തൊടുപുഴ: ഇടുക്കി ഡാമില്‍ നിന്ന് 36 മണിക്കൂറില്‍ ഒഴുക്കിയത് ഒന്‍പത് കോടിയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം. മണിക്കൂറില്‍ 378 മില്യണ്‍ ലിറ്റര്‍ (0.378 എംസിഎം) വെള്ളമാണ് ചെറുതോണി ഡാമില്‍ നിന്ന് ഒഴുക്കുന്നത്. ഇടുക്കി പദ്ധതിയുടെ മൂലമറ്റം ഭൂഗര്‍ഭ നിലയത്തില്‍ ഒരു യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ 680 ലിറ്റര്‍ വെള്ളമാണ് വേണ്ടത്.
അതായത് ഒരു മണിക്കൂറില്‍ പുറത്തേക്ക് ഒഴുക്കുന്നത് 5.6 ലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം. ചൊവ്വാഴ്ച രാവിലെ 11 മുതല്‍ ഇന്നലെ രാത്രി 11 വരെ പുറത്തേക്കൊഴുകിയത് 2.01 കോടി യൂണിറ്റിനുള്ള വെള്ളം. കേരളം നിലവില്‍ വൈദ്യുതി വില്‍ക്കുന്ന കുറഞ്ഞ വിലയായ 4.5 രൂപ നിരക്കില്‍ കണക്കുകൂട്ടിയാല്‍ 9.07 കോടി രൂപയുടെ വൈദ്യുതിക്കുള്ള വെള്ളമാണിത്. കഴിഞ്ഞയാഴ്ചകളില്‍ ഉപയോഗം ഏറ്റവും കൂടിയ സമയം (പീക്ക് സമയം) പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങിയ 18- 20 രൂപ നിരക്കില്‍ കൂട്ടിയാല്‍ 40.32 കോടി വില വരും.
ഇടുക്കി സംഭരണിയിലേക്ക് 20 ദിവസത്തിനിടെ ഒഴുകിയെത്തിയത് 498.818 മില്യണ്‍ യൂണിറ്റ് വൈദ്യുതിക്കാവശ്യമായ വെള്ളം. ഇതുപയോഗിച്ച് 224 കോടി രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ശരാശരി 4.5 രൂപ മാത്രം കണക്ക് കൂട്ടുമ്പോഴാണിത്. മേഖലയില്‍ തീവ്രമഴ ലഭിച്ച 16ന് മാത്രം 112.709 മില്യണ്‍ യൂണിറ്റ് ആവശ്യമായ വെള്ളമാണ് ഒഴുകിയെത്തിയത്. സംസ്ഥാനത്താകെ ഈ മഴ വര്‍ഷത്തില്‍ (ജൂണ്‍ 1 മുതല്‍ ഒക്ടോബര്‍ 19) 3709.767 മില്യണ്‍ യൂണിറ്റ് ആവശ്യമായ വെള്ളമാണ് ഒഴുകിയെത്തിയത്. ഇതേ സമയം വരെയുള്ള കഴിഞ്ഞ 6 വര്‍ഷത്തിലെ ഏറ്റവും കൂടിയ കണക്ക് കൂടിയാണിത്.
ഏതാനും ഷട്ടറുകള്‍ തുറന്ന് ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടില്‍ നിന്ന് വെള്ളം ഒഴുക്കിവിട്ടെങ്കിലും ജലനിരപ്പ് കുറഞ്ഞത് നേരിയ തോതില്‍ മാത്രം. അതിനാല്‍, മഴ ശക്തമായാല്‍ ഷട്ടറുകള്‍ കൂടുതല്‍ തുറക്കേണ്ടി വന്നേക്കും.
വെള്ളം തുറന്നുവിട്ട് ഒന്നര ദിവസം പിന്നിട്ടിട്ടും, വൈദ്യുതി ഉത്പാദനം 4-5 മില്യണ്‍ യൂണിറ്റ് വരെ കൂട്ടിയിട്ടും ജലനിരപ്പ് കാര്യമായി കുറയാത്തത് പെരിയാര്‍ തീരവാസികളില്‍ ആശങ്കയുണ്ടാക്കുന്നു. വലിയ തോതില്‍ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് കുറയ്ക്കുകയല്ല ലക്ഷ്യമെന്നും റൂള്‍ കര്‍വ് പാലിക്കാന്‍ ജലനിരപ്പ് നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് കെഎസ്ഇബി അധികൃതരുടെ വിശദീകരണം.
മഴ ഭീഷണിയെത്തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ജലനിരപ്പ് 2398.08 അടി പിന്നിട്ട സമയത്ത് ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഇന്നലെ വൈകിട്ട് 2398.04 അടിയാണ് ജലനിരപ്പ്. നിലവില്‍ മൊത്തം ശേഷിയുടെ 94.19 ശതമാനം വെള്ളം. ഇന്നലെ രാവിലെ ഏഴ് മണി വരെ മൂലമറ്റത്ത് 14.859 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചപ്പോള് 28.512 മില്യണ്‍ യൂണിറ്റിന് ആവശ്യമായ വെള്ളം ഒഴുകിയെത്തി. 7.245 ദശലക്ഷം ഖനമീറ്റര്‍ വെള്ളം ഒഴുക്കിക്കളഞ്ഞു. നിലവില്‍ അവശേഷിക്കുന്ന വെള്ളം ഉപയോഗിച്ച് 2065.340 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: