ജയഹരി കാവാലം
വ്യാഴവട്ടമെങ്കിലും മുമ്പാണ്. മധ്യവേനല്‍ അവധിക്ക്, കാവാലം നാരായണപ്പണിക്കര്‍, സോപാനം കളരിയിലെ കലാകാരന്മാരുമായി ജന്മനാട്ടിലെത്തി കുട്ടികള്‍ക്ക് നാടകം-നാടന്‍ കലകള്‍ പരിശീലിപ്പിക്കാന്‍ തുടങ്ങി; കുരുന്നുകൂട്ടം എന്ന് പേരുമിട്ടു. സ്വാഭാവികമായും കാവാലത്ത് നടക്കുന്ന പരിപാടിയില്‍, കാവാലം ശിഷ്യനായ നെടുമുടി വന്നു. സിനിമാ താരം നെടുമുടി വേണുവിനെ കുട്ടികള്‍ കാത്തിരുന്നു. വന്നപ്പോള്‍ അദ്ദേഹം അവരുടെ കൂട്ടുകാരനായി. അമ്മാവനായി, മുത്തച്ഛനായി, അവര്‍ക്കൊപ്പം അദ്ദേഹം ആടി, പാടി, ചെണ്ടകൊട്ടി, താളം പിടിച്ചു.
അന്ന് പതിനൊന്നു വയസുകാരനായിരുന്നു ഞാന്‍..
‘മര്‍മ്മതാളം കേട്ടിട്ടുണ്ടോ എന്ന ചോദിച്ച്, അസാധാരണമായ ആ താളം പിടിച്ചുകാണിച്ചു. ഒന്ന്, ഒന്ന് രണ്ട്, ഒന്ന്രണ്ട്മൂന്ന്, ഒന്ന്രണ്ട്മൂന്ന് നാല്… എന്നിങ്ങനെ പത്തുവരെയാണ് ക്രമം. എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല. അപ്പോള്‍ അദ്ദേഹം ഒന്നുമാറ്റിപ്പിടിച്ചു.
‘കാ, കാക്ക, കാക്കമ്മ, കാക്കമ്മച്ചി….’ ഞങ്ങള്‍ കുട്ടികള്‍ക്ക് രസിച്ചു. അപ്പോള്‍ അടുത്തത് ഞങ്ങളെക്കൊണ്ട് പറയിച്ചു… ‘തവളയെക്കൊണ്ട് താളം പിടിച്ചാട്ടെ….’ അപ്പോഴും ഞങ്ങള്‍ കുഴങ്ങി. അദ്ദേഹം തുടങ്ങിത്തന്നു… ‘മാ, മാക്രി, മാക്കാച്ചി, ആ മാക്കാച്ചി…’
അന്ന് പഠിച്ച മര്‍മ്മതാളം ഏത് ഉറക്കത്തിലും എത്ര സമയം വേണമെങ്കിലും തെറ്റാതെ പിടിക്കാന്‍ ഇന്നും കഴിയും. അങ്ങനെ പല കാവാലംപാട്ടുകളും ഞങ്ങള്‍ കുട്ടികള്‍ക്ക് താളമിട്ട് പഠിപ്പിച്ചുതന്നു. ഇന്നും കീ ബോര്‍ഡിനു മുന്നിലിരിക്കുമ്പോള്‍, ഒരു പാട്ടുവരി കമ്പോസ് ചെയ്യുമ്പോള്‍ ആ താളങ്ങള്‍ എപ്പോഴെങ്കിലുമൊക്കെ ഉള്ളില്‍ കടന്നുവരും. ആ ഓര്‍മകളും.
അതിനുമുമ്പത്തെ വര്‍ഷമാണ് ഡോ. അയ്യപ്പപ്പണിക്കരുടെ ‘ഹിമാലയന്‍’ എന്ന കവിത ഏകാഭിനയം നടത്താന്‍ കാവാലം നാരായണപ്പണിക്കര്‍ സാര്‍ എന്നെ നിശ്ചയിച്ചത്. ആ വര്‍ഷം മികച്ച നടനായി സമ്മാനം കിട്ടി. ഞങ്ങള്‍ കുട്ടികളെ അഭിനയം പഠിപ്പിക്കാന്‍ വേണുസാര്‍ ഇരുത്തി. സ്കൂളില്‍നിന്ന് മടങ്ങി വരുമ്പോള്‍ ഒരു മാവില്‍ നിറയെ മാങ്ങ. ഒരു കല്ലെറിഞ്ഞാന്‍ വീഴും. നിങ്ങള്‍ എങ്ങനെ അത് അഭിനയിക്കും. പലരും പലതും കാണിച്ചു. അദ്ദേഹം രസിച്ചു. പിന്നെ പറഞ്ഞു, ‘ആദ്യം മാങ്ങ കാണണം. കൊതിയുണ്ടെന്ന് കാണികള്‍ക്ക് തോന്നണം. അത് ആരും കാണാതെ എറിഞ്ഞിടണം. ആരെങ്കിലും പരിസരത്തെങ്ങാനും ഉണ്ടോ എന്ന് നോക്കണം. നല്ല കല്ല് കണ്ടെത്തണം. എറിയണം. പലവട്ടം എറിഞ്ഞാലേ വീഴൂ. വിയര്‍ക്കണം. ഒടുവില്‍ മാങ്ങ വീഴുമ്പോള്‍ ആഹ്ലാദ ശബ്ദം കേള്‍പ്പിച്ച് എടുത്തുകൊണ്ട് ഓടണം….’ അങ്ങനെ അഭിനയത്തിന്റെ സൂക്ഷ്മവശങ്ങള്‍ പറഞ്ഞുതന്ന് അത് ചെയ്തു കാണിച്ചുതന്നു. അങ്ങനെ ഒരുതാരം ഞങ്ങള്ക്കിടയിലിറങ്ങിവന്ന് എന്നെന്നേക്കുമായി അന്നേ മനസില്‍ കയറിയതാണ്. പില്ക്കാലത്ത് മുതിര്‍ന്നപ്പോള്‍ വേണുസാറിന്റെ ഓരോ കഥാപാത്രത്തിലും ഈ അഭിനയ ഘട്ടങ്ങള്‍ ഫ്രെയിമുകള്‍ ഫ്രെയിമുകളായി തോന്നുമായിരുന്നു.
നാടകക്യാമ്പില്‍, അദ്ദേഹംതന്നെ എഴുതി ചിട്ടപ്പെടുത്തിയ കൊട്ടാരം കളി ഞങ്ങള്‍ കുട്ടികള്‍ അവതരിപ്പിച്ചു. മുഴുവന്‍ രായ്ത്താരികളും കളരിച്ചുവടുകളും, അസാമാന്യ അഭിനയ നിമിഷങ്ങളും.
കാവാലം സാറിന്റെ ശതാഭിഷേകത്തിന് മുഴുവന്‍ ദിവസം അദ്ദേഹം കാവാലത്ത് ചാലയില്‍ തറവാട്ടില്‍ ഉണ്ടായി. സകല താളവാദ്യങ്ങളും വായിച്ച്, നാടന്‍ പാട്ടുകള്‍ പാടി നാട്ടുകാര്‍ക്കൊപ്പം ആഘോഷത്തില്‍ ചേര്‍ന്നു. അതിസാധാരണക്കാരനായി. അവിടെ യോഗവേദിയില്, നാടകമെന്ന പേരില്‍ എന്തൊക്കെയോ കാട്ടിക്കൂട്ടി നടന്നിരുന്നപ്പോള്‍ കണ്ടെത്തി തിരിച്ചറിഞ്ഞ്, നടനാക്കി, സിനിമയിലെത്തിച്ച കാവാലം ആശാന് എന്റെ സര്വസ്വമാണെന്ന് നാട്ടുകാരോട് നടത്തിയ പ്രഖ്യാപനം ആ വലിയ നടന്റെ വലിയ മനസു കാട്ടിത്തരികയായിരുന്നു.
കാവാലത്ത് നാരായണപ്പണിക്കരാശാന്റെ പമ്പയാറ്റുതീരത്തെ വീട്ടുമ്മറത്ത് ആശാനും വേണുസാറും ഗഹനമായെന്തോ ചര്‍ച്ച ചെയ്യുന്നു. വഴിപോകുന്ന ഒരു നാലുവയസുകാരി, അവളുടെ നിഷ്കളങ്കതയില്‍ വിളിച്ചു ചോദിച്ചു, ‘അങ്കിളേ ഒന്ന് ഉമ്മവച്ചോട്ടെ…’ ‘അതിനെന്താ വാ’ എന്ന മറുപടി. ചേര്‍ത്തുപിടിച്ച് ഒരു നീണ്ട ഉമ്മ… അങ്ങനെയൊക്കെയുമായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: