കോഴിക്കോട്: കെഎസ്ആര്‍ടിസി സമുച്ചയത്തിന്റെ ബലക്ഷയത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ മുഴുവന്‍ പിരിച്ചുവിടണമെന്നും കരാര്‍ ഏറ്റെടുത്ത ആലീഫ് ബില്‍ഡേഴ്സിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. കോഴിക്കോട് കെഎസ്ആര്‍ടിസി സമുച്ചയ അഴിമതിയെ കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ല കമ്മിറ്റി കെഎസ്ആര്‍ടിസി ടെര്‍മിനല്‍ പരിസരത്ത് സംഘടിപ്പിച്ച ഏകദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊട്ടിഘോഷിക്കുന്ന കേരള മോഡല്‍ കോഴിക്കോട് കെഎസ്ആര്‍ടിസി സമുച്ചയമാണ്. ഒരു പെട്ടിക്കട പോലും നേരാംവണ്ണം നടത്താന്‍ കഴിയാത്തവരാണ് സംസ്ഥാന സര്‍ക്കാര്‍. എല്ലാ പൊതുമേഖല സ്ഥാപനങ്ങളും നഷ്ടത്തിലാണ്. ഇതിന്റെയൊക്കെ ഭാഗം തന്നെയാണ് കെഎസ്ആര്‍ടിസിയും. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ചുള്ള പദ്ധതികളില്‍ വ്യാപകമായി കോടികള്‍ വെട്ടിക്കുകയാണ്. പ്രളയ സെസിലും ദുരിതാശ്വാസ ഫണ്ടിലും കയ്യിട്ടുവാരുന്നവരാന്ന് സഖാക്കള്‍. അവരാണ് പാവപ്പെട്ടവരുടെ പേര് പറഞ്ഞ് ചെങ്കൊടി പിടിച്ച് നടക്കുന്നത്. പ്രകൃതിദുരന്തങ്ങളില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് നല്കുന്ന സഹായത്തിലും അഴിമതി നടത്തുന്നവര്‍ വ്യാപാരസമുച്ചയ നിര്‍മ്മാണത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയതില്‍ അത്ഭുതമില്ല.
കേരളത്തിലിപ്പോള്‍ രാഷട്രീയത്തിലും ചക്രവാതച്ചുഴിയാണ്. അതിന്റെ ഫലമായുള്ള അതിവര്‍ഷത്തില്‍ ദുരിതമനുഭവിക്കുകയാണ് ജനങ്ങള്‍. സിപിഎം സൃഷ്ടിച്ചതാണിത്. എല്ലാ തട്ടിപ്പിന്റെയും പണം പാര്‍ട്ടി ഫണ്ടിലേക്കാണ് പോകുന്നത്. പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോള്‍ അതിനെ ഫലപ്രദമായി നേരിടാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. പ്രളയമുണ്ടായ സ്ഥലങ്ങളില്‍ എട്ട് മണിക്കൂറിന് ശേഷമാണ് അധികൃതരെത്തിയത്. കേരളത്തില്‍ വ്യാപകമായി അനധികൃത പാറമടകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമാണ് ഈ ദുരന്തങ്ങള്‍. പശ്ചിമഘട്ട മലനിരകള്‍ തുരന്നെടുക്കുമ്പോള്‍ എങ്ങനെ പ്രകൃതിദുരന്തങ്ങളില്ലാതിരിക്കും? മലനാടും തീരദേശവും നശിപ്പിച്ചവര്‍ കെ റെയില്‍ പോലുള്ള പദ്ധതികളിലൂടെ നമ്മുടെ ഇടനാടും കൂടി നശിപ്പിക്കും. ഭാവാത്മകവും നിര്‍മ്മാണാത്മകവുമായ രാഷ്ട്രീയമാണ് വേണ്ടത്. ക്രിമിനലിസവും അഴിമതിയും നടപ്പാക്കുന്നവര്ക്കെങ്ങനെ അത്തരം രാഷട്രീയം കൊണ്ടുവരാന്‍ കഴിയുമെന്ന് കുമ്മനം ചോദിച്ചു.
ബിജെപി ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വി.വി. രാജന്, പി. രഘുനാഥ്, ദേശീയ കൗണ്‍സില്‍ അംഗം കെ.പി. ശ്രീശന്, സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബു, ടി.പി. ജയചന്ദ്രന്, ടി. ബാലസോമന്‍, എം. മോഹനന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: