്തിരിക്കുന്നത്. റണ്‍വേ വികസനത്തിനടക്കം 248.75 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്കാനാണ് കഴിഞ്ഞദിവസം വിമാനത്താവളത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും യോഗം തീരുമാനിച്ചത്.
പക്ഷേ ഭൂമി ഏറ്റെടുക്കല്‍ എളുപ്പമാവില്ല. എഴുപതോളം തവണ ഭൂമി വിട്ടുകൊടുത്ത പ്രദേശവാസികള്‍ ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. അവരെ അനുനയിപ്പിച്ച് ഭൂമി ഏറ്റെടുത്താലും റണ്‍വേ നവീകരണം നടത്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തയ്യാറാകുമോയെന്നും സംശയമാണ്. ഹജ്ജ് തീര്‍ത്ഥാടനം കരിപ്പൂരില്‍ നിന്ന് പുനരാരംഭിക്കുമെന്ന് ഉറപ്പുനല്കിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് വോട്ട് തേടിയത്. പക്ഷേ ഇനി കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള സാധ്യത മങ്ങിയതോടെ അടുത്ത തെരഞ്ഞെടുപ്പ് വരെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സിപിഎം-ലീഗ് തന്ത്രമാണ് ഈ വികസനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: