കശ്മീര്‍ : കശ്മീരില്‍ ആക്രമണം നടത്തുന്ന ഭീകര്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കര്‍ശന നിര്‍ദേശത്തിനു പിന്നാലെ ശക്തമായ നടപടിയുമായി പ്രത്യേക സംഘം. കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ നാല് ഭീകരാക്രമണങ്ങളാണ് സാധാരണക്കാര്‍ക്ക് നേരെ നടന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷാ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനായി കേന്ദ്രത്തിന്റെ പ്രത്യേക സേനയെ കശ്മീരിലേക്ക് അയച്ചിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ അനന്ദ്നാഗ്, ബന്ദീപൂര എന്നിവടങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷസേന രണ്ടു ഭീകരരെ വധിച്ചു. അടുത്തിടെ കശ്മീരില്‍ അധ്യാപകരെ അടക്കം കൊന്ന സംഭവങ്ങളില്‍ പങ്കുള്ള ഇംതിയാസ് അഹമ്മദ് എന്ന ഭീകരനെ ബന്ദിപുരയില്‍ വച്ചും മറ്റൊരു ഭീകരനെ ആനന്ദ്നാഗ് ജില്ലയിലെ ഖാഗുണ്ടില്‍ വെച്ചുമാണ് ജമ്മു കശ്മീര്‍ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്ഒജി) വധിച്ചത്. പാകിസ്താന് ഭീകര സംഘടനയായ ലഷ്കര്‍-ഇ-തോയ്ബയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദ റെസിസ്റ്റന്റ് ഫോഴ്സ് (ടി ആര് എഫ്) എന്ന സംഘടനയിലെ അംഗമാണ് കൊല്ലപ്പെട്ട ഇംതിയാസ് അഹമ്മദ്. ആനന്ദ്നാഗിലെ ഖാഗുണ്ടില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു.
അതേസമം, കശ്മീരില്‍ ഭീകര സംഘടനകള്‍ക്ക് സഹായം നല്കുന്നവര് പിടിയിലായി. ലഷ്കര്‍ ഇ തൊയ്ബ, ജയ്ഷെ മുഹമ്മദ്, അല്‍ ബദര്‍, ദ റസിസ്റ്റന്റ് ഫ്രണ്ട് തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് താഴേത്തട്ടില്‍ സഹായം നല്കുന്ന 900ല്‍ അധികം പേരാണ് പിടിയിലായത് . ജമ്മു കശ്മീര്‍ പൊലീസാണ് ഇവരെ പിടികൂടിയതെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. ഭീകരര്‍ക്ക് ആയുധങ്ങളും മറ്റ് ഉപകരണങ്ങളും എത്തിച്ചുനല്‍കുന്ന ഗ്രൗണ്ട് വര്‍ക്കേഴ്സാണ് പിടിടിയിലായത്. കശ്മീരിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണമുണ്ടായ സാഹചര്യത്തിലാണ് നടപടി. കശ്മീര്‍ താഴ്വരയിലെ ഏറ്റവും വലിയ പൊലീസ് നടപടിയാണിതെന്ന് ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി
പിടിയിലായവരെല്ലാം വിവിധ അന്വേഷണ ഏജന്‍സികളുടെ സംയുക്ത ചോദ്യം ചെയ്യലിലാണെന്നും ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ക്ക് പിന്നിലെ പ്രവര്‍ത്തന മാതൃക മനസ്സിലാക്കാനാണ് ശ്രമിക്കുന്നതെന്നും വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്ഥാന് ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ലഷ്കര്‍-ഇ-തൊയ്ബയുടെ അനുബന്ധ സംഘടനയായ ടിആര്‍എഫ് അടുത്തിടെ ഇത്തരം കൂട്ടക്കൊലകള്‍ നടത്തുന്ന പ്രധാന ഭീകര സംഘടനയായി മാറിയിരുന്നു.
പ്രമുഖ കശ്മീരി പണ്ഡിറ്റ് വ്യവസായി മഖന്‍ ലാല്‍ ബിന്ദ്രൂവിന്റെയും മറ്റ് രണ്ട് സാധാരണക്കാരുടെയും മരണത്തിന്റെ ഉത്തരവാദിത്തം ടിആര്‍എഫ് ഏറ്റെടുത്തിരുന്നു. ബിന്ദ്രൂ മെഡിക്കേറ്റിന്റെ ഉടമയായ ബിന്ദ്രൂ (68) വിനെ ഈ ആഴ്ച ആദ്യം ഫാര്‍മസിയില്‍ വെച്ച് അക്രമിസംഘം വെടിവെച്ചുകൊല്ലുകയായിരുന്നു. ബിന്ദ്രൂവിനെ കൊലപ്പെടുത്തി ഏതാനും മിനിറ്റുകള്‍ക്ക് ശേഷം, ബിഹാറിലെ ഭഗല്‍പൂര്‍ സ്വദേശിയായ വീരേന്ദ്ര പാസ്വാന് എന്ന റോഡരികിലെ കച്ചവടക്കാരനെ തീവ്രവാദികള്‍ വെടിവെച്ചു കൊന്നു. ഏതാണ്ട് ഒരേ സമയം, വടക്കന്‍ കശ്മീരിലെ ബന്ദിപോറ ജില്ലയിലെ നായിദ്ഖായില്‍ പ്രാദേശിക ടാക്സി സ്റ്റാന്‍ഡ് പ്രസിഡന്റ് മുഹമ്മദ് ഷാഫി ലോണിനെ തീവ്രവാദികള്‍ വെടിവെച്ചു കൊന്നു.
സെപ്റ്റംബര്‍ 30 ന്, ശ്രീനഗറിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ രണ്ട് അധ്യാപകരെ തീവ്രവാദികള്‍ വെടിവെച്ചു കൊന്നിരുന്നു. പ്രദേശത്തെ ന്യൂനപക്ഷമായ സിഖ്, ഹിന്ദു വിഭാഗത്തില്പെടുന്നവരായിരുന്നു ഇവര്‍. ബുദ്ഗാം നിവാസിയായ സുപിന്ദര്‍ കൗര്‍ (46), ജമ്മുവിലെ ജാനിപൂര്‍ സ്വദേശി ദീപക് ചന്ദ് (39) എന്നിവരാണ് കൊല്ലപ്പെട്ടത്.. സംഭവം നടക്കുമ്പോള്‍ അവര്‍ രണ്ടുപേരും ശ്രീനഗറിലെ ഈദ്ഗാഹിലെ ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സംഘം ക്യാമ്പസിന് അകത്തായിരുന്നു. സെപ്റ്റംബര്‍ അവസാനത്തില്‍ തന്നെ ഏഴ് സാധാരണക്കാരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്. അവരില്‍ മൂന്ന് പേര് ഹിന്ദു, സിഖ് സമുദായങ്ങളില്‍ നിന്നുള്ളവരാണ്
കശ്മീരില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്താന് ആണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ നിരീക്ഷണം. അഫ്ഗാനില്‍ താലിബാന് അധികാരത്തിലേറിയതും പാകിസ്താന് ഐഎസ്ഐ മേധാവിയെ നിയമിച്ചതും കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: