ന്യൂദല്‍ഹി: ലോകത്തിന് മുന്നില്‍ അഭിമാനമായി ഇന്ത്യ. രാജ്യത്ത് കൊവിഡ് വാക്സിനേഷന് സ്വീകരിച്ചവരുടെ എണ്ണം നൂറ് കോടിയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചതിന്റെ നേട്ടമാണിത്. കൃത്യമായ പദ്ധതികളിലൂടെ സംസ്ഥാന സര്‍ക്കാരുകളെയും വാകസിനേഷന് യജ്ഞത്തില്‍ പങ്കെടുപ്പിച്ചാണ് ഈ നേട്ടത്തിലേക്കെത്തിയത്.
കഴിഞ്ഞ ജനുവരിയില്‍ ആരംഭിച്ച വാക്സിനേഷനില്‍ ഇതിനോടകം 99 കോടി ജനങ്ങള്‍ പങ്കാളികളായി. രാജ്യത്തെ 70 കോടി ജനങ്ങള്‍ വാകസിന് ആദ്യ ഡോസ് എടുത്തു. 28.9 കോടി ജനങ്ങള്‍ രണ്ടാം ഡോസും സ്വകരിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നൂറ് കോടിയാകും. അതോടെ ഈ റെക്കോര്‍ഡ് നേടുന്ന ലോകത്തെ ആദ്യ രാജ്യമാകും ഇന്ത്യ.
ജനുവരി 16 മുതല്‍ ആരംഭിച്ച വാക്സിനേഷനന്റെ ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ടാം ഘട്ടത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമാണ് പ്രതിരോധം നല്‍കിയത്. മാര്‍ച്ച് മുതല്‍ രാജ്യത്തെ 45നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും മെയ് ഒന്നു മുതല്‍ 18 വയസു പൂര്‍ത്തിയായവര്‍ക്കും വാക്സിന് നല്‍കിത്തുടങ്ങി. ലഭ്യതക്കനുസരിച്ച് രണ്ടാം ഡോസ് വാക്സിനുകള്‍ നല്‍കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വാക്സിനേഷന് നിരക്ക് കുറഞ്ഞ സ്ഥലങ്ങള്‍ കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
ഇന്ത്യയിലെ ജനസംഖ്യയുടെ നൂറ് കോടി ആളുകള്‍ക്കും വൈകാതെ കൊവിഡ് വാക്സിന് കുത്തിവെപ്പ് പൂര്‍ത്തിയാക്കി റെക്കോര്‍ഡ് ഉണ്ടാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘അഭ്യന്തര ഉപഭോഗത്തിനായുള്ള കൊവിഡ് വാക്സിനുകള്‍ നിര്‍മ്മിക്കുക മാത്രമല്ല ഇന്ത്യ ചെയ്യുന്നത്. ലോക രാഷ്ട്രങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ലക്ഷ്യമിട്ടാണ് ഇന്ത്യ ഇപ്പോള്‍ വാക്സിനുകള്‍ ഉണ്ടാക്കുന്നത്. വരുന്ന ദിവസങ്ങളില്‍ ഇന്ത്യ നൂറ് കോടി ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പു നടത്തി റെക്കോര്‍ഡ് ഉണ്ടാക്കും. വലിയ നേട്ടമാണ് വാക്സിന് കാര്യത്തില്‍ നമ്മള് ഉണ്ടാക്കിയത്. ഇതിനായി പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നു’- നദ്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: