തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് എസ്.വി.പ്രദീപ് ദുരൂഹമായി വാഹനാപകടത്തില്‍ മരിച്ച സംഭവ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും അതില്‍ ശ്രീകണ്ഠന് നായരുടെ പങ്കന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രദീപിന്റെ മാതാവ് ആര്.വസന്തകുമാരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ശ്രീകണ്ഠന് നായരുമായുള്ള വ്യക്തിപരമായ ബന്ധം കണക്കിലെടുത്താണ് ഹൈക്കോടതി ജസ്റ്റിസ് കെ.ഹരിപാല്‍ പിന്മാറിയത്.
എസ്.വി.പ്രദീപിന്റെ അപകടമരണത്തില്‍ 24 ന്യൂസ് ചാനല്‍ മേധാവി ശ്രീകണ്ഠന് നായര്‍ക്കു പങ്കുണ്ടോയെന്നും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ആര്.വസന്തകുമാരി ഇന്നലെ സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിക്കവേയാണ് ജസ്റ്റിസ് കെ.ഹരിപാല്‍ പിന്മാറിയത്. പ്രദീപിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ തന്നെ ഹൈക്കോടതിയില്‍ അമ്മ നല്‍കിയിരുന്നു. ഈ കേസ് പരിഗണിക്കാന്‍ ദിവസങ്ങളുള്ളപ്പോഴാണ് പുതിയ വെളിപ്പെടുത്തലുകള്‍ എത്തിയത്.
ഇതിനിടെയാണ് ജസ്റ്റിസ് ഹരിപാല്‍ സത്യം പറഞ്ഞ് കേസ് കേള്‍ക്കുന്നതില്‍ നിന്ന് ഒഴിഞ്ഞത്. ശ്രീകണ്ഠന് നായരുടെ 24 ന്യൂസ് ചാനല്‍ ജീവനക്കാരന് ഫസല്‍ അബീനില്‍ നിന്നു പ്രദീപിനു വധഭീഷണി ഉണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കിയിരുന്നെങ്കിലും അതിലേക്ക് അന്വേഷണം നടന്നില്ലെന്നു സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തി. എ.ആര്. റഹ്മാന് ഷോയുമായി ബന്ധപ്പെട്ട ഫ്ളവേഴ്സ് ചാനലും ശ്രീകണ്ഠന് നായരും നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുള്ള വിരോധത്തിലായിരുന്നു വധഭീഷണിയെന്നാണ് ആരോപണം.
ഇതേക്കുറിച്ചു പ്രദീപ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നതായും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. ശ്രീകണ്ഠന് നായരുടെ സ്വാധീനം കണക്കിലെടുത്ത് കേസന്വേഷണം സിബിഐക്കു കൈമാറണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. കാരയ്ക്കാമണ്ഡപത്തുണ്ടായ വാഹനാപകടത്തിലാണു പ്രദീപ് മരിച്ചത്. പ്രദീപ് സഞ്ചരിച്ച സ്കൂട്ടറിനെ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ജയ്ഹിന്ദ്, മനോരമ ന്യൂസ്, മീഡിയ വണ്‍, ന്യൂസ് 18, കൈരളി, മംഗളം ചാനലുകളില്‍ പ്രദീപ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രവര്‍ത്തിച്ച ശേഷം സ്വന്തമായി ഭാരത് ലൈവ് എന്ന ന്യൂസ് ചാനല്‍ നടത്തി വരുമ്പോഴാണ് പ്രദീപിന്റെ അപകടം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: