അമ്പലപ്പുഴ: പാര്‍ട്ടി നേതാവിനെ കാണാതായ സംഭവത്തില്‍ സിപിഎം നേതൃത്വം തുടരുന്ന മൗനം അണികളില്‍ പ്രതിഷേധത്തിന് കാരണമാകുന്നു. തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ചു കമ്മിറ്റിയംഗമായ പൊരിയന്റെ പറമ്പില്‍ സജീവിനെ കാണാതായ സംഭവത്തിലാണ് സിപിഎമ്മില്‍ പൊട്ടിത്തെറിക്ക് കാരണമായത്. കഴിഞ്ഞ മാസം 29നാണ് മത്സ്യത്തൊഴിലാളിയായ സജീവിനെ കാണാതായത്. തൊട്ടടുത്ത ദിവസം പാര്‍ട്ടി ബ്രാഞ്ചു സമ്മേളനം നടക്കാനിരിക്കെ ഇദ്ദേഹത്തെ കാണാതായത് രാഷ്ട്രീയ വിവാദത്തിനും കാരണമായിരുന്നു. ഇതിനെത്തുടര്‍ന്ന് ബ്രാഞ്ച് സമ്മേളനം മാറ്റിവെക്കുകയും ചെയ്തിരുന്നു.
സംസ്ഥാന കമ്മറ്റിയംഗ പക്ഷക്കാരനായ ഇദ്ദേഹത്തെ തലേന്ന് രാത്രിയില്‍ മറു പക്ഷത്തെ ചില നേതാക്കള്‍ നേരിട്ടും ഫോണിലൂടെയും നിരന്തരം ബന്ധപ്പെട്ടിരുന്നു. സംസ്ഥാന കമ്മറ്റിയംഗത്തെ പിന്തുണയ്ക്കുന്ന നേതാവാണ് ഇവിടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി. സംസ്ഥാന കമ്മറ്റിയംഗത്തിന്റെ പക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനായി പുതുതായി സിപിഎമ്മില്‍ രൂപം കൊണ്ട ഗ്രൂപ്പ് ഇത് ആയുധമാക്കിയിട്ടുണ്ട്.
എംഎല്‍എക്കെതിരെ സജീവ് ഒരു കമ്മിറ്റിയില്‍ പരാമര്‍ശം നടത്തിയിരുന്നതായി പറയുന്നു. ഇതിനു പിന്നാലെയാണ് കാണാതായത്. പാര്‍ട്ടി നേതാവിനെ കാണാതായി രണ്ടാഴ്ച പിന്നിട്ടിട്ടും പാര്‍ട്ടി നേതൃത്വം മൗനം പാലിക്കുന്നതിനെതിരെയാണ്. അണികള്‍ രംഗത്തെത്തിയത്. ഇതിനിടെ ചോദ്യം ചെയ്യലിന്റെ പേരില്‍ മറ്റൊരു നേതാവായ മുരളിയെ പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന പരാതിയും പാര്‍ട്ടിയില്‍ വിവാദത്തിന് കാരണമായിട്ടുണ്ട്.
സ്വന്തം പാര്‍ട്ടി ഭരിക്കുമ്പോള്‍ നേതാക്കള്‍ക്ക് പോലീസ് മര്‍ദ്ദനമേറ്റതാണ് അണികളില്‍ പ്രതിഷേധത്തിന് കാരണമായത്.സജീവിനെ കാണാതായ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനും ആലോചനയുണ്ട്.ഏതാനും വര്‍ഷം മുന്‍പ് വിഭാഗീയതയെ തുടര്‍ന്ന് മറ്റൊരു പാര്‍ട്ടി അംഗത്തെ ഇതു പോലെ കാണാതായ സംഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞ് ഇയാള്‍ തിരികെ വന്നിരുന്നു. പാര്‍ട്ടിയുടെ ബ്രാഞ്ച് സമ്മേളനത്തിന് രണ്ട് ദിവസം മുന്‍പായിരുന്നു ഇത്തരത്തില്‍ മറ്റൊരു പാര്‍ട്ടി സഖാവ് മുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: