കോഴിക്കോട്: ദേവീതത്വത്തിന്റെ ഉന്നതരൂപമാണ് കാളീ സങ്കല്പമെന്ന് കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ. കേസരി സര്‍ഗോത്സവത്തിന്റെ ഏഴാം ദിനത്തില്‍ ‘കാളീ മാതാ സങ്കല്പം’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കാളീ തത്വത്തെ മനസ്സിലാക്കാതെ സനാതനധര്‍മ്മത്തിന്റെ പാരമ്പര്യത്തെ മനസ്സിലാക്കാന്‍ കഴിയില്ല. പഞ്ചഭൂതങ്ങളുടെ തൊട്ടടുത്തു നില്ക്കുന്ന ദൈവസങ്കല്പമാണ് കാളി. പ്രകൃതിയെ മറയില്ലാതെ സാക്ഷാത്കരിക്കുന്ന രൂപവും ബോധവുമാണത്. അദ്വൈത വേദാന്തം പോലുള്ള ഉന്നതമായ അവസ്ഥ കൈവരിക്കാനും കാളീ സങ്കല്പം ഒരു ചവിട്ടുപടിയാണ്. വ്യക്തിയിലും സമൂഹത്തിലുമുള്ള അശുദ്ധികളെ ഇല്ലാതാക്കാന്‍ കാളീ ആരാധനയെ ശക്തമാക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാ.ഭാ സുരേന്ദ്രന് രചിച്ച ‘നവോത്ഥാനത്തിന്റെ ഇടതുപരിപ്രേക്ഷ്യം’ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. സര്‍ഗോത്സവ വേദിയില്‍ രാവിലെ മുതല്‍ സംഗീതാര്‍ച്ചനയും നൃത്താര്‍ച്ചനയും അരങ്ങേറി. കലാമണ്ഡലം പ്രശോഭ് കഥകളി അവതരിപ്പിച്ചു. ഡോ. സുമതി ഹരിദാസ് അദ്ധ്യക്ഷയായി. രജനി സുധീഷ് സ്വാഗതവും ഭാവനാ സുമേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: