വാഷിങ്ടണ്‍ : പാക്കിസ്ഥാന്റെ സമ്പദ്ഘടനയില്‍ വിശ്വാസമില്ല അതിനാല്‍ ധനസഹായം നല്‍കാന്‍ സാധിക്കില്ലെന്ന് പാക്കിസ്ഥാനോട് അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്). നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി പാക്കിസ്ഥാന്‍ ഐഎംഎഫിനോട് ഒരു ബില്ല്യണ്‍ ഡോളറിന്റെ വായ്പയ്‌ക്കാണ് പാക്കിസ്ഥാന്‍ അപേക്ഷിച്ചിരുന്നത്.
എന്നാല്‍ പാക്കിസ്ഥാന്റെ സമ്പദ്ഘടനയുടെ അനിശ്ചിതമായ ഭാവിയില്‍ വിശ്വാസമില്ലെന്ന് ഐഎംഎഫ് അറിയിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിനിധികള്‍ നടത്തിയ അവസാനഘട്ട ചര്‍ച്ചയും പരാജയപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഭീകരര്‍ക്കുള്ള ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് ഐഎംഎഫ് മുമ്പ് ഏറെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെങ്കിലും പാക്കിസ്ഥാന്‍ ഇതൊന്നും അംഗീകരിക്കാന്‍ തയ്യാറാകാത്തതും ധനസഹായം നിരസിക്കാന്‍ കാരണമായി.
എംഇഎഫ്പിക്ക് കീഴിലുള്ള പാക്കിസ്ഥാന്റെ മാക്രോ ഇക്കണോമിക് ചട്ടക്കൂടില്‍ ഐഎംഎഫ് ജീവനക്കാര്‍ ഇപ്പോഴും അസംതൃപ്തരാണ്. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ആശാവഹമല്ല. എന്നാല്‍ ചര്‍ച്ചകള്‍ തുടരുമെന്നും ഐഎംഎഫ് പ്രതിനിധികള്‍ യോഗത്തിന് ശേഷം വ്യക്തമാക്കി. ഇതേ വിഷയത്തില്‍ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നടന്ന ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു.
അതേസമയം കോവിഡ് വ്യാപനത്തിനെതിരെ ഇന്ത്യ സ്വീകരിച്ച നടപടികളെ ഐഎംഎഫ് പ്രശംസിച്ചു. രാജ്യത്ത് തൊഴില്‍ പരിഷ്‌കരണം, സ്വകാര്യവല്‍ക്കരണം എിവ നടപ്പിലാക്കുകയും കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിനായി ദ്രുതഗതിയില്‍ മികച്ച പ്രതിരോധ നടപടികളാണ് ഇന്ത്യ സ്വീകരിച്ചതെന്നും ഐഎംഎഫ് അറിയിച്ചു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2021-22ല്‍ 9.5 ശതമാനവും 2022-23ല്‍ 8.5 ശതമാനവുമായിരിക്കുമെന്നാണ് ഐഎംഎഫിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: