കണ്ണൂര്‍ : സിപിഎം സംസ്ഥാന നേതാക്കളായ പി. ജയരാജന്, ടി.വി. രാജേഷ് എന്നിവരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടു. 12 ലീഗ് പ്രവര്‍ത്തകരെയാണ് വെറുതെ വിട്ടത്. കണ്ണൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്.
2012 ഫെബ്രുവരി 20-നാണ് കണ്ണൂര്‍ അരിയില്‍ വച്ചു നടന്ന വധശ്രമ കേസിലെ പ്രതികളെയാണ് വെറുതെ വിട്ടത്. പ്രായപൂര്‍ത്തിയാവാത്ത ഒരാളടക്കം 12 പേരായിരുന്നു പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. മുസ്ലീംലീഗിന്റെ ശക്തികേന്ദ്രമായ അരിയില്‍ പ്രദേശത്തൂടെ ജയരാജന് കടന്നു പോകുമ്പോള്‍ ആണ് കാറിന് നേരെ ആക്രമണമുണ്ടായത്.
അക്രമം നടക്കുമ്പോള്‍ പി. ജയരാജന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെടാന്‍ കാരണമായ അക്രമസംഭവം എന്ന നിലയിലാണ് ഈ കേസ് കൂടുതലായി മാധ്യമശ്രദ്ധ നേടിയത്. വാളും കല്ലും ഉപയോഗിച്ച് ജയരാജന് സഞ്ചരിച്ച കാര്‍ ആക്രമിച്ച മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൊല്ലപ്പെടുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്.
കേസില്‍ അന്‍സാര്‍ ഹനീഫ, സുഹൈല്‍ അഷ്റഫ്, അനസ് റൗഫ്, സക്കറിയ്യ, ഷമ്മാദ്, യഹിയ, സജീര്‍, നൗഷാദ് ഉള്‍പ്പെടയുള്ളവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. സിപിഎം നോതാക്കള്‍ക്കെതിരെ ഇത്തരത്തില്‍ ഒരു ആക്രമണം ഉണ്ടായിട്ടില്ല, രേഖകള്‍ യഥാര്‍ത്ഥമല്ലെന്നുമായിരുന്നു പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ വാദിച്ചത്. കേസുമായി ബന്ധപ്പെട്ട് കണ്ടെടുത്ത ആയുധങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: