കൊച്ചി: കുട്ടി ഡ്രൈവര്‍മാരുടെ അഭ്യാസ പ്രകടനങ്ങള്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നതോടെ സ്‌പെഷ്യല്‍ ഡ്രൈവിനൊരുങ്ങുകയാണ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ ഉള്‍പ്പെടെ ഏഴ് സ്‌കൂളുകളിലെ 10, 12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ വാഹനം ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
പഠിക്കാന്‍ പോകുന്ന സ്ഥാപനങ്ങളില്‍ കുട്ടികള്‍ വണ്ടി കൊണ്ടുപോകുന്നത് പതിവായി മാറുകയാണ്. അടുത്തുള്ള വീടുകളിലും കടകള്‍ക്ക് സമീപവുമാണ് ഇവര്‍ വാഹനങ്ങള്‍ സൂക്ഷിക്കാന്‍ വയ്‌ക്കുന്നത്. പലപ്പോഴും വീട്ടുടമകള്‍ക്ക് വാഹനം സൂക്ഷിക്കാന്‍ പണം നല്‍കാറുണ്ടെന്നും വിവരമുണ്ട്. കൊവിഡ് പടര്‍ന്ന സാഹചര്യത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈനിയിലേക്ക് മാറ്റിയതോടെ നിരവധി വിദ്യാര്‍ഥികള്‍ ഡ്രൈവിങ് പഠിച്ചു.
പ്രധാനമായും സ്‌കൂളുകള്‍ക്ക് സമീപമാണ് പരിശോധന കര്‍ശനമാക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചി കളമശേരിയിലുണ്ടായ വാഹനാപകടത്തില്‍ അമിതവേഗം മൂലം 16 വയസ്സുള്ള കുട്ടി മരിച്ചിരുന്നു. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് കഴിഞ്ഞദിവസം ജില്ലയില്‍ രണ്ട് കുട്ടികളെ പോലീസ് പിടികൂടി. കുട്ടികള്‍ക്ക് ശാരീരിക ക്ഷമതയുണ്ടെങ്കിലും അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് ധാരണയില്ല. അപകടത്തില്‍പ്പെട്ടാല്‍ ഭൂരിഭാഗം പേരും അമിതവേഗത്തില്‍ വാഹനമോടിച്ച് പോകുകയാണ് പതിവെന്നും പോലീസ് പറയുന്നു. ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും സഹകരിക്കേണ്ടതുണ്ട്. കുട്ടികള്‍ വാഹനങ്ങളില്‍ സ്‌കൂളുകളില്‍ എത്തുന്നത് പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി കടയുടമകളുടെ സഹായവും പോലീസിന് സഹായകമാകുന്നുണ്ട്. സിസിടിവികള്‍ പരിശോധിച്ച് കുട്ടിഡ്രൈവര്‍മാരെ കണ്ടെത്താനുള്ള തയാറെടുപ്പിലാണ് പോലീസ്. നിയമങ്ങള്‍ പാലിക്കാതെയുള്ള ഡ്രൈവിങ് പൊതുജനങ്ങളിലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പലരും പരാതികള്‍ പറയുന്നുണ്ടെന്നും പോലീസ് പറയുന്നു. മോട്ടോര്‍ വോഹിക്കിള്‍ ആക്ട് പ്രകാരം ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ മാതാപിതാക്കള്‍ക്കോ വാഹനയുടമയ്‌ക്കെതിരെയോ കേസെടുക്കാം. മൂന്ന് വര്‍ഷം തടവും 25000 രൂപയുമാണ് പിഴ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: