വടകര(കോഴിക്കോട്): ഇടതു ഭരണത്തില്‍ നീതി നിഷേധം തുടര്‍ക്കഥയാകുന്നു. സ്ത്രീയെ ആക്രമിച്ച കേസിലും മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് നടപടി സ്വീകരിക്കാത്തതില്‍ വിലപിച്ച് സിപിഎം പോഷക വിഭാഗമായ മഹിളാ അസോസിയേഷനും.
ഭര്‍ത്താവുമായി പിണങ്ങിയ യുവതിക്ക് നാലംഗ സംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റതില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത പോലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയും പ്രക്ഷോഭത്തിന് ഒരുങ്ങുകയുമാണ് മഹിളാ അസോസിയേഷന്.
തെക്കേ മഞ്ഞവയലില്‍ ശൈജേഷിന്റെ ഭാര്യ പ്രജിനയെയാണ് ഭര്‍ത്താവും നാലു പേരും ചേര്‍ന്ന് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്. ഇരുമ്പു കമ്പി കൊണ്ട് കൈക്കും കഴുത്തിനും തലയ്ക്കുമാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ യുവതി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും പയ്യോളി പോലീസില്‍ പരാതി നല്കുകയുമുണ്ടായി. എന്നാല്‍ കുറ്റവാളികള്‍ക്കെതിരെ നടപടിയുണ്ടായില്ല. പയ്യോളി സിഐ കേസില്‍ ഇടപെട്ട് യുവതിയുടെ മൊഴി കൃത്യമായി രേഖപ്പെടുത്താതെ കേസ് അട്ടിമറിച്ചതായും പോലീസ് പ്രതിയുടെ കൂടെ നില്‍ക്കുന്നതായും മഹിളാ അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് കൃത്യമായ നിയമനടപടി ഉണ്ടായില്ലെങ്കില്‍ പോലീസിനെതിരെ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങുമെന്ന് മഹിളാ അസോസിയേഷന് നേതാക്കള്‍ വ്യക്തമാക്കി.
കഴിഞ്ഞ ആറിനാണ് കേസിനാസ്പദമായ സംഭവം. പയ്യോളിയിലെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള ബേക്കറിയുടെ പാര്‍ട്ട്ണറും തൊഴിലാളികളും സംഘമായെത്തിയാണ് മാരകായുധങ്ങളുമായി യുവതിയെ ആക്രമിച്ചത്. തന്നെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സംഘടിതമായി എത്തിയവര്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത നടപടിയെയും പോലീസ് അനാസ്ഥയെയും ചൂണ്ടിക്കാട്ടി വനിതാ കമ്മീഷന്, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയതായി യുവതി പറഞ്ഞു.
വടകരയില്‍ നടന്ന പത്രസമ്മേളനത്തില്‍ മഹിളാ അസോസിയേഷന് വടകര ഏരിയാ സെക്രട്ടിയും തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.എം ലീന, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനും മഹിളാ അസോസിയേഷന് വില്ലേജ് സെക്രട്ടറിയുമായ കെ.വി. റീന, മഹിളാ അസോസിയേഷന് നേതാവും തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സനുമായ ശ്രീജ പുല്ലാരൂല്, മഹിളാ അസോസിയേഷന് വില്ലേജ് ട്രഷററും ഗ്രാമപഞ്ചായത്ത് അംഗവുമായ ടി. ഗീത, പ്രജിന എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: