തൃശ്ശൂര്‍: രാഷ്ട്രീയ രംഗത്തെ ലാഭനഷ്ടങ്ങളെക്കുറിച്ചു ചിന്തിക്കാതെ പ്രവര്‍ത്തിച്ച നേതാവാണ് കെ.വി. ശ്രീധരന് മാസ്റ്ററെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഒ. രാജഗോപാല്‍. ശതാഭിഷിക്തനായ ശ്രീധരന് മാസ്റ്ററെ അനുമോദിക്കാന്‍ ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുപ്രവര്‍ത്തന രംഗത്ത് ഏഴ് പതിറ്റാണ്ട് പിന്നിടുന്ന ശ്രീധരന് മാസ്റ്റര്‍ ജനസംഘം കാലഘട്ടം മുതല്‍ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച നേതാവാണ്. ശതാഭിഷേക നിറവില്‍ നില്ക്കുന്ന ശ്രീധരന് മാസ്റ്റര്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കു മുഴുവന്‍ മാതൃകയാണെന്നും സമൂഹത്തിന് വേണ്ടി സമര്‍പ്പിച്ച ജീവിതമാണ് അദ്ദേഹത്തിന്റേതെന്നും രാജഗോപാല്‍ അഭിപ്രായപ്പെട്ടു.
1952ല്‍ ആര്‍എസ്എസിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ കെ.വി. ശ്രീധരന് മാസ്റ്റര്‍ നിലവില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമാണ്. ശതാഭിഷേകത്തോടനുബന്ധിച്ച് വിജയദശമി ദിനത്തില്‍ അദ്ദേഹത്തിന്റെ തൃശൂര്‍ ചെമ്പൂക്കാവിലെ വസതിയില്‍ സംഘടിപ്പിച്ച ‘ശ്രീധരീയം’ അനുമോദന സദസ്സില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍ അധ്യക്ഷനായി.
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ആര്‍എസ്എസ് സഹപ്രാന്ത പ്രചാരക് വിനോദ്, പ്രാന്ത കാര്യവാഹക് പി.എസ്. ഈശ്വരന്, ബിജെപി സംസ്ഥാന ഉപാധ്യക്ഷന്മാരായ എ.എന്‍. രാധാകൃഷ്ണന്, അഡ്വ. ബി. ഗോപാലകൃഷ്ണന്, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗങ്ങളായ കെ.പി. ശ്രീശന് മാസ്റ്റര്‍, എം.എസ്. സമ്പൂര്‍ണ, പി.എസ്. ശ്രീരാമന്, വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭന്, വിഭാഗ് കാര്യവാഹ് ഉണ്ണികൃഷ്ണന് മാസ്റ്റര്‍, ആഘോഷസമിതി ജനറല്‍ കണ്‍വീനര്‍മാരായ അഡ്വ. രവികുമാര്‍ ഉപ്പത്ത്, തൃശ്ശിവപുരം മോഹനചന്ദ്രന്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ആര്. ഹരി, ജില്ലാ ഭാരവാഹികളായ ദയാനന്ദന് മാമ്പുള്ളി, സര്‍ജു തൊയക്കാവ്, സുജയ് സേനന്, സുരേന്ദ്രന് അയിനിക്കുന്നത്ത്, എ.ആര്. അജിഘോഷ്, ബിജോയ് തോമസ്, ശശി മരുതയൂര്, കോര്പറേഷന് കൗണ്‍സിലര്‍മാരായ ഡോ. ആതിര, പൂര്‍ണിമാ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. നിരവധി നേതാക്കളും പ്രവര്‍ത്തകരും ശ്രീധരന് മാസ്റ്റര്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേരാനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: