നടരാജ ഗുരുവിനെ ആദ്യമായി കാണാന്‍ ചെന്ന ഒരു യുവാവിന്റെ കഥയുണ്ട്. യുവാവിനെ അടുത്തേക്ക് വിളിച്ച് അയാളുടെ കക്ഷത്തില്‍ ഇറുകിപ്പിടിച്ച ഭഗവദ്ഗീത വാങ്ങി ഗുരു വലിച്ചെറിയുന്നു. എന്നിട്ടത് യുവാവിനെക്കൊണ്ട് തന്നെ എടുപ്പിക്കുന്നു. അത് വാങ്ങി വീണ്ടും കുറേക്കൂടി ദൂരത്തേക്ക് വലിച്ചെറിയുന്നു. ഇങ്ങനെ പല ആവര്‍ത്തി യാണ് ചെയ്യേണ്ടിവന്നത്. ഈ യുവാവ് കാലാന്തരം സംന്യാസാശ്രമത്തില്‍ ഗുരു നിത്യചൈതന്യ യതിയായി. സ്വഗുരുവില്‍ നിന്ന് പരീക്ഷണവും പരിഹാസവും ശിക്ഷയും ഏറ്റുവാങ്ങിയാണ് യതി യതിയായതെന്ന് നടരാജ ഗുരുവിനെ കുറിച്ച് എഴുതിയ ഗ്രന്ഥത്തിലെ അനുഭവ കഥയില്‍ വെളിവാക്കുന്നു.
അതീതപ്രകൃതിയുടെ ആത്മ പൂര്‍ണമായി ദൈവത്തെ സാക്ഷാത്കരിച്ച യതി പൂര്‍വാശ്രമത്തില്‍ ജയചന്ദ്രന്‍ ആയിരുന്നു. പത്തനംതിട്ടയിലെ വാകയാറില്‍ 1924 ലാണ് ജനനം. വാമാക്ഷിയമ്മയും രാഘവപ്പണിക്കരുമാണ് മാതാപിതാക്കള്‍. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം എട്ടു വര്‍ഷത്തോളം രാജ്യത്തിന്റെ നാനാഭാഗത്തും ചുറ്റി സഞ്ചരിക്കുന്ന കാലത്താണ് ബുദ്ധ-ജൈന മതങ്ങള്‍, സൂഫിസം തുടങ്ങിയ ദര്‍ശനാദര്‍ശങ്ങളില്‍ അദ്ദേഹം വ്യുല്പത്തി നേടിയത്. രമണ മഹര്‍ഷിയേയും ഗാന്ധിജിയേയും സന്ദര്‍ശിച്ച ജയചന്ദ്രന്റെ ഉള്ളില്‍ അമേയമായ ആത്മാന്വേഷണത്തിന്റെ വെളിച്ചമൊഴുകാന്‍ തുടങ്ങി. കലാലയങ്ങളില്‍ തത്വചിന്താധ്യാപകന്‍ ആയെങ്കിലും ആര്‍ജ്ജിച്ച ജ്ഞാനസംസ്‌കൃതി സമൂഹത്തിനു പകര്‍ന്നു നല്‍കാനുള്ള പര്യടന പരിപാടികളില്‍ ആ അന്വേഷണ തൃഷ്ണ മുന്നേറുകയായിരുന്നു. 1951 ലാണ് ജയചന്ദ്രന്‍ സന്യാസം സ്വീകരിച്ച് നിത്യ ചൈതന്യയതിയായത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, സൈക്കിക് ആന്‍ഡ് സ്പിരിച്വല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്‌സിറ്റി എന്നിവ യതിയുടെ കര്‍മ്മ കാണ്ഡങ്ങളില്‍ പ്രശസ്തമായി. അധ്യായനവും പ്രഭാഷണവും ഗുരു സന്ദേശവുമായി സഞ്ചരിച്ച യതി, വിശ്വവിശാലതയില്‍ ആത്മസ്വത്വത്തെ സാക്ഷാത്കരിക്കുകയായിരുന്നു.
പ്രപഞ്ച സാരവും പ്രകൃതി സ്വരൂപവും സമഗ്രത ദര്‍ശനത്തിന്റെ ആത്മ പ്രകൃതിയിലാണ് ഗുരു നിര്‍ണയം ചെയ്യുന്നത്. കലയും കവിതയും വിദ്യയും ചിത്രവും നൃത്തവും സംഗീതവും ശാസ്ത്രവും മനശാസ്ത്രവും ലാവണ്യ ശാസ്ത്രവും വിശ്വമാനവ സംസ്‌കൃതിയുടെ രൂപാന്തരങ്ങളായി ഗുരുവിന്റെ മുമ്പില്‍ നിറസാന്നിധ്യമായി. നടരാജ ഗുരുവിന്റെ ശിഷ്യനായ യതി അതീത പ്രത്യക്ഷങ്ങളുടെ ഭാവസമാധിയെയല്ല ജീവനകലയുടെ ചേതനയെയാണ് ഉള്ളുണര്‍ത്താനുള്ള ഗുരുബിംബമായി സ്വീകരിക്കുക. പ്രായോഗികവേദാന്തമാണ് യതിയുടെ ഭക്തി ജ്ഞാന കര്‍മ്മ യോഗ വൈഭവം. ഗീതയുടെ ദര്‍ശന പ്രകാശത്തില്‍ ‘മനുഷ്യപ്പറ്റില്‍’ വാര്‍ത്തെടുത്ത ജീവിത ദര്‍ശനമാണ് ആ ഐതിഹാസിക ജീവന യാത്രയുടെ മൗലികത. ‘ഗുരു ഗീത’യുരചെയ്യുന്ന ഗുരു പ്രമാണങ്ങള്‍ക്കപ്പുറം ഏകസത്തയുടെ സത്യ ധര്‍മ്മ ധീര ഗുരുമൂര്‍ത്തിയായി യതി സഞ്ചരിക്കുന്നു. ആദര്‍ശമാനവതയും സ്ഥിതിസമത്വവുമാണ് യതി പൂജ. ദര്‍ശന സമന്വയമായിരുന്നു ഗുരുവിന്റെ ആത്മ ഭാഷ. ഹൈമവതഭൂവും കൈലാസവും മാനസസരസ്സും ഗംഗയെ ജപിച്ചുണര്‍ത്തുന്ന വേദോപനിഷത്തുകളും പുരാണേതിഹാസങ്ങളും തുടങ്ങി പാശ്ചാത്യ മനീഷികളുടെ ആധുനിക ഊര്‍ജതന്ത്ര പൊരുളറിവ് വരെ ആ ജ്ഞാന സിന്ധുവില്‍ ഒഴുകിയെത്തി. ജ്ഞാനബോധിയായി യതി സ്വയം പരിവര്‍ത്തനം നേടുകയായിരുന്നു. സ്വത്വത്തിന്റെ ആത്മപ്രകാശനമായി അറിവിനെ രൂപപ്പെടുത്തിയ ബോധനിലാവിന്റെ വെളിച്ചമാണ് യതി സാക്ഷ്യപ്പെടുത്തുന്നത്. ‘നീ സ്വയം വെളിച്ചമായി മാറുക’ യെന്ന ബുദ്ധ സങ്കല്പ സാരമാണ് യതിയുടെ ജീവനപദ്ധതി. ‘അറിവ്’ എന്ന ജ്ഞാന പ്രബോധന ഗ്രന്ഥത്തിലൂടെ ശ്രീനാരായണഗുരു ചൊരിഞ്ഞ ആത്മ വിദ്യയുടെ സാക്ഷാത്കാരമാണത്.
ബോധാബോധ സങ്കല്പത്തില്‍ ഉദിച്ചുനില്‍ക്കുന്ന പൂര്‍ണതയാണ് പ്രകൃതി. അറിവിന്റെ മാമര ചോട്ടിലിരുന്ന് ലഭിച്ച ഈ ബോധമാണ് യതിയെ ബുദ്ധനാക്കിയത.് ‘അനുകമ്പാദശകവും ആത്മോപദേശ ശതകവും അനുധാവനം ചെയ്യുന്ന പൂര്‍ണ്ണ ജീവിതവും പൂര്‍ണ ബോധവുമായിരുന്നു യതി യാത്രയുടെ സ്വപ്‌നം. സ്വസ്വരൂപത്തെ അനുസന്ധാനം ചെയ്യുന്ന പരാഭക്തില്‍ ശുദ്ധശൂന്യതയെ സാക്ഷാത്ക്കരിക്കുകയായിരുന്നു ഈ ഋഷി സത്തമന്റെ ജീവനകൗതുകം. ശ്രീനാരായണഗുരുവിനെ, ‘ജാതിചിന്തയുടെ തടങ്കലിലാക്കുന്ന ചില ജീവചരിത്രകാരന്മാരുടെ ഉപരിപ്ലവ നിരീക്ഷണത്തില്‍ നിന്ന്’ മോചിപ്പിക്കാന്‍ യതി ശ്രദ്ധാലുവായിരുന്നു. ഏകാത്മ മാനവതാ വാദമുയര്‍ത്തിയ ഗുരുവിന്റെ ദര്‍ശനമീമാംസ വ്യാഖ്യാന വിധേയമാക്കിയാണ് യതി സ്വീകരിക്കുക. ഏകമത ദര്‍ശനം സര്‍വമതനിരാസമല്ലെന്നും മാനവരാശിക്ക് എന്നും സ്വീകാര്യമാവുന്ന വിശ്വമതാദര്‍ശം തന്നെയാണെന്നും യതി കണ്ടെത്തുന്നു. ഗുരുവിന്റെ ‘സര്‍വ്വ മത സാരവുമേകമെന്ന’ ഉപദര്‍ശനത്തിന്റെ ഉപനിഷത്താണ് യതിയുടെ ജീവനഗന്ധിയായ മതദര്‍ശനത്തിന്റെ പ്രകാശം. ഗുരുവിന്റെ ഏകമത സിദ്ധാന്തവും ഗീതയിലെ വിശ്വമതാദര്‍ശവും ഏകമെന്ന് യതി അറിയുന്നു.
ഗുരുവും ആത്മീയ വാദിയും കവിയും ദാര്‍ശനികനുമായ ഒരാള്‍ക്ക് യഥാര്‍ത്ഥ മനുഷ്യനുമാകാമെന്ന സത്യപാഠമാണ് യതിയുടെ ജീവിത ഗ്രന്ഥം തുറന്നുവെയ്‌ക്കുന്നത്.
ഋഷി തത്വത്തിന്റെ അക്ഷരസാക്ഷ്യമാണ് യതിയുടെ സര്‍ഗരചനയും ജീവനകലയും. മലയാളത്തിലും ഇംഗ്ലീഷിലുമായി വിപുലമായ ആ സര്‍ഗലോകം ഭൗതികാത്മീയതകളെ ഏകീരിക്കുന്നു. ‘നളിനി എന്ന കാവ്യശില്പം’, ‘യതിചരിതം’, ‘ഗുരുവും ശിഷ്യനും’, ‘പ്രേമവും ഭക്തിയും’, ‘സൗന്ദര്യം അനുഭവം അനുഭൂതി’, ‘ആന്‍ ഇന്റലിജന്റ് മാന്‍സ് ഗൈഡ് ടു ഹിന്ദു റിലീജിയന്‍’, ഓട്ടോബയോഗ്രഫി ഓഫ് ഗുരു നിത്യ’, എന്നിവ പ്രകൃഷ്ട രചനകളാണ.് ‘ബൃഹദാരണ്യകോപനിഷത്ത്’, ‘സൗന്ദര്യലഹരി’, ‘ദര്‍ശനമാല’ എന്നിവ വ്യാഖ്യാന വഴിയില്‍ അമൃതരസം പകരുന്നു. ചേതനയുടെ ഗംഗാപ്രവാഹത്തെയാണ് യതി അക്ഷരത്തിന്റെ അഗ്നിസ്‌ഫോടമാക്കിയത്. ഊട്ടിക്കടുത്ത ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ യതി സമാധി പൂകുന്നത് 1999ലാണ്.
ഭാരതീയാദ്ധ്യാത്മവിദ്യയുടെ ദ്വന്ദ്വാതീതമായ പ്രമാണമാണ് ഗുരു നേദിക്കുന്നത.് സ്‌നേഹ മന്ത്രാക്ഷര സിദ്ധിയിലൂടെ യതി സാക്ഷാത്കരിക്കുക മാനവീയപ്പൊരുളാണ്. ‘ഇദം ന മമ’ (ഇതൊന്നും എന്റയല്ല) എന്ന മന്ത്രസ്വരൂപത്തില്‍ ആ അരുളും പൊരുളും സഞ്ചാര സമാധിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക