ആലപ്പുഴ: നെടുമുടിവേണുവിന്റെ അഭിനയം കണ്ട് ആശ്ചര്യപ്പെട്ട അഭിനയ ചക്രവര്‍ത്തിയായ തമിഴ് നടന് ശിവാജിഗണേശന് ഒരിക്കല്‍ നെടുമുടി വേണുവിനോട് പറഞ്ഞു നിങ്ങള്‍ നെടുമുടിയല്ല കൊടുമുടിവേണുവാണ്. നിങ്ങള്‍ സിനിമാ ലോകത്ത് എന്നും തല ഉയര്‍ത്തി തന്നെ നില്ക്കും. ശിവാജി ഗണേശനില്‍ നിന്ന് ഇങ്ങനെ അഭിനന്ദനം ഏറ്റുവാങ്ങിയ ഒരുനടന് എങ്ങനെ തിളങ്ങാതിരിക്കുമെന്ന് സുഹൃത്തും ഗാനരചയിതാവുമായ ആലപ്പുഴ മധു അനുസ്മരിച്ചു.
അന്പത്തിയഞ്ചു കൊല്ലത്തെ പരിചയമാണ് താനും വേണുവും തമ്മിലുണ്ടായിരുന്നത്. ആലപ്പുഴ എസ്ഡി കോളജില്‍ ഫാസിലും, താനും, വേണുവും ഒന്നിച്ച് പഠിക്കുകയും കലാപരിപാടികളില്‍ സഹകരിക്കുകയും ചെയ്തിരുന്നു. ഒരു വേള സൂപ്പര്‍ താരമായി തിളങ്ങിയ വേണുവിന് ഏത് വേഷവും വഴങ്ങുമായിരുന്നു. പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിലെല്ലാം വേണു അഭിനയിച്ചു. മലയാളികള്‍ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയ വേണുവിന്റെ സിംഹാസനം മലയാള സിനിമ ഉള്ളിടത്തോളംകാലം ഒഴിഞ്ഞുകിടക്കും.
വേണുവിനെ അടുത്തിടെ വിളിച്ചിരുന്നു. നെടുമുടിയിലെ പുളിക്കല്‍ ക്ഷേത്രത്തില്‍ ചെന്നപ്പോള്‍ അവിടെ നിന്നാണ് വിളിച്ചത്. ഒരു സംഗീത പരിപാടി മനസില്‍ ഉണ്ടെന്നും അതിന് താന്‍ കൂടെ ഉണ്ടാകണമെന്നും വേണു പറഞ്ഞു. കൊവിഡ് കഴിഞ്ഞ് വിശ്രമത്തിലാണ്, അത് കഴിഞ്ഞിട്ട് കാണാമെന്നും പറഞ്ഞു. ആ ആഗ്രഹം സാധിക്കാതെയാണ് വേണു വിട്ടുപിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: