കോട്ടയം: തിരുവനന്തപുരം, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്. കണ്ണൂര്‍ ജില്ലകളുടെ മലയോരങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പുതുതല്ല. മഴക്കാലമായാല്‍ മലയോര ജനത ഭീതിയുടെ നിഴലിലാണ്. രണ്ടു കൊല്ലം മുന്‍പും കഴിഞ്ഞ വര്‍ഷവും വലിയതോതിലാണ് പലയിടങ്ങളിലും ഉരുള്‍പൊട്ടിയത്. അമ്പൂരിയും കവളപ്പാറയും പെട്ടിമുടിയും കടന്ന് കൂട്ടിക്കലിലും കൊക്കയാറിലും എത്തിയിട്ടും നമുക്ക് കരുതലില്ല എന്നതാണ് സത്യം.
ഇടുക്കി, കോട്ടയം ജില്ലകളുടെ ഹൈറേഞ്ച് മേഖലകളില്‍, മഴക്കാലത്ത് ചെറിയ ഉരുള്‍പൊട്ടലുണ്ടാകാറുണ്ട്. ഇക്കുറി കൂട്ടിക്കലില്‍ ഇതിനകം ചെറിയ തോതിലുള്ള പല ഉരുള്‍പൊട്ടലുണ്ടായി. ശനിയാഴ്ച രാവിലെയും ഉരുള്‍പൊട്ടി. ഇത് കാണാന്‍ പോയവരില്‍ ചിലരാണ്, പതിനൊന്നു മണിയോടെയുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ പെട്ടത്. കൂട്ടിക്കലില്‍ ഉരുള്‍പൊട്ടിയ ഭാഗത്തോടു ചേര്‍ന്നുള്ള പല കുന്നുകളിലുമായി ശനിയാഴ്ച രാവിലെ നിരവധി ഉരുള്‍പൊട്ടലുണ്ടായി.
ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നതിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. വീടും കൃഷിയുമൊക്കെ ഉപേക്ഷിച്ച് മറ്റൊരിടത്ത് ചേക്കേറുക അസാധ്യമാണ്. പക്ഷെ കരുതലെടുക്കാന് സാധിക്കും. ചെറിയ തോതില്‍ ഉരുള്പൊട്ടുമ്പോള്ത്തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയാല്‍ ജീവന് കാക്കാം.
കൂട്ടിക്കലില്‍ വേനല്ക്കാലത്തു പോലും വറ്റാത്ത നീര്ച്ചാലുഉള്ള സ്ഥലത്താണ് ഉരുള്‍പൊട്ടിയത്. എവിടെയോ വലിയ തോതില്‍ ജലം സംഭരിക്കപ്പെടുന്നതിന്റെ സൂചനയാണത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കെട്ടിടത്തിന്റെ ഒരു തൂണ് വെള്ളച്ചാലിലായിരുന്നു. ഇതില്‍ കൂടിയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ വന്‍ജലപ്രവാഹം ഉണ്ടായത്. കുന്നിന്മുകളില്, ഭൂമിക്കടിയില്‍ വെള്ളം സംഭരിക്കപ്പെടുന്നുണ്ട്. മഴയില്‍ വലിയ തോതില്‍ കൂടുതല്‍ വെള്ളം എത്തുന്നതോടെ സമ്മര്‍ദ്ദം കൂടും, ഭൂമിയുടെ പുറന്തോട് പൊട്ടിച്ച് വെള്ളവും മണ്ണും പാറകളും എല്ലാം കൂടി താഴേക്ക് കുത്തിയൊലിക്കും.
ഉരുള്‍പൊട്ടലിന് കാരണമാകുന്ന ഘടകങ്ങള്‍
കുന്നിന്റെ കിടപ്പ്, ചരിവ്, പാറകളുടെ ബലം, മണ്ണിന്റെ ഘടന, മരങ്ങളുടെ പ്രത്യേകത എല്ലാം ഉരുള്‍പൊട്ടലിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കുന്നിന് ചരിവുകളില്‍ കൃഷിയിറക്കുമ്പോഴും കുഴിക്കുമ്പോഴും അത് കുന്നിനെ ദുര്‍ബലമാക്കുന്നു. വലിയ തോതിലുള്ള മണ്ണൊലിപ്പിനും ഇത് കാരണമാകുന്നുണ്ട്. മരങ്ങള്‍ മുറിച്ചും, പാറകള്‍ തകര്‍ത്തും മണ്ണുമാന്തിയുമാണ് റബര്‍ പോലുള്ള ദുര്‍ബലമായ മരങ്ങള്‍ നടുന്നതും വീടുകള്‍ വയ്ക്കുന്നതും കൃഷി ചെയ്യുന്നതും. ഇത് മണ്ണിടിച്ചിലിന് കാരണമാകും.
അമ്പൂരി ഉരുള്‍പൊട്ടല്‍
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട പഞ്ചായത്തിലെ അമ്പൂരിയില്‍ 2001 നവംബറില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ നാല്‍പ്പതിലേറെപ്പേരുടെ ജീവന് എടുത്തു.
കവളപ്പാറ
2019 ആഗസ്തില്‍ മലപ്പുറത്തെ കളവപ്പാറയില്‍ 59 പേരുടെ ജീവനെടുത്ത ദുരന്തം. ഇതില്‍ 11 പേരുടെ മൃതദേഹംപോലും കണ്ടുകിട്ടിയില്ല.
പുത്തുമല
2019 ആഗസ്തില്‍ വയനാട്ടിലെ മേപ്പാടിയിലെ പുത്തുമലയില്‍ ഉണ്ടായ ദുരന്തത്തില്‍ പതിനേഴ് പേരാണ് മരിച്ചത്. അവരില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കിട്ടിയിട്ടില്ല.
പെട്ടിമുടി
ഇടുക്കിയിലെ പെട്ടിമുടിയില്‍ 2020 ആഗസ്തിലായിരുന്നു ദുരന്തം. ഉരുള്‍പൊട്ടലില്‍ 70 പേരാണ് മരിച്ചത്. നാലു പേരുടെ മൃതദേഹങ്ങള്‍ കിട്ടിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: