ശ്രീനഗര്‍: കശ്മീരി പൗരന്മാരെ വേട്ടയാടാനുള്ള ഭീകരസംഘടനകളുടെ നീക്കം അവരുടെ സര്‍വനാശത്തിന് വഴിയൊരുക്കുമെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ താക്കീത് നല്കി. സാധാരണ പൗരന്മാരുടെ ഓരോ തുള്ളി ചോരയ്ക്കും പ്രതികാരമുണ്ടാകും. തോക്കുമായി നുഴഞ്ഞുകയറുന്ന ഭീരുക്കളെ മാത്രമല്ല അവര്‍ക്ക് പിന്തുണ നല്കുന്നവരെയും ഇല്ലാതാക്കുമെന്നും മനോജ് സിന്‍ഹ പറഞ്ഞു.
ബലിദാനികള്‍ക്ക് ഈ ദീപാവലി സമര്‍പ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. നഗരഗ്രാമങ്ങള്‍ ധീരസൈനികരുടെയും കൊല്ലപ്പെട്ട സഹോദരങ്ങളുടെയും ഓര്‍മ്മകള്‍ക്ക് മുന്നില്‍ ദീപം തെളിക്കാനാണ് തന്റെ പ്രതിമാസ റേഡിയോ സംവാദമായ ‘അവാം കി ആവാസി’ലൂടെ അഭ്യര്‍ത്ഥിച്ചത്.
ജമ്മു കശ്മീരിന്റെ സമാധാനവും സാമൂഹിക-സാമ്പത്തിക പുരോഗതിയും ജനങ്ങളുടെ വ്യക്തിഗത വളര്‍ച്ചയും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കശ്മീര്‍ അതിവേഗം വികസിക്കുകയാണ്. ഭയരഹിതമായ ജീവിതം സാധാരണക്കാര്‍ക്ക് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ട്.
താഴ്വരയില് കഴിഞ്ഞ 10 ദിവസമായി തീവ്രവാദികള്‍ സാധാരണ പൗരന്മാര്ക്കെതിരെ അക്രമം നടത്തുന്ന സാഹചര്യത്തിലാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ പ്രതികരണം. അതിവേഗത്തിലുള്ള വികസനത്തിന് നാട് പ്രതിജ്ഞാബദ്ധമാണ്. സമൃദ്ധവും സമാധാനപരവുമായ ഒരു ജമ്മു കശ്മീര്‍ നിര്‍മ്മിക്കാനുള്ള പ്രയത്നത്തിലാണ് ഭരണകൂടമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: