ശരത് അപ്പാനി, സോഹന്‍ റോയ് വിജീഷ് മണി ടീമിന്റെ ചിത്രമാണ് ആദിവാസി ( ദി ബ്ലാക്ക് ഡെത്ത്). ഓസ്കര് ചുരുക്കപ്പട്ടികയിലും പാരീസ് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഫിലിം ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയ മ് മ് മ് (സൗണ്ട് ഓഫ് പെയിന്‍) എന്ന സിനിമയ്ക്കുശേഷം, ശരത് അപ്പാനിയെ പ്രധാന കഥാപാത്രമാക്കി അതേ ടീം ഒന്നിക്കുന്ന ആദിവാസി (ദി ബ്ലാക്ക് ഡെത്ത്) എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഗുരുവായൂരില്‍ പ്രകാശനം ചെയ്തു. ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹന്‍ റോയ് നിര്‍മിക്കുന്ന ‘ആദിവാസി’ പ്രശസ്ത സംവിധായകന് വിജീഷ് മണി സംവിധാനം ചെയ്യുന്നു.
മനുഷ്യ മനസ്സാക്ഷിയെ ഏറെ വേദനപ്പിച്ച മധുവിന്റെ മരണം ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുകയാണ്. ”സംഭവം അറിഞ്ഞ നാള് മുതല്‍ മധുവിന്റെ ജീവിതം ഞാന്‍ പഠിക്കുകയായിരുന്നു. പട്ടിണി അനുഭവിച്ചിട്ടുള്ളതിനാല്‍ മധുവിന്റെ അടുത്തേക്കെത്താന്‍ ദൂരമുണ്ടായിരുന്നില്ല. എന്റെ അഭിനയ ജീവിതത്തിലെ ഒരു മഹാഭാഗ്യമാണ്” ഈ കഥാപാത്രം അപ്പാനി ശരത്ത് പറഞ്ഞു.
‘യാത്രാമൊഴി’ എന്ന പേരില്‍ സോഹന്‍ റോയ് എഴുതിയ കവിത കേരളീയ സമൂഹം ഏറ്റെടുത്തിരുന്നു. വിശപ്പിന്റെ പേരില്‍ സംഭവിച്ച ഈ ദുരന്തത്തെ ആസ്പദമാക്കി ചെയ്യുന്ന ചിത്രമാണ് ആദിവാസി. വിശപ്പും വര്‍ണ്ണ വിവേചനവും പരിസ്ഥിതി പ്രശ്നങ്ങളും കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാവുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ്-അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ് ആണ്. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ തിരുവാലൂര്‍ ശ്രീകുമാരന്‍ തിരുമേനി പ്രകാശനം നിര്‍വ്വഹിച്ച ചടങ്ങില്‍ ഗായകന് മണികണ്ഠന് പെരുമ്പടപ്പ്, ബാബു ഗുരുവായൂര്‍, ഷെഫീക് ചാവക്കാട്, റോജി പി.കുര്യന്, മനോഹരന് പറങ്ങനാട്ട്, റസാഖ് ഗുരുവായൂര്‍ എന്നിവര്‍ പങ്കെടുത്തു. പി. മുരുഗേശ്വരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിങ്-ബി. ലെനിന് സംഭാഷണം-എം.തങ്കരാജ്, ഗാനരചന- ചന്ദ്രന് മാരി, ക്രിയേറ്റീവ് കോണ്ട്രിബ്യൂട്ടര്- രാജേഷ് ബി., പ്രോജക്റ്റ് കോ ഓര്‍ഡിനേറ്റര്‍- ബാദുഷ, ലൈന്‍ പ്രൊഡ്യൂസര്‍-വിയാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മാരുതി ക്രിഷ്, ആര്‍ട്ട് ഡയറക്ടര്‍- കൈലാഷ്, മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂമര്‍-ബുസി ബേബി ജോണ്‍. ഒക്ടോബറില്‍ ഷൂട്ടിങ് ആരംഭിക്കുന്ന ഈ ചിത്രത്തില്‍ ശരത് അപ്പാനിയോടൊപ്പം ആദിവാസി കലാകാരന്മാരും അണിനിരക്കുന്നു.
ബാഹുബലിയുടെ തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയില്‍ ആയോധന കലയ്ക്ക് പ്രധാന്യം നല്കി വിജീഷ് മണി സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ ഭാഷകളിലും ചൈനീസിലുമായി അടുത്ത വര്‍ഷം ആരംഭിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: