ലഖ്നൗ: കുശിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. 260 കോടി രൂപ ചെലവില്‍ കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ കുശിനഗര്‍ ജില്ലയിലാണ് വിമാനത്താവളം ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ബുദ്ധ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നേരിട്ട് വിമാനത്താവളം സ്ഥാപിക്കുന്നതിലൂടെ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
നൂറിലധികം ബുദ്ധ സന്യാസികളുമായി ആദ്യ വിമാനം ശ്രീലങ്കയിലെ കൊളംബോയില്‍ നിന്നാണ് എത്തുക. ശ്രീലങ്കയിലെ ബുദ്ധമതത്തിലെ നാല് നികാതകളായ അസ്ഗിരിയ, അമരപുര, രമണ്യ, മാല്‍വട്ട, എന്നിവയുടെ പ്രതിനിധികള്‍ സംഘത്തിലുണ്ടാകും. കാബിനറ്റ് മന്ത്രി നാമല് രാജപക്സെയുടെ നേതൃത്വത്തിലുള്ള ശ്രീലങ്കന്‍ ഗവണ്മെന്റിന്റെ അഞ്ച് മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും.
പ്രധാനമന്ത്രി മഹാപരിനിര്‍വാണ ക്ഷേത്രം സന്ദര്‍ശിച്ച് ബുദ്ധന്റെ പ്രതിമയില്‍ അര്‍ച്ചനയും അലങ്കാര വസ്ത്രവും അര്‍പ്പിക്കുകയും ബോധി വൃക്ഷത്തൈ നടുകയും ചെയ്യും. ഗുജറാത്തിലെ വഡ്നഗറില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും ഖനനം ചെയ്ത അജന്ത ചുമര്‍ച്ചിത്രങ്ങള്‍, ബുദ്ധ സൂത്ര കാലിഗ്രാഫി, ബുദ്ധ കലാരൂപങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം പ്രധാനമന്ത്രി സന്ദര്‍ശിക്കും. ശ്രീലങ്ക, തായ്ലന്ഡ്, മ്യാന്മര്, ദക്ഷിണ കൊറിയ, നേപ്പാള്‍, ഭൂട്ടാന്, കംബോഡിയ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖ സന്യാസികളും വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാരും പരിപാടിയില്‍ പങ്കെടുക്കും.
വിമാനത്താവളം വരുന്നതോടെ കുശിനഗര്‍ ലോകമെമ്പാടുമുള്ള ബുദ്ധമത തീര്‍ത്ഥാടന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കപ്പെടും. ഈ വിമാനത്താവളം ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും സമീപ ജില്ലകളിലുള്ളവര്‍ക്കും പ്രയോജനപ്പെടും. ഈ മേഖലയിലെ നിക്ഷേപവും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുമെന്നുമാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: