കുവൈത്ത് സിറ്റി: കുവൈത്തില്‍ എണ്ണശുദ്ധീകരണശാലയില്‍ വന്‍ സ്‌ഫോടനം. നിരവധി പേർക്ക് പരിക്കേറ്റു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം. മിനാ അല്‍ അഹമ്മദി റിഫൈനറിയിലെ എആര്‍ഡിഎസ് യൂനിറ്റിലാണ് സ്‌ഫോടനമുണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലയാണിത്. സ്‌ഫോടന ശബ്ദം കിലോമീറ്ററുകള്‍ അകലെയുള്ള പ്രദേശങ്ങളില്‍ വരെ കേട്ടതായി പരിസരവാസികള്‍ അറിയിച്ചു.
കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനിയുടെ അഗ്‌നിശമന വിഭാഗം തീയണക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. പൊട്ടിത്തെറി അതിന്റെ വൈദ്യുത വിതരണത്തെയോ എണ്ണ കയറ്റുമതിയെയോ ബാധിച്ചിട്ടില്ലെന്ന് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി (കെഎന്‍പിസി) അറിയിച്ചു. തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയതായും കമ്പനി പറഞ്ഞു. പരിക്കേറ്റവര്‍ക്ക് സ്ഥലത്ത് പ്രഥമശുശ്രൂഷ നല്‍കിയശേഷം ആശുപത്രിയിലേക്ക് മാറ്റിയതായും ഇവര്‍ സാധാരണനിലയിലാണെന്നും കെഎന്‍പിസി പറഞ്ഞു.
റിഫൈനറി പ്രവര്‍ത്തനങ്ങളെയും കയറ്റുമതി പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടില്ല. കുവൈത്തിലെ തീരപ്രദേശമായ ഫഹാഹീല്‍ ജില്ലയിലെ നിവാസികള്‍ വലിയ സ്‌ഫോടനം കേള്‍ക്കുകയും ഹൈവേയില്‍ കട്ടിയുള്ള കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കുകയും ചെയ്തു. 4.1 ദശലക്ഷം ആളുകള്‍ താമസിക്കുന്ന രാജ്യമായ കുവൈത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ എണ്ണ ശേഖരമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: