തപസ്യ മൂന്നു പതിറ്റാണ്ട് പിന്നിടുന്ന സജീവമായ കലാസാംസ്കാരിക സംഘടനയാണ്. ഇതിന്റെ പിന്നിലും മുന്നിലുമെല്ലാമുള്ളവര് അവരവരുടെ കര്‍മരംഗത്ത് മുദ്രപതിപ്പിച്ചവരാണ്. തിരുവനന്തപുരത്തെ ദൃശ്യവേദിയില്‍ സമയം കിട്ടുമ്പോഴൊക്കെ ഞാന്‍ കഥകളി കാണാന്‍ പോകാറുണ്ട്. പ്രൊഫ. സി.ജി. രാജഗോപാലന്‍ സാറും നാരായണക്കുറുപ്പ് സാറുമൊക്കെ എനിക്ക് അടുത്ത പരിചയക്കാരാണ്. ദൃശ്യവേദിയില്‍ ഞങ്ങളെല്ലാം ഒത്തുകൂടാറുണ്ട്. അവിടെ ഒത്തുചേരാന്‍ എനിക്ക് പ്രത്യേക താല്‍പ്പര്യമുണ്ട്. അത് ഒരു സത്സംഗമാണ്. എല്ലാ കലാരൂപങ്ങളെക്കുറിച്ചും സാമാന്യധാരണയുള്ളവരാണ് കഥകളി ആസ്വാദകര്‍. പിന്നെ ഏറെ ജീവിത പരിചയമുള്ള ധാരാളം പേര്… അവരുമായുള്ള ചര്‍ച്ചകളും ഒത്തുചേരലും അതുകൊണ്ടുതന്നെ എനിക്കിഷ്ടമാണ്.
തപസ്യയുടെ 31-ാം വാര്‍ഷികോത്സവം നടക്കുന്ന ഈ വേദി (തിരുവനന്തപുരം വിവേകാനന്ദ കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ട്) എനിക്ക് ഏറെ പ്രത്യേകതയുള്ളതാണ്. 36 കൊല്ലം മുന്‍പ് തിരുവനന്തപുരത്ത് ഒരു നാടകം ആദ്യമായി ഞാന്‍ അരങ്ങേറുന്നത് ഇവിടെയാണ്. ആ നാടകം ആദ്യമായും അവസാനമായും അവതരിപ്പിക്കപ്പെട്ടത് ഇവിടെയാണ്. പിന്നെ കവിതകള്‍ ഉറക്കെച്ചൊല്ലാനുള്ളതാണ് എന്ന് പഠിപ്പിച്ച ചൊല്‍ക്കാഴ്ചകള്‍ സജീവമായപ്പോള്‍ ഈ ഹാളില്‍ ഞങ്ങള്‍ ഒത്തുകൂടിയിട്ടുണ്ട്. അന്നൊരിക്കല്‍ അടൂരിന്റെ നേതൃത്വത്തില്‍ ഒരു ദൃശ്യശ്രാവ്യകല ഇവിടെ അവതരിപ്പിച്ചു. വിളക്കിന് തിരിനാളമല്ലാതെ ഒരു വെളിച്ചവും ഉണ്ടായിരുന്നില്ല. അന്നാണ് ഞാന്‍ കുഞ്ഞുണ്ണി മാഷിനെ ആദ്യമായി കാണുന്നത്. ഹാളിന്റെ നടുക്ക് ഉയരമുള്ള റേഡിയോ സ്റ്റാന്റിന്റെ മുകളിലേക്ക് ഞങ്ങള്‍ കുഞ്ഞുണ്ണി മാഷിനെ എടുത്തു പൊക്കിയിരുത്തി. അപ്പോള്‍ ഇരുട്ടില്‍ അന്തരീക്ഷത്തിലെന്നപോലെ കുഞ്ഞുണ്ണി മാഷ് ഇരുന്നു. അവിടെയിരുന്ന് ഉറക്കെച്ചൊല്ലി, ‘എനിക്ക് പൊക്കം കുറവാണെന്നെ പൊക്കാതിരിക്കുവിന്‍…’
ഈ വേദിയില്‍ തിരിഞ്ഞുനോക്കിയാല്‍ കാണുന്നത് എനിക്ക് പ്രിയപ്പെട്ട ഗോപിച്ചേട്ടന്റെ (ഭരത് ഗോപി) ചിത്രമാണ്. ഞാന്‍ കരുതുന്നത്, ഗോപിച്ചേട്ടന്റെ വിയോഗം മൂലം എനിക്കാണ് ഏറെ നഷ്ടമുണ്ടായത് എന്നാണ്. പരസ്പരം കണ്ണില്‍ നോക്കിയാല്‍ തന്നെ ഞങ്ങള്‍ക്ക് കാര്യം മനസ്സിലാകുമായിരുന്നു. അദ്ദേഹം എഴുതി സംവിധാനം ചെയ്ത നാടകത്തില്‍ എന്നെ വിളിച്ചുവരുത്തി അഭിനയിപ്പിച്ചിട്ടുണ്ട്. അനാരോഗ്യം മൂലം ഗോപിച്ചേട്ടന് വീണപ്പോള്‍ ഇല്ലാതായത് ഞങ്ങള്‍ക്കായി ഒരുക്കിയിരുന്ന ഒട്ടേറെ അവസരങ്ങളായിരുന്നു. ആ വീഴ്ച എന്റെ ജീവിതത്തിനേറ്റ വലിയ അടിയായിരുന്നു.
ഇവിടെ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്ന വിഷയങ്ങള്‍ വളരെ ഗഹനമാണ്. ഏതെങ്കിലും നാടിന് അതിന്റേതായ തനിമയുണ്ടെങ്കില്, അതില്‍ നാട് ഊറ്റംകൊള്ളുന്നുവെങ്കില് അതിനെ സംരക്ഷിച്ചു നിര്‍ത്തേണ്ടത് നാടിന്റെ ആവശ്യമാണ്. അത് നശിപ്പിക്കുവാനുള്ള ബോധപൂര്‍വ ശ്രമങ്ങള്‍ ദൂരവ്യാപകമായ കുഴപ്പങ്ങള്‍ സമൂഹത്തിന് വരുത്തിവയ്ക്കും. ഇപ്പോള്‍ നമ്മുടെ ടിവി ചാനലുകളിലൊക്കെ വന്നുകൊണ്ടിരിക്കുന്ന പാട്ടു മത്സരങ്ങളും ഡാന്‍സ് മത്സരങ്ങളുമൊക്കെ ഈ ശ്രമത്തിന്റെ ഭാഗങ്ങളാണ്. ഇതെല്ലാം നമ്മുടെ പുതുതലമുറയെ തെറ്റായ വഴിയിലേക്ക് നയിക്കുന്ന കാര്യങ്ങളാണ്.
ഇത്രയേറെ മലീമസമായ ഒരു കാലഘട്ടത്തില്‍ ഇതിനു മുന്‍പ് നമുക്ക് ജീവിക്കേണ്ടി വന്നിട്ടില്ല. ആശങ്കകള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കൂട്ടായിരുന്നു ചിന്തിച്ച് പരിഹാരം കാണേണ്ട നിലയിലേക്ക് അത് വളര്‍ന്നിരുന്നില്ല. ഏത് രംഗമെടുത്താലും എല്ലാം മലിനമായിരിക്കുന്നു. സിനിമയുടെ കാര്യം…. കലാരൂപമെന്ന് പറയാമോ എന്ന് സംശയമാണ്. അങ്ങനെ ചിന്തിക്കാന്‍ തന്നെ അറപ്പ് തോന്നിപ്പിക്കുന്ന കാലം. രാഷ്ട്രീയത്തെക്കുറിച്ച് പറയാനില്ല. രാഷ്ട്രത്തെ സേവിക്കാന്‍ സ്വയം സമര്‍പ്പിക്കുന്നുവെന്ന് പ്രതിജ്ഞയെടുത്തവരാണെന്ന് ഓര്‍ക്കണം.
ഞാന്‍ അഭിനയിച്ച എം. സുകുമാരന്റെ മാര്‍ഗം എന്ന സിനിമയുണ്ട്. വേണുകുമാരന്‍ നായര്‍ എന്ന മുന്‍ നക്സലൈറ്റിന്റെ വേഷമാണ്. ഇപ്പോള്‍ ട്യൂട്ടോറിയല്‍ കോളജ് നടത്തുന്നു. അയാളെ അയാളുടെ തന്നെ പഴയകാലം വേട്ടയാടുന്നു. മാനസിക രോഗത്തിനടിപ്പെട്ട അയാളോട് ഒരു കൊച്ചു പെണ്‍കുട്ടി ഒരു കഥ പറയുന്നുണ്ട്. ഒരു വലിയ കാട്. പക്ഷിമൃഗാദികള്‍ക്കെല്ലാം ആശ്രയമായിരുന്ന ആ കൊടുംകാട് കാട്ടുതീയില്‍പ്പെട്ടു. കത്തിയമരുന്ന കാടിനുള്ളില്‍നിന്ന് പറവകള്‍ ചിറകടിച്ചു പറന്നുപോയി. മൃഗങ്ങള്‍ സ്വയരക്ഷ തേടി പലായനം ചെയ്തു. കൂട്ടത്തിലുണ്ടായിരുന്ന ഒരു ചെറിയ കിളി മാത്രം അടുത്തുള്ള പുഴയിലേക്ക് താണിറങ്ങി മുങ്ങി നിവര്‍ന്ന് ആകാവുന്നത്ര ഉയരത്തില്‍ പറന്ന് കത്തിയാളുന്ന കാട്ടുതീയുടെ മുകളില്‍ ചിറകു കുടഞ്ഞു. ഒരു തവണയല്ല… ഒരുപാട് തവണ… ഇത് കണ്ടു കൗതുകം തോന്നിയ മഴയുടെ ദേവന് അവളോട് ചോദിച്ചു, നീ എന്താണ് ചെയ്യുന്നത്. നിന്റെ കുഞ്ഞിച്ചിറകിലെ വെള്ളംകൊണ്ട് ഈ കാട്ടുതീ അണയ്ക്കാനാവില്ല. മറ്റെല്ലാവരും രക്ഷപ്പെട്ടില്ലേ? ‘ഇതു ഞാന്‍ ചെയ്യേണ്ട കര്‍മം’ എന്നായിരുന്നു കിളിയുടെ മറുപടി.
നമ്മുടെ കാലത്തിന്, സമൂഹത്തിന്, സംസ്കാരത്തിനു മേല്‍ കാട്ടുതീയാളുകയാണ്. ഒരു കിളിയല്ല, കാവാലം പാടാറുള്ളതുപോലെ ഒരു കിളി ഇരുകിളി മുക്കിളി നാല്ക്കിളി കിളികിളി കിളികിളി… അങ്ങനെ ഒരായിരം കിളികള്‍ ഒന്നിച്ചു പുഴയില്‍ മുങ്ങി ഉയര്‍ന്ന് ചിറക് കുടയേണ്ട കാലമാണിത്. തപസ്യയുടെ ദൗത്യവും ചെയ്യേണ്ട കര്‍മവും അതാണെന്ന് ഞാന്‍ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: