മുംബൈ: ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ബുധനാഴ്ച അച്ഛനും അമ്മയുമായി വീഡിയോ കാള്‍ വഴി സംസാരിച്ചു. 10 മിനിറ്റ് നേരത്തോളം പൊലീസിന്റെ നിരീക്ഷണത്തില്‍ ആര്യന് ഖാന് സംസാരിച്ചു.
ആഴ്ചയില്‍ രണ്ട് തവണ തടവുപുള്ളികള്‍ക്ക് കുടുംബവുമായി വീഡിയോ കാള്‍ നടത്താന്‍ ഹൈക്കോടതി ഉത്തരവുള്ളതിനാലാണ് ആര്യന് ഖാന് സംസാരിക്കാന്‍ കഴിഞ്ഞത്. കോവിഡിന്റെ പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതിയുടെ ഈ ഉത്തരവ്.
ഇതിനിടെ ആര്യന് ഖാന് 4,500 രൂപയുടെ മണിയോര്‍ഡര്‍ ജയിലിലേക്കെത്തി. ഒരു ജയില്‍പുള്ളിക്ക് അയയ്ക്കാവുന്ന പരമാവധി തുകയാണ് 4500 രൂപ. ഇഷ്ടമുള്ള ഭക്ഷണവും മറ്റും വാങ്ങാനാണ് ഈ തുക ഷാരൂഖ് അയച്ചുകൊടുത്തത്. അതേ സമയം ആര്യന് ഖാന് ജയിലിലെ ഭക്ഷണം തന്നെയാണ് കഴിക്കുന്നതെന്ന് ഇപ്പോള്‍ ആര്യനെ പാര്‍പ്പിച്ചിരിക്കുന്ന ആര്‍തര്‍ ജയിലിലെ സൂപ്രണ്ട് നിതിന്‍ വെയ്ചല്‍ വ്യക്തമാക്കി. കോടതി ഉത്തരവുണ്ടാകുന്നതുവരെ വീട്ടിലെയോ പുറത്തുനിന്നോ ഉള്ള ഭക്ഷണം കൊടുക്കാന്‍ സാധിക്കില്ലെന്നും ജയില്‍ സൂപ്രണ്ട് പറഞ്ഞു.
മുംബൈ സെഷന്‍സ് കോടതി ആര്യന് ഖാന്റെ ജാമ്യപേക്ഷയിന്മേല്‍ കഴിഞ്ഞ ദിവസം വിശദമായി വാദം കേട്ടു. നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് വാദിച്ചു. ഈ അപേക്ഷയില്‍ വിധി പറയല്‍ ഒക്ടോബര്‍ 20ലേക്ക് മാറ്റിയിരിക്കുകയാണ്. കോടതി പൂജാ ഉത്സവങ്ങള്‍ക്ക് അഞ്ച് ദിവസത്തോളം അവധിയായതിനാലാണ് ഒക്ടോബര്‍ 20 ലേക്ക് വിധി മാറ്റിവെച്ചത്.
ഇപ്പോള്‍ 12 ദിവസമായി ആര്‍തര്‍ ജയിലില്‍ കഴിയുന്ന ആര്യന് ഖാന് ഇനി അഞ്ച് ദിവസം കൂടി ജയിലില്‍ കഴിയേണ്ടതായി വരും. എന്‍ 956 എന്ന നമ്പറുള്ള ആര്യന് ഖാന് ഇപ്പോള്‍ സാധാരണ തടവുപുള്ളികളുടെ സെല്ലിലാണ്.
സ്ഥിരമായി മയക്കമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണ് ആര്യന് ഖാനെന്ന് നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്ക് വേണ്ടി അനില്‍ സിങ് വാദിച്ചു. കേസില്‍ ആര്യന്‍ഖാനാണ് ഒന്നാം പ്രതി. ആര്യന്ഖാന് വിദേശത്തുള്ള അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്നും അനില്‍ സിങ് വാദിച്ചു.
അതേ സമയം വാട്സാപ് ചാറ്റ് മാത്രം ഉപയോഗിച്ച് നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ നിഗമനത്തിലെത്തുന്നത് ശരിയല്ലെന്ന് ആര്യന്ഖാന് വേണ്ടി ഹാജരായ അഭിഭാഷകന് അമിത് ദേശായി വാദിച്ചു. മാത്രമല്ല, വാട്സാപില്‍ പുതിയ ചെറുപ്പക്കാര്‍ ഉപയോഗിക്കുന്ന ഭാഷയെ നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ വ്യാഖ്യാനിച്ച രീതിയും സംശയകരമാണെന്നും അഭിഭാഷകന് വാദിച്ചു. അറസ്റ്റ് ചെയ്യുന്ന സമയത്ത് ആര്യന്‍ഖാന്റെ കയ്യില്‍ മയക്കുമരുന്നില്ലായിരുന്നു എന്നതായിരുന്നു അമിത് ദേശായിയുടെ പ്രധാന വാദം. ആര്യന് ഖാന് മയക്കമരുന്ന് ഉപയോഗിക്കുന്നത് കണ്ടതിനും തെളിവില്ലെന്നും അഭിഭാഷകന് വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: