തൊടുപുഴ: കല്‍ക്കരി ക്ഷാമം മൂലം വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്നും അപ്പോള്‍ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിച്ച് കൂടിയ വിലയ്‌ക്ക് വിറ്റ് ലാഭമുണ്ടാക്കാമെന്നുമുള്ള സര്‍ക്കാരിന്റെയും കെഎസ്ഇബിയുടെയും അതിമോഹം പൊലിഞ്ഞു. കോടിക്കണക്കിന് രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം വെറുതേ ഒഴുക്കിക്കളയേണ്ടിയും വന്നു.
നല്ല മഴ ലഭിച്ചതോടെ ഇടുക്കി അടക്കമുള്ള ഡാമുകളില്‍ ധാരാളം വെള്ളമെത്തി. ഈ സമയത്താണ് (കഴിഞ്ഞ മാസം അവസാനത്തോടെ) കല്‍ക്കരി ക്ഷാമം മൂലം ചില താപ വൈദ്യുത നിലയങ്ങളില്‍ ഉത്പാദനം കുറയ്‌ക്കേണ്ടി വന്നത്. അപ്പോള്‍ ഇടത്തരം ജലസംഭരണികളിലെ ഉത്പാദനം പരമാവധിയാക്കി പകല്‍സമയത്ത് പവര്‍ഗ്രിഡ് വഴി വൈദ്യുതി വിറ്റ് കെഎസ്ഇബി കോടികള്‍ നേടി. കല്‍ക്കരി പ്രതിസന്ധി മൂലം വൈദ്യുതി വില കൂടുമെന്നായിരുന്നു സര്‍ക്കാരിന്റെയും കെഎസ്ഇബിയുടെയും കണക്കുകൂട്ടല്‍. അതിനാല്‍, കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുകയോ വേണ്ടവര്‍ക്ക് നല്കുകയോ ചെയ്യാതെ വെള്ളം ഇടുക്കി ഡാമില്‍ പിടിച്ചുവച്ചു. വൈദ്യുതി ഉത്പാദനം കൂട്ടണമെന്ന് താഴെത്തട്ടില്‍ നിന്ന് അഭിപ്രായമുയര്‍ന്നിട്ടും, പണമുണ്ടാക്കാനാണ്, മേലുദ്യോഗസ്ഥരും സര്‍ക്കാരും വൈദ്യുതി ഉത്പാദനം കൂട്ടാതെ വെള്ളം പിടിച്ചുനിര്‍ത്തിയത്. പക്ഷേ, വൈദ്യുതി വില കൂടുകയോ കല്‍ക്കരി പ്രതിസന്ധി നീളുകയോ ചെയ്തില്ല. ഇടുക്കിയിലടക്കം വെള്ളം കൂടുകയും ചെയ്തു. അപ്പോഴാണ് അതിതീവ്ര മഴ വന്നത്. ആശങ്ക കനത്തതോടെ ഇടുക്കി ജലസംഭരണി തുറക്കേണ്ടി വന്നു. അങ്ങനെ വെള്ളം പാഴായി.
2018ലെ പ്രളയത്തിന് ശേഷവും കെഎസ്ഇബിയും സംസ്ഥാന സര്‍ക്കാരും ഒന്നും പഠിച്ചിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. അന്നും ഇങ്ങനെ വെള്ളം പിടിച്ചുവച്ചതിനാലാണ് മഴ കൂടിയപ്പോള്‍ ഡാമുകള്‍ തുറന്നുവിടേണ്ടി വന്നത്.
ഈ മാസം വിറ്റത് 12 രൂപയ്‌ക്ക്
മൊത്തം ഉപഭോഗത്തിന്റെ 70 ശതമാനം വൈദ്യുതിയും പുറത്തുനിന്നെത്തിക്കുന്ന സംസ്ഥാനമാണ് കേരളം. പക്ഷേ കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലും ഓഫ് പീക്ക് സമയത്ത് കേരളം സാധാരണയായി വൈദ്യുതി വില്‍ക്കാറുണ്ട്. യൂണിറ്റിന് 2.85-13 രൂപ വരെ വില ലഭിക്കും. ഈ മാസം യൂണിറ്റിന് എട്ടു മുതല്‍ 12 രൂപയ്‌ക്കു വരെ വിറ്റ് കാശുണ്ടാക്കി.
ഈ മാസമാദ്യംതന്നെ ഇടുക്കി ജലനിരപ്പ് 82 ശതമാനത്തിനു മുകളിലെത്തിയിരുന്നു. ആറ് ജനറേറ്ററുകളുള്ള മൂലമറ്റം വൈദ്യുത നിലയത്തില്‍ 18.72 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഒരു ദിവസം ഉത്പാദിപ്പിക്കാനാകുക. ഒക്ടോബറില്‍ കൂടുതല്‍ ദിവസവും ഉത്പാദനം എട്ടു മില്യണ്‍ യൂണിറ്റില്‍ താഴെയായിരുന്നു. അണക്കെട്ട് തുറക്കുന്ന സാഹചര്യമെത്തിയപ്പോള്‍ മാത്രമാണ് 14 മില്യണ്‍ യൂണിറ്റിന് മുകളിലെത്തിയത്. 72.177 മില്യണ്‍ യൂണിറ്റ് വൈദ്യുതി സംസ്ഥാനത്ത് ഉപയോഗിച്ചപ്പോള്‍ 6.5228 മില്യണ്‍ യൂണിറ്റ് വൈദ്യുതി യൂണിറ്റിന് 3.6 രൂപയ്‌ക്ക് ഇന്നലെ വിറ്റു. അടിയന്തര ഘട്ടത്തില്‍ ഇടുക്കിയില്‍ 2403 അടിക്കു ശേഷം അഞ്ചടി കൂടി വെള്ളം ശേഖരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: