ഹിന്ദുക്ഷേത്രങ്ങളുടെ കാര്യത്തില്‍ വളരെ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ് വിജയദശമി ദിവസം ഭാരതത്തില്‍ മുഴങ്ങിക്കേട്ടത്. ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ.മോഹന്‍ ഭാഗവത് വിജയദശമി ദിനസന്ദേശത്തില്‍ ക്ഷേത്രങ്ങളെക്കുറിച്ച് നടത്തിയ പരാമര്‍ശമായിരുന്നു അത്. ക്ഷേത്രങ്ങളുടെ നടത്തിപ്പ് ഹിന്ദുഭക്തരുടെ കൈകളിലായിരിക്കണം എന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ച അദ്ദേഹം, ഹിന്ദു മതസ്ഥാപനങ്ങള്‍ മാത്രം ഭരണവ്യവസ്ഥയുടെ പേരില്‍ പിടിച്ചു വച്ചിരിക്കുന്ന അനീതി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ക്ഷേത്രങ്ങള്‍ വ്യവസ്ഥാപൂര്‍ണ്ണമായി നടത്തിക്കൊണ്ട് അവയെ സാമൂഹിക ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഇടമാക്കിമാറ്റാന്‍ പദ്ധതി തയ്യാറാക്കണമെന്നും സര്‍സംഘചാലക് നിര്‍ദ്ദേശിച്ചു.
ക്ഷേത്രങ്ങളെക്കുറിച്ചുള്ള ഈ അഭിപ്രായം ഹിന്ദു സമൂഹത്തിന് ആവേശം നല്‍കുന്നതാണ്. എന്നാല്‍ വിജയദശമി ദിനത്തില്‍ത്തന്നെ, അയല്‍രാജ്യമായ ബംഗ്ലാദേശില്‍ നിന്ന് വന്ന വാര്‍ത്തകള്‍ ആശങ്കപ്പെടുത്തുന്നു. ഹിന്ദുക്ഷേത്രങ്ങള്‍ ആക്രമിച്ച് വിഗ്രഹങ്ങള്‍ അടിച്ചുതകര്‍ത്ത വാര്‍ത്തയാണത്. ക്ഷേത്രങ്ങളും കടകളും അക്രമികള്‍ തകര്‍ക്കുക മാത്രമല്ല, കൊള്ളയടിക്കുകയും ചെയ്തു. അവിടുത്തെ ന്യൂനപക്ഷസമുദായമായ ഹിന്ദുക്കള്‍ക്കെതിരെ നിരവധി അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒട്ടുമിക്ക ജില്ലകളിലെയും ക്ഷേത്രങ്ങള്‍ക്ക് നേരെ ആസൂത്രിതമായ ആക്രമണം നടക്കുന്നുണ്ട്. എണ്‍പതോളം ക്ഷേത്രങ്ങള്‍ക്ക് സമീപം സംഘര്‍ഷം നടന്നതായാണ് റിപ്പോര്‍ട്ട്. ആറുപേര്‍ കൊല്ലപ്പെട്ടു. ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ന്യൂനപക്ഷ സമുദായ സംഘടനയായ ബംഗ്ലാദേശ് ഹിന്ദു- ബുദ്ധിസ്റ്റ്- ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍ നിരാഹാരസമരം പ്രഖ്യാപിച്ചു. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ അപകീര്‍ത്തികരമായ ദിവസമാണെന്നും സംഭവിച്ച കാര്യങ്ങള്‍ ട്വീറ്റിലൂടെ വെളിപ്പെടുത്താനാവുന്നതിലും വലുതാണെന്നും യൂണിറ്റി കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ക്ഷേത്രം തകര്‍ത്തവര്‍ക്ക് ശക്തമായ ശിക്ഷ നല്‍കണമെന്ന് ബംഗ്ലാദേശ് പൂജ ഉദ്ജാപന്‍ പരിഷത്തും ആവശ്യപ്പെട്ടു. ആക്രമണം രൂക്ഷമായതോടെ ഹിന്ദു ആദ്ധ്യാത്മികനേതാക്കളെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സന്ദര്‍ശിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയിരിക്കുകയാണ് പ്രധാനമന്ത്രി. പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയാണ് അക്രമണത്തിനു പിന്നിലെന്ന് വാര്‍ത്താവിനിമയ മന്ത്രി ഹസന്‍ മഹ്മൂദ് ആരോപിച്ചു. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള അക്രമത്തിന് ഉത്തരവാദികളായവര്‍ ആരായാലും അവര്‍ക്ക് നിയമപ്രകാരമുള്ള ശിക്ഷ നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. വിഗ്രഹങ്ങള്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഇമാം ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിലായി. അവിടെ ഭീകരവാദികള്‍ ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാന്‍ പദ്ധതിയിട്ടു നടപ്പാക്കുന്നുണ്ട് എന്നത് അറിയാത്ത കാര്യമല്ല. 1947ല്‍ അവിടെ ഹിന്ദു ജനസംഖ്യ 31 ശതമാനമായിരുന്നു. ഇന്നത് എട്ടു ശതമാനമാണെന്നറിയുമ്പോള്‍ ഭീകരത വ്യക്തമാവും. പക്ഷേ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഒക്കെ നടക്കുന്നതുപോലെ പരസ്യമായ ക്ഷേത്രധ്വസനം ബംഗ്ലാദേശില്‍ കുറവായിരുന്നു. അതും മാറുകയാണിപ്പോള്‍.
ഇന്ത്യന്‍ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നതാണ് ബംഗ്ലാദേശിലെ ഈ ക്ഷേത്ര ധ്വംസനങ്ങള്‍. ഇവിടുത്തെ മാധ്യമങ്ങള്‍ക്ക് ഇതൊരു വാര്‍ത്തയേ അല്ല. ഏതെങ്കിലും വിദൂരസ്ഥലത്തെ നിസാര സംഭവങ്ങള്‍ പോലും വലിയ ചര്‍ച്ചാ വിഷയമാക്കുന്ന മലയാളം ചാനലുകള്‍ ബംഗ്ലാദേശില്‍ ക്ഷേത്രങ്ങള്‍ക്കു നേരെ നടക്കുന്ന അതിക്രമം കണ്ടിട്ടും കേട്ടിട്ടുമില്ല. ആക്രമിക്കപ്പെടുന്നത് ഹിന്ദുക്കളായതിനാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടേയൂം സാംസ്‌കാരിക നായകരുടേയും ശബ്ദവും കേള്‍ക്കാനില്ല.
അതേസമയം, ഈ സംഭവങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിഖ്യാത ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീന്‍ രംഗത്തുവന്നിട്ടുണ്ട്. അവിടുത്തെ ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ‘ക അബയില്‍ 360 വിഗ്രഹങ്ങള്‍ തച്ചുടച്ച മുഹമ്മദ് നബിയുടെ പാത പിന്തുടരുകയാണ് അദ്ദേഹത്തിന്റെ അനുയായികള്‍. ഖവാമി മദ്രസകള്‍ ജിഹാദികളുടെ പ്രജനന കേന്ദ്രങ്ങളാണ്. ബംഗ്ലാദേശി കമ്മ്യൂണിസ്റ്റുകള്‍ എപ്പോഴും ജിഹാദികളെ പിന്തുണയ്‌ക്കുന്നു. എല്ലാ ജിഹാദി പ്രവര്‍ത്തനങ്ങളെയും ന്യായീകരിക്കുന്നു. കമ്മ്യൂണിസ്റ്റുകള്‍ ഇനി കമ്മ്യൂണിസ്റ്റുകളല്ല, അവര്‍ ഖവാമിനിസ്റ്റുകളായി ” എന്ന തസ്ളീമയുടെ വാക്കുകളില്‍ എല്ലാം അടങ്ങിയിട്ടുമുണ്ട്. കേരളത്തിലെ ബുദ്ധിജീവികളും മാധ്യമങ്ങളും പുലര്‍ത്തുന്ന നിശബ്ദതയ്‌ക്കു കാരണവും ഇതുതന്നെയായിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: