ന്യൂദല്‍ഹി: മഴക്കെടുതിയില്‍ വലയുന്ന സംസ്ഥാനത്തിലെ ദുരിതബാധിതരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തില്‍ കേരളത്തിന്റെ ചില ഭാഗങ്ങളിലെ സ്ഥിതി തുടര്‍ച്ചയായി നിരീക്ഷിക്കുകയാണെന്നും അദേഹം പറഞ്ഞു.
രക്ഷാപ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ എന്‍ഡിആര്‍എഫ് ടീമുകളെ ഇതിനകം അയച്ചിട്ടുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ ആര്‍മിയുടെ രണ്ടു ടീമുകളില്‍ ഒരു ടീം തിരുവനന്തപുരത്തും, ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. ഡിഫെന്‍സ് സെക്യൂരിറ്റി കോര്‍പ്സിന്റെ (DSC) ടീമുകള്‍ ഒരെണ്ണം കോഴിക്കോടും ഒരെണ്ണം വയനാടും വിന്യസിച്ചിട്ടുണ്ട്. എയര്‍ഫോഴ്സ്നേയും നേവിയെയും അടിയന്തിര സാഹചര്യം നേരിടാന്‍ സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം നല്കി. സന്നദ്ധസേനയും സിവില്‍ ഡിഫെന്‍സും അടിയന്തര സാഹചര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സജ്ജമായിട്ടുണ്ട്.
എന്‍ജിനിയര്‍ ടാസ്ക് ഫോഴ്സ് (ETF) ടീം ബാംഗ്ലൂര്‍ നിന്നും മുണ്ടക്കയത്തേക്ക് തിരിച്ചു. എയര്‍ ഫോഴ്സിന്റെ 2 ചോപ്പറുകള്‍ കോയമ്പത്തൂരിനടുത്തുള്ള സുളൂരില്‍ നിന്നും തിരുവനന്തപുരത്ത് എത്തി.
പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളിക്ക് സമീപം ആളുകള്‍ കുടുങ്ങി കിടപ്പുണ്ടെന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഫയര്‍ ഫോഴ്സ് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എയര്‍ ലിഫ്റ്റിങ് വേണ്ടി വന്നേക്കാം എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എയര്‍ ഫോഴ്സ് ഹെലികോപ്റ്റര്‍ നിയോഗിച്ചു. നേവിയുടെ ഹെലികോപ്റ്റര്‍ കൂട്ടിക്കല്‍, കൊക്കയാര്‍ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളില്‍ ഭക്ഷണപ്പൊതി വിതരണം ചെയ്യാനായി നിയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: