തൃശ്ശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനെന്ന പേരില്‍ പണം വാങ്ങി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചതിക്കുകയായിരുന്നുവെന്ന് പത്മജ വേണുഗോപാല്‍. തോല്‍പ്പിക്കാന്‍ നേതാക്കള്‍ സംഘടിത ശ്രമം നടത്തിയെന്നും എഐസിസിക്കും കെപിസിസി അന്വേഷണ കമ്മീഷനും നല്കിയ പരാതിയില്‍ പത്മജ പറയുന്നു.
പ്രചാരണത്തിനായി പ്രിയങ്ക പങ്കെടുക്കുന്ന പരിപാടിയുടെ പേരിലും വന്‍ തുക തന്റെ പക്കല്‍ നിന്ന് നേതാക്കള്‍ തട്ടി. സ്ഥാനാര്‍ഥിയായിരുന്ന തന്നെ പ്രിയങ്കയുടെ റോഡ് ഷോയില്‍ അവര്‍ക്കൊപ്പം വാഹനത്തില്‍ കയറ്റാന്‍ പോലും ഈ നേതാക്കള്‍ അനുവദിച്ചില്ല. ടി.എന്‍. പ്രതാപന് എംപി, മുന്‍ ഡിസിസി പ്രസിഡന്റ് എം.പി. വിന്‍സെന്റ് എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് പത്മജ പരാതി നല്‍കിയത്. ഇവര്‍ക്ക് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ടി.എന്‍. പ്രതാപനെതിരെയാണ് പത്മജയുടെ പ്രധാന പരാതി. 2016 ലെ തോല്‍വിക്ക് ശേഷവും അഞ്ച് വര്‍ഷം തൃശ്ശൂരില്‍ തന്നെ തുടര്‍ന്ന തനിക്ക് ഇടതുപക്ഷ വോട്ടുകള്‍ വരെ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിലെ ഏതാനും നേതാക്കള്‍ ചതിക്കുകയായിരുന്നെന്നും പത്മജ പരാതിയില്‍ പറയുന്നു. ഇതിന് പുറമേ ജില്ലയിലെ മറ്റ് നിയോജകമണ്ഡലങ്ങളിലെ തോല്‍വിക്ക് ആറ് നേതാക്കള്‍ക്കും കെപിസിസി നോട്ടീസ് നല്‍കിയിട്ടുണ്ട്.
കെപിസിസി സെക്രട്ടറിമാരായ സി.എസ്. ശ്രീനിവാസന്, ടി.യു. രാധാകൃഷ്ണന്, ഷാജി കോടങ്കണ്ടത്ത്, എ. പ്രസാദ്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സുന്ദരന്‍ കുന്നത്തുള്ളി, എം.എല്‍. ബേബി എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. കനത്ത തോല്‍വിയായിരുന്നു നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലയില്‍ നേരിട്ടത്. പതിമൂന്നില്‍ പന്ത്രണ്ടിടത്തും തോറ്റു. ലൈഫ് മിഷന് വിവാദത്തിന്റെ കേന്ദ്രമായ വടക്കാഞ്ചേരി സിറ്റിങ് സീറ്റായിട്ടും ഇവിടെ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: