മനുഷ്യാവകാശങ്ങളുടെ പേരില്‍ വാദ പ്രതിവാദങ്ങള്‍ കേള്‍ക്കാത്ത കാലമില്ല. അതിലെ വേര്‍തിരിവുകളെക്കുറിച്ചാണ് മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചത്. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ശക്തമായി വാദിക്കുന്നവര്‍ ചില മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. ചിലര്‍ സ്വന്തം താല്പര്യങ്ങള്ക്കനുസരിച്ച് മനുഷ്യാവകാശങ്ങളെ വ്യാഖ്യാനിക്കുകയാണെന്നാണ് നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയത്. ചിലര്‍ ഒരേ തരത്തിലുള്ള രണ്ട് സംഭവങ്ങളില്‍ ഒന്നില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കാണുകയും രണ്ടാമത്തേതില്‍ കാണാതിരിക്കുകയും ചെയ്യുന്നത് ഇത് രാജ്യത്തിന് നല്ലതല്ല.
രാഷ്ട്രീയക്കണ്ണുകളിലൂടെ കാണുമ്പോഴാണ് മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത്. ഇത്തരത്തില്‍ മനുഷ്യാവകാശ വിഷയത്തില്‍ സെലക്ടീവാകുന്നത് ജനാധിപത്യത്തിന് ദോഷകരമാണ്. ഈ വിഷയം വിശദീകരിക്കുമ്പോള്‍ സ്വന്തം അനുഭവം തന്നെ നരേന്ദ്രമോദിക്ക് പറയാനാകും. ഗുജറാത്തില്‍ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് വലിയ രീതിയിലുള്ള സംഘര്‍ഷവും കലാപവുമുണ്ടായത്. അയോധ്യയില്‍ നിന്നും മടങ്ങിയ കര്‍സേവകരെ തീവണ്ടിയില്‍ ചുട്ടുകൊന്ന സംഭവം ആര്‍ക്കാണ് മറക്കാനാവുക. ഒരു ബോഗിയിലുണ്ടായ കര്‍സേവകര്‍ മുഴുവനുമാണ് വെന്തുമരിച്ചത്. ഈ മനുഷ്യാവകാശ ലംഘനം കണ്ടതായി ഭാവിക്കാത്തവര്‍, സ്വാഭാവികമായും ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുടെ പേരില്‍ വലിയ വായില്‍ വര്‍ത്തമാനം പറഞ്ഞു. ഗുജറാത്തില്‍ മാത്രമല്ല, ഇന്ത്യയിലാകെയും അന്താരാഷ്ട്ര തലത്തിലും ആ ദുഷ്ടലാക്ക് കാണാനായി. നരേന്ദ്രമോദി മരണത്തിന്റെ വ്യാപാരി എന്നുപോലും ആക്ഷേപിക്കപ്പെട്ടു. എന്നാല്‍ അറുപതോളം കര്‍സേവകരെ ചുട്ടുകൊന്നതിനെക്കുറിച്ച് പരാമര്‍ശമേയില്ല.
മനുഷ്യാവകാശ ലംഘനങ്ങളിലെ പ്രതികരണത്തിലുള്ള പക്ഷപാതിത്വം ഈ ഒറ്റപ്പെട്ട സംഭവമല്ല. എക്കാലത്തും അതാവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വധിക്കപ്പെട്ടാല്‍ പ്രതികരിക്കാത്തവര്‍ സംഘര്‍ഷത്തില്‍ മറ്റുള്ളവരാരെങ്കിലും മരണപ്പെട്ടാല്‍ വലിയതോതില്‍ പ്രചാരണം നടത്തുന്നതും കാണാം. മനുഷ്യാവകാശം എല്ലാവര്ക്കും ഒരേപോലെ ദേശീയതലത്തില്‍ ഏറ്റുവും ഒടുവില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത് ഉത്തര്‍പ്രദേശിലെ ലംഖിംപൂര്‍ സംഭവമാണല്ലോ. മോദി സര്‍ക്കാരിനും യുപി സര്‍ക്കാരിനുമെതിരെ കൊണ്ടുപിടിച്ച വിമര്‍ശനമാണ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും നടത്തുന്നത്. നാലുകര്ഷകര് മരണപ്പെട്ടു എന്നതിന്റെ പേരിലാണ് മനുഷ്യാവകാശ ലംഘനമെന്ന വ്യാഖ്യാനം ഉയര്‍ത്തുന്നത്. ഇതേ സംഭവത്തില്‍ അഞ്ചുപേര്‍ വേറെയും കൊല്ലപ്പെട്ടിട്ടുണ്ട്. കര്‍ഷകരുടെ പേരില്‍ നടന്നുവരുന്ന ദല്ലാളുകള്‍ സായുധരായി അഴിഞ്ഞാടി അടിച്ചുകൊന്നവരാണവര്‍. അവരുടെ മനുഷ്യാവകാശത്തെക്കുറിച്ച് മിണ്ടുന്നില്ല. ഇന്നലെ കോണ്‍ഗ്രസ് നേതൃത്വം രാഷ്ട്രപതിയെ കണ്ട് നിവേദനം നടത്തിയവരും അഞ്ചുപേരെ തല്ലിക്കൊന്നതിനെക്കുറിച്ച് മിണ്ടുന്നില്ല. ചൂണ്ടിക്കാട്ടാന്‍ രാജ്യത്താകമാനം ഒട്ടനവധി സംഭവങ്ങളുണ്ട്. നമ്മുടെ കൊച്ചുകേരളത്തിലും സംഭവ പരമ്പരകള്‍ തന്നെയുണ്ട്. ഒരു സംഭവത്തില്‍ അവര്‍ മനുഷ്യാവകാശ ലംഘനം കാണുന്നു, പക്ഷേ സമാന സ്വഭാവമുള്ള മറ്റൊന്നില്‍ അത് കാണുന്നുമില്ല . അത്തരം മാനസികാവസ്ഥ മനുഷ്യാവകാശങ്ങളെ വളരെയധികം ബാധിക്കുന്നു. രാഷ്ട്രീയ കാഴ്ചപ്പാടിലൂടെ മനുഷ്യാവകാശത്തെ സമീപിക്കുമ്പോള്‍ മനുഷ്യാവകാശം എന്നത് വല്ലാത്ത വിഷമഘട്ടത്തിലാകും. അത്തരം തിരഞ്ഞെടുക്കപ്പെട്ട പെരുമാറ്റം ജനാധിപത്യത്തെയും ബാധിക്കുമെന്നതില്‍ സംശയമില്ല. കേരളത്തിലും എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും.
അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധു എന്ന യുവാവ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി മരണപ്പെട്ടത് മറക്കാനാവില്ലല്ലോ. മോഷണക്കുറ്റം ആരോപിക്കപ്പെട്ടാണ് 2018 ഫെബ്രുവരി 22ന് പകല്‍ 27 വയസ്സായ മധുവിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിക്കുകയും പോലീസിന് കൈമാറുകയും ചെയ്തത്. പോലീസ് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴി യുവാവ് മരണപ്പെട്ടു. മധു മാനസികാസ്വാസ്ഥ്യമുള്ളയാളായിരുന്നു. ഇയാളെ കൈകള്‍ ബന്ധിച്ച് മര്‍ദ്ദിക്കുകയും കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിക്കുകയും ചെയ്തതിന്റെ വീഡിയോ അക്രമികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇതോടെ സമൂഹത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു. എന്നാല്‍ മനുഷ്യാവകാശത്തിന്റെ പേരില്‍ വലിയ കോലാഹലമൊന്നും കണ്ടിട്ടില്ല. ഭൂമി ആവശ്യപ്പെട്ട് 2001 ല്‍ തിരുവനന്തപുരത്ത് കുടില്‍കെട്ടി സമരം നടത്തിയ ആദിവാസികള്‍ക്ക് അന്നത്തെ എ.കെ. ആന്റണി സര്‍ക്കാര്‍ ഭൂമി നല്‍കാം എന്നതടക്കമുള്ള കരാറുകള്‍ വെച്ചു. എന്നാല്‍, ഇതു പാലിക്കപ്പെട്ടില്ല. 2003 ജനുവരിയില്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങയിലെ സര്‍ക്കാര്‍ ഭൂമിയില്‍ ആദിവാസികള്‍ കുടില്‍കെട്ടി സമരം തുടങ്ങി. പിന്നീട് ഫലപ്രദമായ ചര്‍ച്ചകളോ തീരുമാനങ്ങളോ ഇക്കാര്യത്തിലുണ്ടായില്ല. 2003 ഫെബ്രുവരി 19നായിരുന്നു സമരക്കാര്‍ക്കു നേരെ പൊലീസ് വെടിവെച്ചത്. അതിനു രണ്ടുദിവസം മുമ്പുതന്നെ കലാപാന്തരീക്ഷത്തിലായിരുന്നു മുത്തങ്ങ. വെടിവെയ്പില്‍ ജോഗി എന്ന ആദിവാസി കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ വിനോദ് എന്ന പൊലീസുകാരനും കൊല്ലപ്പെട്ടു. മനുഷ്യാവകാശവാദികള്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചയാക്കിയതേയില്ല. രാഷ്ട്രപതിയെ കണ്ട കോണ്‍ഗ്രസ് നേതാക്കളും കര്‍ഷകരുടെ പേരില്‍ മുതലക്കണ്ണീര് പൊഴിക്കുന്ന കമ്യൂണിസ്റ്റുകാരും മനുഷ്യാവകാശത്തെ രാഷ്ട്രീയ മുതലെടുപ്പിന് ആയുധമാക്കുന്നു. അതിന്റെ അപകടത്തെയാണ് പ്രധാനമന്ത്രി അന്യായമെന്ന് ചൂണ്ടിക്കാട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: