ന്യൂദല്‍ഹി: ന്യൂനപക്ഷങ്ങള്‍ അഫ്ഗാനില്‍ അരക്ഷിതരാണെന്നും അതിനാല്‍ താലിബാന്‍ സര്‍ക്കാരിനെ യാതൊരു കാരണവശാലും അംഗീകരിക്കരുതെന്നും സിഖുകാരുടെ രാഷ്‌ട്രീയ സംഘടനയായ ശിരോമണി അകാലി ദള്‍. കഴിഞ്ഞ ദിവസം താലിബാന്‍ തീവ്രവാദികള്‍ കാബൂളിലെ ഗുരുദ്വാര ഡാഷ്‌മെഷ് പീഠയില്‍ പ്രവേശിക്കുകയും സിഖുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ അന്താരാഷ്‌ട്ര വേദികളില്‍ ചര്‍ച്ചയാക്കുമെന്നും ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ അരക്ഷിതരായ ഒരു രാജ്യത്തെയും അംഗീകരിക്കരുത്. അവര്‍ക്ക് നേരെ അന്താരാഷ്‌ട്രസമ്മര്‍ദ്ദം ചെലുത്തണമെന്നും സുഖ്ബീര്‍ സിംഗ് പറഞ്ഞു.
കാബൂളിലെ സിഖുകാരില്‍ നിന്നും തനിക്ക് അസ്വസ്ഥകരമായ ഫോണ്‍വിളികള്‍ ലഭിച്ചുവെന്ന് ഇന്ത്യന്‍ വേള്‍ഡ് ഫോറം പ്രസിഡന്‍റ് പുനീത് സിംഗ് ചന്ദോക് പറഞ്ഞു. ഗുരുദ്വാരയിലേക്ക് അതിക്രമിച്ച് കയറിയ താലിബാന്‍ തീവ്രവാദികള്‍ സിഖ് ആരാധനാലയത്തിലെ പവിത്രത നശിപ്പിച്ചുവെന്നും പുനീത് സിംഗ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക