ന്യൂദല്‍ഹി: കര്‍ണ്ണാടകത്തിലെ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഡി.കെ. ശിവകുമാറിന്റെ അഴിമതിയെക്കുറിച്ച് പരദൂഷണം നടത്തുന്ന വീഡിയോ പുറത്ത്. ഈ വീഡിയോ ബിജെപി ഐടി സെല്‍ ചുമതലയുള്ള അമിത് മാളവ്യയാണ് ഒരു ട്വീറ്റിലൂടെ പുറത്ത് വിട്ടത്.
കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് മുന്‍ എംപി വി.എസ്. ഉഗ്രപ്പയും കോണ്‍ഗ്രസിന്റെ മീഡിയ കോഓര്‍ഡിനേറ്റര്‍ സലിമുമാണ് ഈ പരദൂഷണം നടത്തുന്നത്. ഇ സംഭാഷണം റെക്കോഡ് ചെയ്യപ്പെടുന്നു എന്നറിയാതെയാണ് ഇവര്‍ ഇരുവരും സ്വകാര്യമായി ഡി.കെ. ശിവകുമാര്‍ നടത്തിയ അഴിമതിയെക്കുറിച്ച് സംസാരിക്കുന്നത്. ഒരു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് തൊട്ട് മുന്‍പായിരുന്നു ഇരുവരുടെയും സംസാരം. ഡി.കെ. ശിവകുമാറും അദ്ദേഹത്തിന്റെ ഒരു സഹായിയും നടത്തുന്ന അഡ്ജസ്റ്റുമെന്റുകള്‍ (ആറ്-എട്ട് ശതമാനം മുതല്‍ 12 ശതമാനം വരെ) വഴി 50 മുതല്‍ 100 കോടി വരെ ഉണ്ടാക്കിയെന്നാണ് ഉഗ്രപ്പയും സലിമും രഹസ്യം പറയുന്നത്.
ശിവകുമാര്‍ ഒരു കുടിയനാണെന്നും ഇരുവരും പറയുന്നതും കേള്‍ക്കാം. ‘മുന്‍ കോണ്‍ഗ്രസ് എംപി വി.എസ്. ഉഗ്രപ്പയും കെപിസിസി മീഡിയ കോഓര്‍ഡിനേറ്റര്‍ സലിമും ചേര്‍ന്ന് കോണ്‍ഗ്രസ് പ്രസിഡന്റായ ഡി.കെ. ശിവകുമാര്‍ കൈക്കൂലി വാങ്ങുന്നതിനെക്കുറിച്ചാണ് പറയുന്നത്. ശിവകുമാറിന്റെ സഹായി 50 മുതല്‍ 100 കോടിയാണ് ഉണ്ടാക്കിയതെന്ന് പറയുന്നു… ശിവകുമാര്‍ മദ്യപിക്കുന്നതിനെക്കുറിച്ചും പറയുന്നു,’ – അമിത് മാളവ്യ എഴുതി.
എന്‍ഡിടിവി ഈ വീഡിയോയുടെ സത്യാവസ്ഥ സ്വതന്ത്രമായി പരിശോധിച്ച് വിലയിരുത്തിയിരുന്നു. ഇതേക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് വിവാദ വീഡിയോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: