ഇരിട്ടി: രണ്ടു ദിവസം കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഇരിട്ടി ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. 2018ലും മറ്റും മേഖലയിലുണ്ടയായ ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടികള്‍. മേഖലയിലെ പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളായ 22 ഇടങ്ങളില്‍ ഉരുള്‍പൊട്ടലോ ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചലോ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ദേശീയ ദുരന്ത പ്രതികരണ രക്ഷാ സേനാ സംഘത്തെ ഇവിടേക്ക് നിയോഗിച്ചു.
താലൂക്ക് പരിധിയില്‍ ഉരുള്‍പൊട്ടാന്‍ sസാധ്യതയുള്ള കേന്ദ്രങ്ങളില്‍ അതീവജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായാണ് എന്‍ഡിആര്‍എഫിന്റെ 19 അംഗ സംഘത്തെയാണ് ഇവിടേക്ക് നിയോഗിച്ചത്. അയ്യന്‍കുന്ന് പഞ്ചായത്തിലെ ആനപ്പന്തി ഗവണ്മെന്റ് എല്‍പി സ്കൂളില്‍ ഇവരുടെ ക്യാമ്പ് തുറന്നു. കൂടുതല്‍ ദുരന്ത സാധ്യതയുള്ള അയ്യന്‍കുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി പാറക്കപ്പാറ, ബാരാപ്പോള്‍ പദ്ധതിപ്രദേശം, കീഴങ്ങാനം, എടപ്പുഴ മേഖലകളില്‍ എന്‍ഡിആര്‍എഫ്, റവന്യൂസംഘം സന്ദര്‍ശിച്ചു.
മേഖലയിലെ താമസക്കാര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍ക്കുകയും അടിയന്തിര ഘട്ടങ്ങളില്‍ ബന്ധപ്പെടുന്നതിനും മറ്റും ഫോണ്‍ നമ്പറുകളും കൈമാറി. ദുരന്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുന്നതുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം. കഴിഞ്ഞ ദിവസം ഉരുള്‍ പൊട്ടലിന് സമാനമായ മണ്ണിടിച്ചിലുണ്ടായ ഉരുപ്പുംകുറ്റി ഏഴാംകടവില്‍ തങ്കച്ചന്റെ വീട് ഉള്‍പ്പെടുന്ന കൃഷിയിടം സംഘം സന്ദര്‍ശിച്ചു. ഇരിട്ടി താലൂക്കിലെ നാലു വില്ലേജുകളിലായി 22 സ്ഥലങ്ങളാണ് അപകടസാധ്യത മേഖലയായി കണ്ടെത്തിയിരിക്കുന്നത്. അയ്യന് കുന്നിന് പുറമെ കൊട്ടിയൂര്‍, കേളകം, വയത്തൂര്, കീഴൂര്‍ വില്ലേജിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളാണ് ഇവ.
ഇരിട്ടി തഹസില്‍ദാര്‍ സി.വി. പ്രകാശന്റെ മേല്‍നോട്ടത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തക്കവിധത്തിലുള്ള ക്രമീകരണങ്ങളോടെയാണ് എന്‍ഡിആര്‍എഫ് ഇന്‍സ്പെക്ടര്‍ അവിനേഷ്കുമാര്, സബ്ബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന് എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങള്‍ മേഖലയില്‍ ക്യാമ്പ് ചെയ്യുന്നത്. ഡെപ്യൂട്ടി താസില്ദാര് എം. ലക്ഷ്മണന്, അയ്യന്‍കുന്ന് വില്ലേജ് ഓഫീസര്‍ മനോജ്കുമാര്‍, താലൂക്ക് ജീവനക്കാരായ കെ.പി. അനുരാഗ്, കെ.സി. സനീതന്‍, പി. മണി, പ്രശാന്ത് കുമാര്‍ എന്നിവരും സംഘത്തോട് ഒപ്പം ഉണ്ട്.
2018ല്‍ ഉള്‍പ്പെടെ മുന്‍വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചലും ഉണ്ടായ പ്രദേശങ്ങളാണ് അതീവ ശ്രദ്ധാ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അയ്യന് കുന്ന് വില്ലേജിലെ പാറയ്ക്കാമല, പാലത്തിന്‍കടവ്, എടപ്പുഴ, രണ്ടാംകടവ്, ആനപ്പന്തിക്കവല , വാളത്തോട് എന്നിവയ്ക്ക് പുറമെ കീഴൂര്‍ വില്ലേജിലെ എടക്കാനം, വയത്തൂര് വില്ലേജിലെ അറബി, കാലാങ്കി, കൊട്ടിയൂരിലെ ചപ്പമല, കണ്ടപ്പുനം, മേലെ ചപ്പമല, കേളകം വില്ലേജിലെ ശാന്തിഗിരി എന്നിവയാണ് അതീവ ജാഗ്രത പുലര്‍ത്തേണ്ട പ്രദേശങ്ങളായി കണ്ടെത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: