ഐതിഹ്യങ്ങള്‍ കഥപറയുന്ന, ദേശത്തിന് വിളക്കായൊരു ക്ഷേത്രം. അതിപുരാതനവും വേറിട്ട ആചാരങ്ങളാല്‍ പ്രശസ്തവുമായ തിരുവനന്തപുരം മലയിന്‍കീഴ് അണപ്പാട് കുഴയ്ക്കാട് ഭഗവതി ക്ഷേത്രം ഐതിഹ്യങ്ങളുടെ കലവറയാണ്.
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രവുമായി ബന്ധപ്പെട്ട ചരിത്രപശ്ചാത്തലമുള്ള മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമിയുടെ ആറാട്ട് നടക്കുന്നത് കുഴയ്ക്കാട് ക്ഷേത്രത്തിനു മുന്നിലെ മച്ചല്‍ തോട്ടിലാണ്. കുഴയ്ക്കാട് ഭഗവതിയെ പരിണയിക്കാന്‍ മലയിന്‍കീഴ് തിരുവില്ലാഴപ്പന്‍ (ശ്രീകൃഷ്ണ ഭഗവാന്) എഴുന്നള്ളുന്നുവെന്ന ഐതിഹ്യമാണ് ഇതിനു പിന്നില്‍. മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ എട്ടാം നാളിലാണ് കുഴയ്ക്കാട്ടേക്ക് ചരിത്രപ്രസിദ്ധമായ ഈ ആറാട്ടെഴുന്നള്ളത്ത്. അവഭൃതസ്നാനം കഴിഞ്ഞ് ഭഗവത് വിഗ്രഹം കുഴയ്ക്കാട്ടമ്മയുടെ തിരുമുന്നിലെ മണ്ഡപത്തിലേക്ക് ആനയിക്കും. ഈ സമയം ദേവി രജസ്വലയെന്ന് സൂചിപ്പിക്കാന്‍ തിരുനട ചുവന്ന പട്ടുകൊണ്ട് മറയ്ക്കും. ഇതോടെ മംഗല്യം മുടങ്ങി, അടുത്ത വര്‍ഷം പരിണയിക്കാന്‍ എത്താമെന്ന ഉറപ്പു നല്കി ഭഗവാന് ഉപചാരം ചൊല്ലി മടങ്ങുന്നുവെന്നതാണ് ആചാരം.
പണ്ടുകാലത്ത് തിരുവില്ലാഴപ്പന്റെ ആറാട്ടെഴുന്നള്ളത്തില്‍ കുഴയ്ക്കാട് ദേവിക്ക് മോതിരം വാങ്ങാന്‍ മലയിന്‍കീഴ് ദേവസ്വം പണം വകയില്‍ സംഖ്യ ചേര്‍ത്തിരുന്നതായി രേഖകള്‍ പറയുന്നു. എന്നാല്‍ കാലങ്ങളായി മോതിരപ്പണം ഒഴിവാക്കി ആറാട്ടുപണം നല്കുന്ന ചടങ്ങാണ് തുടരുന്നത്. ഭാരതത്തിലെ 108 വൈഷ്ണവ തിരുപ്പതികളില്‍ ഒന്നായിരുന്നു തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം. ഇവിടെ നിന്ന് ശ്രീവല്ലഭനും വായു കോണില്‍ പ്രതിഷ്ഠിച്ചിരുന്ന ലക്ഷ്മി ഭഗവതിയും മലയിന്‍കീഴ് എത്തിയതുമായി ബന്ധപ്പെട്ടും ചരിത്രത്തില്‍ പരാമര്‍ശങ്ങളുണ്ട്. ഇത് ബിസി 54 ല്‍ നടന്നതായി കരുതപ്പെടുന്നു. ശൈവരാജാവായ തുകലന്റെ ആക്രമണം ഭയന്ന് തിരുവല്ലയിലെ ആര്യബ്രാഹ്മണര്‍ തങ്ങളുടെ ഉപാസനാ മൂര്‍ത്തികളുടെ ബിംബങ്ങളുമായി പലായനം ചെയ്തു. തിരുവല്ലാഴ പത്തില്ലത്ത് നമ്പൂതിരിമാരെന്ന് അറിയപ്പെടുന്ന ഇവര്‍ മലയിന്‍കീഴില്‍ എത്തി. തുടര്‍ന്ന് മഠങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് ഊരാഴ്മക്കാരായി പത്തില്ലത്ത് നമ്പൂതിരിമാര്‍ ഇവിടെ വസിച്ചു.
അക്കൂട്ടത്തില്‍ ഉണ്ടായിരുന്ന കുറിച്ചി മഠക്കാരാണ് കുഴയ്ക്കാട് ക്ഷേത്രത്തിന്റെ ഊരാഴ്മക്കാര്‍. രാജാവ് ഇവര്‍ക്ക് ഏഴുപറ നിലവും ഏക്കറുകണക്കിന് ഭൂമിയും നല്കി. വനദുര്‍ഗ സങ്കല്പത്തില് ലക്ഷ്മീ ഭഗവതിയെ കുഴയ്ക്കാട് പ്രതിഷ്ഠിച്ച് ആരാധിച്ചു പോന്നു. എന്നാല്‍ കാലക്രമേണ ക്ഷയിച്ചുപോയ കുറിച്ചിമഠക്കാര് ദേശംവിട്ടു പോയി. ദശാബ്ദങ്ങളോളം പൂജ മുടങ്ങി ക്ഷേത്രം അടഞ്ഞുകിടന്നു. ദേശത്താകെ അനിഷ്ടങ്ങളും കഷ്ടതയും നിറഞ്ഞു. ഒടുവില്‍ നാട്ടുകാര്‍ ക്ഷേത്രം പുനരുദ്ധരിച്ചു. നാട് വീണ്ടും സമൃദ്ധിയുടെ നല്ലകാലത്തേക്ക് നീങ്ങി. ഭഗവാനെ പരിണയിച്ച് ഇവിടം വിട്ടുപോയാല്‍ ദേശം മുടിയുമെന്നതിനാലാണ് ഓരോ ആറാട്ടെഴുന്നള്ളത്തിന് എത്തുമ്പോഴും ഭഗവതി ചെമ്പട്ട് കാട്ടി തിരിച്ചയക്കുന്നതെന്ന ഐതിഹ്യപ്പഴമ ഇവിടെ വായ്മൊഴിയായുണ്ട്. പക്ഷേ, ഒന്നുറപ്പാണ്. വിശ്വാസികളെ ഇരുകൈ നീട്ടി ചേര്‍ത്തു പിടിക്കുന്ന കുഴയ്ക്കാട്ടമ്മ ഒരു നാടിന്റെ ചൈതന്യമായി നിലകൊള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: