തിരുവനന്തപുരം: അറസ്റ്റിലായ തട്ടിപ്പുകാരന് മോന്സണ് മാവുങ്കലിനെതിരേ പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. എറണാകുളം നോര്‍ത്ത് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസ് ക്രൈംബാഞ്ചിന് കൈമാറി. പഠനസഹായം വാഗ്ദാനം ചെയ്ത് 2019ല്‍ കൊച്ചിയിലെ ഫ്ളാറ്റില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.
മോന്സന് മാവുങ്കല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ പേരില്‍ നടത്തിയ തട്ടിപ്പുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്. ചേര്‍ത്തല ചേര്‍ത്തലയിലെ നൂറേക്കറില്‍ രാജ്യാന്തര മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലേക്കെന്ന പേരില്‍ ജീവനക്കാരെയും നിയമിച്ച് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു.
2018 ലാണ് ചേര്‍ത്തലയില്‍ കോസ്മോസ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയെന്ന പേരില്‍ രാജ്യാന്തര മെഡിക്കല്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കുമെന്ന പ്രഖ്യാപനം മോന്സന് നടത്തിയത്. ഇതിലേക്കായി നിരവധി പേരെ റിക്രൂട്ട് ചെയ്യുകയും ചെയ്തു. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കലൂരിലെ മ്യൂസിയത്തിലായിരുന്നു നിയമനം. ചേര്‍ത്തലയില്‍ 100 ഏക്കര്‍ ഭൂമി പദ്ധതിക്കായി വാങ്ങിയെന്നും മൂന്നു മാസത്തിനുളളില്‍ നിര്‍മാണം തുടങ്ങുമെന്നുമാണ് അന്ന് മോന്സന് പറഞ്ഞിരുന്നത്.
എച്ച്എസ്ബിസി ബാങ്കില്‍ 262000 കോടി രൂപ വന്നിട്ടുണ്ടെന്നും ഇത് വിട്ടുകിട്ടിയാലുടന്‍ ആരോഗ്യ സര്‍വകലാശാല പ്രവര്‍ത്തനം തുടങ്ങുമെന്നുമായിരുന്നു വാക്ക്. ഒന്നും നടക്കാതെ വന്നതോടെ നിയമനം നേടിയ പലരും പിന്നീട് ജോലി ഉപേക്ഷിച്ചു പോയി. കോസ്മോസ് മെഡിക്കല്‍ യൂണിവേഴ്സ്റ്റിയുടെ പേരിലും മോന്സന് സാമ്പത്തിക തട്ടിപ്പ് നടത്തിയോയെന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: